Tuesday 21 June 2022 04:19 PM IST

ശ്രുതിസാന്ദ്രം ഈ ഇന്റീരിയർ... ആർക്കിടെക്ട് കൂടിയായ ശ്രുതി രാമചന്ദ്രൻ തന്നെയാണ് തേവരയിലെ ഫ്ലാറ്റിന്റെ ഇന്റീരിയർ ഒരുക്കിയത്

Sunitha Nair

Sr. Subeditor, Vanitha veedu

sruthy 2

ശ്രുതി ആദ്യസിനിമയിൽ അഭിനയിച്ചതിനു ശേഷമാണ് ബിരുദാനന്തര ബിരുദത്തിനായി ബാർസിലോണയിൽ പോകുന്നത്. തിരിച്ചെത്തി കൊച്ചി ആസാദി ആർക്കിടെക്ചർ കോളജിൽ അധ്യാപികയായി ജോലി നോക്കുമ്പോഴാണ് സിനിമയിൽ സജീവമാകുന്നത്. അതോടെ ജോലി വിട്ടു. ഇപ്പോൾ സുഹൃത്തുക്കൾ വീടൊരുക്കുമ്പോൾ അഭിപ്രായങ്ങളും നിർദേശങ്ങളുമൊക്കെ നൽകാറുണ്ട് എന്നുമാത്രം. ഒരു ഇന്റീരിയർ കൺസൽറ്റൻസി സ്ഥാപനം ശ്രുതിയുടെ സ്വപ്നങ്ങളിലുണ്ട്.

sruthy 1 ശ്രുതിയും ഫ്രാൻസിസും

സംവിധായകൻ ബിജോയ് നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള ഡ്യുപ്ലെ ഫ്ലാറ്റിലാണ് ശ്രുതിയും ഫ്രാൻസിസും താമസിക്കുന്നത്. ഇഷ്ടാനുസരണം മാറ്റാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയിരുന്നു. കായൽക്കാഴ്ചകൾക്കും വെളിച്ചത്തിനും തടസ്സമായിരുന്ന ഗ്രില്ലുകൾ എടുത്തു മാറ്റുകയാണ് ശ്രുതി ആദ്യം ചെയ്തത്. ബാൽക്കണിയിലേക്ക് ഫോൾഡിങ് വാതിലാക്കി. ബ‍‍ജറ്റിലൊതുങ്ങുന്ന മാറ്റങ്ങളേ വരുത്തിയുള്ളൂ. പ്രധാന വാതിലിലും അടുക്കളയിലുമെല്ലാം ശ്രുതിയുടെ ഇപ്പോഴത്തെ ഇഷ്ടനിറമായ പച്ച നൽകി.

sruthy 8 ലിവിങ് റൂം

‘‘സുഹൃത്തുക്കളായ ജോസഫും ജിനലും ഒരു ദിവസം വന്ന് നമുക്കെല്ലാർക്കും പെയിന്റ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ നാലു പേരും കൂടി പെയിന്റ് ചെയ്തു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആദ്യം വരച്ച പെയിന്റിങ്ങിനു മുകളിൽ ഞാനും ഫ്രാൻസിസും കൂടി പെയിന്റ് ചെയ്തു. ലോക്ഡൗൺ കാലത്ത് അതിനു മുകളിലേക്ക് വീണ്ടും ഞാൻ പെയിന്റ് ചെയ്തു. ഇതിങ്ങിനെ മാറിക്കൊണ്ടേയിരിക്കണമെന്നതാണ് അവരുടെയും െഎഡിയ,’’ ലിവിങ്ങിലെ പെയിന്റിങ് ചൂണ്ടി ശ്രുതി പറയുന്നു.

sruthy 3 ലിവിങ് ഏരിയയും ബാൽക്കണിയും

ആർക്കിടെക്ചർ സഹപാഠിയായ അർച്ചന നരേന്ദ്രന്റെ പെയിന്റിങ്ങുകളാണ് ലിവിങ്–ഡൈനിങ് ഏരിയയുടെ ചുമരലങ്കരിക്കുന്നത്. ഫ്രാൻസിസിന്റെയും ശ്രുതിയുടെയും ഗൃഹാതുരമായ ഓർമകളും ഇഷ്ടങ്ങളും നിറയുന്ന സ്ഥലങ്ങൾ– ഡൽഹി, മുംബൈ, ഫോർട്കൊച്ചി എന്നിവിടങ്ങളുടെ സ്കെച്ചുകൾ ആണവ.

sruthy 5 ഫാമിലി ലിവിങ് സ്പേസും ബുക്ക് ഷെൽഫും

ഫ്രാൻസിസും ശ്രുതിയും നന്നായി പാചകം ചെയ്യുന്നവരാണ്. അതിനാൽ അടുക്കളയുടെ മേക്ക്ഓവർ ഇവർക്കു നിർബന്ധമായിരുന്നു.. അതും ദക്ഷിണേന്ത്യൻ രീതിയിൽ. ‘വിദേശരീതി അന്ധമായി അനുകരിക്കുന്നതാണ് കണ്ടുവരുന്നത്. ഉപയോഗിക്കാൻ തുടങ്ങുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാകുക.’’ ബ്രൗൺനിറം മാറ്റി വെള്ള–പച്ച കോംബിനേഷനിലാക്കിയപ്പോൾ കൂടുതൽ വെളിച്ചം വന്നു. സ്റ്റോറേജ് അധികമായി നൽകി; വാസ്തുവനുസരിച്ച് ഹോബ് കിഴക്കു വശത്താക്കി.

sruthy 7 ഡൈനിങ് സ്പേസ്

ഊണുമുറിയിലും കിടപ്പുമുറികളിലും അധികം മാറ്റം വരുത്തിയില്ല. ഫ്രാൻസിസിന്റെ മുത്തശ്ശന്റെയും ശ്രുതിയുടെ വീട്ടിലെയും ഫർണിച്ചർ പലതും റീഫർബിഷ് ചെയ്തെടുത്തു. എരൂരുള്ള ജിനീഷ് ആണ് പഴമ ചോരാതെ ഇവ പുതുക്കി നൽകിയത്.

sruthy 4 ലിവിങ് സ്പേസും ബാൽക്കണിയും

പരസ്യ ഏജൻസിയില്‍ ക്രിയേറ്റിവ് ഹെഡ് ആയ ഫ്രാൻസിസ് തിരക്കഥാകൃത്ത് കൂടിയാണ്. രണ്ടുപേരും ചേർന്നും തിരക്കഥകൾ തയാറാക്കാറുണ്ട്. അതിനെല്ലാമായി താഴത്തെ നിലയിലെ കിടപ്പുമുറി ഓഫിസ് റൂം ആക്കി. ജോർജ്, സൂസൻ എന്നീ ആർട്ടിസ്റ്റുകളുടെ പെയിന്റിങ്ങാണ് ഇവിടം മനോഹരമാക്കുന്നത്.

കാറ്റും വെളിച്ചവും വേണമെന്നതും കായൽക്കാഴ്ച ആസ്വദിക്കാൻ പറ്റണമെന്നതുമായിരുന്നു ഫ്രാൻസിസിന്റെ ആവശ്യങ്ങൾ. രണ്ടാളുടെയും ഇഷ്ടങ്ങൾ ഏറെക്കുറെ ഒന്നായതിനാൽ വീടൊരുക്കാൻ പ്രയാസമുണ്ടായില്ലെന്ന് ശ്രുതി. ബീറ്റിൽസ് പ്രേമിയായ ഫ്രാൻസിസിന്റെ ൈകവശമുണ്ടായിരുന്ന 12 വർഷം പഴക്കമുള്ള പോസ്റ്ററാണ് സ്റ്റെയറിന്റെ ചുമരിന് ഭംഗിയേകുന്നത്. മുകളിലെ ലിവിങ് റൂമാണ് ഫാമിലി ഏരിയ-കം- എന്റർടെയിൻമെന്റ് റൂം. സുഹൃത്തുക്കളും ‘നെയ്ത്ത്’ എന്ന ഡിസൈനർ റഗ്സ് ഉടമസ്ഥരുമായ ചേർത്തലയിലെ ശിവനും നിമിഷയുമാണ് ഇവിടത്തെ മനോഹരമായ റഗ്സിനു പിന്നിൽ. ഡച്ച് ആർട്ടിസ്റ്റിന്റെ പെയിന്റിങ് സന്നിവേശിപ്പിച്ച റഗ്ഗും ഇവിടെ കാണാം.

മുകളിലെ നിലയിൽ സുഹൃത്തുക്കളായ ദേവിക, നിധി എന്നിവർ നൽകിയ സമ്മാനങ്ങളാണ് അലങ്കാരമാകുന്നത്. കോർണർ സ്റ്റോൺ കൺസ്ട്രക്‌ഷൻസിലെ നജാഫ് ആണ് ഇവരുടെ ആശയങ്ങൾക്കനുസരിച്ച് വീട് ഒരുക്കിയത്.

sruthy 6 കിടപ്പുമുറി

ചെടികളും യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നു വാങ്ങിയ ചെറിയ സ്മാരകങ്ങളുമാണ് വീടലങ്കരിക്കുന്നത്. ഫ്രാൻസിസിന് ഇഷ്ടമായതിനാൽ പലയിടത്തും വിൻഡ്ചൈമുകൾ കാണാം. ഉപയോഗശൂന്യമായ സാധനങ്ങൾ കൊണ്ട് വിൻഡ്ചൈമും മറ്റും നിർമിക്കുന്നതായിരുന്നു ശ്രുതിയുടെ ലോക്ഡൗൺ ഹോബി. ശ്രുതിയുടെ അമ്മയുടെ ചെടികളാണ് ഇന്റീരിയറിന് ഹരിതാഭയേകുന്നത്. ശ്രുതിയും ഗാർഡനർ സർവേഷും ചേർന്നാണ് ബാൽക്കണിയിലെ പരീക്ഷണങ്ങൾ. സഹായത്തിനെത്തുന്ന ലിൻസി ചേച്ചിക്കാണ് വീട് വൃത്തിയായിരിക്കുന്നതിന്റെ പ്രധാന ക്രെഡിറ്റ് ശ്രുതി നൽകുന്നത്.

‘‘അഞ്ച് മാസമേ ആയുള്ളൂ ഇവിടേക്ക് എത്തിയിട്ട്. പക്ഷേ, ഇപ്പോൾ ഇവിടെനിന്ന് പുറത്തു പോവാൻ തോന്നാറേയില്ല. ഞങ്ങളെന്താണോ അതാണ് ഈ വീട്. അല്ലെങ്കിൽ ഈ വീടെന്താണോ അതാണ് ഞങ്ങൾ,’’ ശ്രുതിയുടെ ഈ വാക്കുകളിൽ എല്ലാമുണ്ട്. 

ചിത്രങ്ങൾ: ഹരികൃഷ്ണൻ

Tags:
  • Celebrity Homes