Thursday 25 August 2022 03:23 PM IST : By സ്വന്തം ലേഖകൻ

ആറര ലക്ഷവും 35 ദിവസവും! കടമില്ലാതെ വീടു പണിയാനുള്ള പാഠപുസ്തകമാണ് ഈ വീട്

kayamkulam 1

വീടു പണിതതിന്റെ പേരിൽ കടക്കെണിയിലാകരുത്. കുറേനാൾ വാടക വീട്ടിൽ താമസിച്ച ശേഷം ആശിച്ചു പണിയുന്ന വീട് കൊക്കിലൊതുങ്ങുന്നതാകണം എന്ന് ഗിരണും കൃഷ്ണേന്ദുവും തീരുമാനിക്കാൻ കാരണമിതാണ്. ആദ്യമൊക്കെ വീട് ചെറുതായിപ്പോകുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും താമസം തുടങ്ങിയതോടെ വിഷമമെല്ലാം മാറിയെന്ന് ഇരുവരും പറയുന്നു.

kayamkulam 2 ഹാളും ഡൈനിങ് സ്പേസും

സ്വന്തം ആവശ്യങ്ങളും കയ്യിലുള്ള പണവും മറ്റാരേക്കാളും നല്ലവണ്ണം അറിയാവുന്നത് ഗിരണിനും കൃഷ്ണേന്ദുവിനും തന്നെയായിരുന്നു. അതുകൊണ്ട് വീട് ഡിസൈൻ ചെയ്യാനും ഇരുവരും മുന്നിട്ടിറങ്ങി. വീട്ടുകാർ പറഞ്ഞ ആശയങ്ങൾക്കനുസരിച്ച് പരിചയത്തിലുള്ള ഡിസൈനർ പ്ലാൻ വരച്ചു നൽകുകയായിരുന്നു.

kayamkulam 3 കിടപ്പുമുറി

407 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. ഹാൾ, രണ്ട് കിടപ്പുമുറി, അടുക്കള, കോമൺ ബാത്റൂം എന്നിവയാണ് സൗകര്യങ്ങൾ. കായംകുളത്തിനു സമീപം ഗോവിന്ദമുട്ടത്തുള്ള 10 സെന്റിലാണ് വീട്.

പണിതുടങ്ങി പാലുകാച്ചൽ നടത്താൻ വെറും 35 ദിവസമേ വേണ്ടി വന്നുള്ളൂ. ഇതിൽ നാലഞ്ച് ദിവസം പണിയൊന്നും നടന്നില്ല. അപ്പോൾ വീടു പൂർത്തിയാകാനെടുത്തത് ഒരു മാസം മാത്രം.

kayamkulam 4 വാഷ് ഏരിയ

ഓരോ മേഖലയിലും വൈദഗ്ധ്യമുള്ള ജോലിക്കാരെ കണ്ടെത്തി കോൺട്രാക്ട് നൽകുന്ന രീതിയിലായിരുന്നു വീടുപണി. വെട്ടുകല്ലുകൊണ്ടാണ് അടിത്തറ. ഒറ്റദിവസംകൊണ്ട് ഇത് പൂർത്തിയായി. കായലിനോട് ചേർന്ന സ്ഥലമായതിനാൽ സാധാരണയിലേതിനേക്കാൾ പൊക്കം കൂട്ടിയാണ് അടിത്തറ പണിതത്. വീടിരിക്കുന്ന ഭാഗം മണ്ണിട്ട് അൽപം ഉയർത്തുകയും ചെയ്തു. മണ്ണിന് മാത്രം 40,000 രൂപ ചെലവായി.

സൂപ്പർഫാസ്റ്റ് വേഗത്തിലായിരുന്നു ചുമരുകെട്ടലും. രണ്ട് ദിവസംകൊണ്ട് ചുമര് മുഴുവൻ റെഡിയായി! ആറിഞ്ച് കനമുള്ള ഇന്റർലോക് മൺകട്ടയാണ് ചുമരുകെട്ടാൻ ഉപയോഗിച്ചത്. ചെങ്കല്ലിന്റെ പൊടിയും സിമന്റും ചേർത്ത് നിർമിക്കുന്ന ഇത്തരം കട്ടയ്ക്ക് നല്ല നിറവും ഫിനിഷിങ്ങുമുള്ളതിനാൽ ചുമര് പ്ലാസ്റ്റർ ചെയ്യേണ്ടി വന്നില്ല. കട്ട നിർമിക്കുന്ന തഴവയിലെ കമ്പനിയെത്തന്നെ ഭിത്തികെട്ടുന്ന ജോലി ഏൽപിച്ചു. കട്ടയൊന്നിന് 31 രൂപ വിലയും അഞ്ച് രൂപ പണിക്കൂലിയും എന്നതായിരുന്നു കരാർ. ആകെ 2500 കട്ട വേണ്ടിവന്നു.

kayamkulam 5 ട്രസ്സ് റൂഫിൽ ഓട് മേഞ്ഞിരിക്കുന്നു

ഭിത്തിക്കു മുകളിൽ ചരിഞ്ഞ ട്രസ്സ് റൂഫ് വരുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. കഴുകി വൃത്തിയാക്കി പെയിന്റടിച്ച പഴയ ഓടാണ് മേൽക്കൂരയിൽ വിരിച്ചത്. ഓട് എത്തിച്ചവരെതന്നെ ട്രസ്സ് നിർമിക്കുന്നതിന്റെയും ഓട് വിരിക്കുന്നതിന്റെയും ജോലി ഏൽപിച്ചു. തുരുമ്പിക്കാത്ത മികച്ച ഗുണനിലവാരമുള്ള ജിഐ പൈപ്പുകളാണ് ട്രസ്സ് നിർമിക്കാൻ ഉപയോഗിച്ചത്. അളവിനനുസരിച്ച് പൈപ്പ് മുറിക്കാൻ ഒരു ദിവസം, ട്രസ്സ് നിർമിക്കാൻ ഒരു ദിവസം, ഓട് മേയാൻ ഒരു ദിവസം. ആകെ മൂന്ന് ദിവസം കൊണ്ട് മേൽക്കൂരയുടെ ജോലികൾ പൂർത്തിയായി! 98,000 രൂപയായിരുന്നു ഇതിന്റെ ചെലവ്.

കായംകുളത്തിനടുത്ത് പുല്ലുകുളങ്ങരയിലെ പഴയതടി വിപണിയിൽ നിന്ന് വാങ്ങിയതാണ് വാതിലുകളും ജനലുകളും. വീട്ടുകാർ നേരിട്ടുപോയി ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുകയായിരുന്നു. 48,000 രൂപയ്ക്ക് വേണ്ടതെല്ലാം കിട്ടി.

kayamkulam 6 ഗിരണും കൃഷ്ണേന്ദുവും മകനോടൊപ്പം

എല്ലാകൂടി ആറര ലക്ഷം രൂപയാണ് വീടിനായി ചെലവായത്. ജൂൺ അഞ്ചിനായിരുന്നു പാലുകാച്ചൽ.‌ കടം വാങ്ങാതെ വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകം തന്നെയാണീ വീട്.

ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ

Tags:
  • Budget Homes
  • Architecture