Monday 24 April 2023 11:54 AM IST

ഇനിയൊരു ഫ്ലാറ്റോ വീടോ വാങ്ങിയാലും ഇത് കളയില്ല; വീടിനോടുള്ള അടുപ്പത്തെക്കുറിച്ച് കൃഷ്ണപ്രഭ

Sunitha Nair

Sr. Subeditor, Vanitha veedu

kris1

ഇടയ്ക്കിടയ്ക്ക് ഇന്റീരിയറിലെ ക്രമീകരണങ്ങൾ മാറ്റുക എന്നതൊരു ഹോബിയാണ്. 21 വർഷമായി ഇവിടെ താമസം തുടങ്ങിയിട്ട്. ഇനി വേറൊരു ഫ്ലാറ്റോ വീടോ വാങ്ങിയാലും ഇതൊരിക്കലും ഉപേക്ഷിക്കില്ല,’’ കൊച്ചി പനമ്പിള്ളി നഗറിലെ അപാർട്മെന്റിലിരുന്ന് കൃഷ്ണപ്രഭ പറയുന്നു. ഒരാഴ്ചത്തെ ഷൂട്ട് കഴിഞ്ഞ് അമ്മയും കൃഷ്ണപ്രഭയും വീട്ടിൽ തിരിച്ചെത്തിയതേയുള്ളൂ.

‘‘ചുറ്റും കടകൾ, എന്തു സാധനം വേണമെങ്കിലും റോഡിലേക്കിറങ്ങിയാൽ മതി, വരാനും പോകാനുമുള്ള എളുപ്പം ഇതെല്ലാം നോക്കുമ്പോൾ നല്ല സൗകര്യമാണ്. അതുകൊണ്ടാണ് ഇവിടം ഒരിക്കലും ഉപേക്ഷിക്കില്ല എന്നു പറഞ്ഞത്,’’ കൃഷ്ണപ്രഭ വ്യക്തമാക്കുന്നു.

kris2

അച്ഛന്റെ മരണശേഷമാണ് കൃഷ്ണപ്രഭയും അമ്മയും ചേട്ടനും ഇവിടേക്കു താമസം മാറുന്നത്. അതുവരെ തൃക്കാക്കരയിലെ വീട്ടിലായിരുന്നു താമസം.

‘‘10 വർഷം മുൻപാണ് ഞങ്ങൾ ഇതിന്റെ ഇന്റീരിയർ പുതുക്കുന്നത്. ഇവിടെ കൂടുതലും തടിപ്പണിയായിരുന്നു. ഫാമിലി ലിവിങ്ങിനൊപ്പം ബാൽക്കണി കൂട്ടിച്ചേർത്ത് വിശാലമാക്കി. ഒന്നാം നിലയിലായതിനാൽ ബാൽക്കണിയുടെ ആവശ്യമില്ല. ലിവിങ്ങും ഫാമിലി ലിവിങ്ങും ഒരൊറ്റ ഹാളാണ്. കോവിഡ് കാലത്ത് ഫാമിലി ലിവിങ്ങിനെ ഹോംതിയറ്റർ ആക്കി മാറ്റി.

അടുക്കള ഓപ്പൻ കിച്ചനാക്കി. അത് അമ്മയുടെ െഎഡിയയായിരുന്നു. ഞങ്ങൾ പ്രോഗ്രാമിന് വിദേശത്തു പോകുമ്പോൾ അവിടെയെല്ലാം ഓപ്പൻ കിച്ചനാണല്ലോ. അത് കണ്ടിഷ്ടപ്പെട്ട് അമ്മ ചെയ്യിച്ചതാണ്. 10 വർഷം മുൻപ് ഓപ്പൻ കിച്ചന് ഇവിടെ അത്രയും പ്രചാരമുണ്ടായിരുന്നില്ല. എനിക്കു കിട്ടിയ ട്രോഫികളും മെമന്റോയുമെല്ലാം വയ്ക്കാനായൊരിടം എന്നതും അമ്മയുടെ ആശയമായിരുന്നു. അതിനായി തട്ടുകൾ നൽകി ലൈറ്റും പിടിപ്പിച്ചു.

kris3

ചില ചുമരുകളിൽ വോൾപേപ്പർ ഒട്ടിച്ചു; നിറങ്ങൾ നൽകി ചില ചുമരുകൾ ഹൈലൈറ്റ് ചെയ്തു. ദിക്കനുസരിച്ച് ഓരോ നിറങ്ങൾ നല്ലതാണെന്നൊക്കെ പറയുമല്ലോ. ലിവിങ് റൂമിലെ ഭിത്തി വടക്കുവശത്താണ്. ഞാൻ ഗൂഗിൾ ചെയ്തു നോക്കി ഇവിടെ പച്ച നിറമാണ് നല്ലതെന്നു കണ്ടുപിടിച്ചു. പക്ഷേ, ‍ഞാനുദ്ദേശിച്ചത് ഇംഗ്ലിഷ് പച്ചയാണ്, ഈ പച്ചയല്ല. ഷൂട്ടിനു പോയി വന്നപ്പോഴേക്കും ഈ നിറമടിച്ചുവച്ചിട്ടുണ്ട്. പിന്നെന്തു ചെയ്യാൻ പറ്റും?

പ്രിയപ്പെട്ട ഇടം

ഹോം തിയറ്ററാണ് ഞങ്ങളുടെ ഇഷ്ടയിടം. ലോക്ഡൗൺ കാലത്ത് ഞങ്ങളുടെ ആശ്രയം ഇതായിരുന്നു. കൂട്ടുകാരെല്ലാം സിനിമ കാണാൻ ഇവിടെ വരുമായിരുന്നു. ടിക്കറ്റ് വച്ച് കയറ്റാമെന്ന് ഞങ്ങൾ തമാശ പറയുമായിരുന്നു. പണി കഴിഞ്ഞ വീട്ടിൽ എങ്ങനെയാണ് ഹോം തിയറ്റർ ചെയ്യുക എന്നെല്ലാവർക്കും സംശയമുണ്ട്. നമ്മുടെയൊക്കെ വീട്ടിൽ ഒഴിഞ്ഞു കിടക്കുന്ന ഭിത്തിയുണ്ടാവില്ലേ. അവിടെ സ്ക്രീൻ നൽകാം. സൗണ്ട് സിസ്റ്റം കൂടി സെറ്റ് ചെയ്താൽ ഹോം തിയറ്റർ റെഡി. മൂന്ന് ലക്ഷത്തിനാണ് ഇത് ചെയ്തത്. ഇതിലും കുറഞ്ഞ ചെലവിലും കൂടിയ ചെലവിലും ചെയ്യാം.

ഞാൻ ഒന്നിൽ പഠിക്കുമ്പോഴാണ് തൃക്കാക്കരയിലെ വീടിന്റെ പാലുകാച്ചൽ. അച്ഛൻ എച്ച്എംടിയിൽ എൻജിനീയറായിരുന്നു. അവിടുത്തെ ക്വാർട്ടേഴ്സിലായിരുന്നു ആദ്യം താമസം. പിന്നീട് സ്ഥലം വാങ്ങി വീടുവച്ചു. അവിടെ വച്ചാണ് ഞാൻ ജനിക്കുന്നത്. പിന്നീട് തൃക്കാക്കര അമ്പലത്തിനടുത്ത് വീട് വേണമെന്ന ആഗ്രഹത്തിലാണ് അവിടെ സ്ഥലം വാങ്ങി വീടുപണിയുന്നത്.

kris4

അത് ചരിവുള്ള സ്ഥലമായതിനാൽ റോഡിൽ നിന്ന് നോക്കിയാൽ രണ്ടു നിലയാണെങ്കിലും ഒറ്റ നിലയാണെന്നേ തോന്നൂ. പിന്നീട് അച്ഛൻ പതിയെപ്പതിയെ അതിൽ മുറികൾ കൂട്ടിയെടുത്ത് മൂന്ന് നിലയാക്കി. അവിടത്തെ അടുക്കളയൊക്കെ വളരെ വലുതാണ്. 40 സെന്റിലാണ് വീട്. പറമ്പിൽ കുളമൊക്കെ കുത്തിയിരുന്നു. വലിയ വീടായതിനാൽ പിന്നീട് കുറച്ചു ഭാഗം വാടകയ്ക്ക് കൊടുത്തു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. അതോടെ ആ വീട് മുഴുവനായി വാടകയ്ക്ക് കൊടുത്ത് ഞങ്ങള്‍ ഇങ്ങോട്ടു മാറി. ഇവിടെ ആറാം നിലയിൽ വാടകയ്ക്കാണ് ആദ്യം വന്നത്. ആറു മാസം കഴിഞ്ഞപ്പോൾ ഈ ഫ്ലാറ്റ് വാങ്ങി. ആട്ടുകട്ടിലടക്കം അവിടത്തെ പല ഫർണിച്ചറുമാണ് ഇവിടെയുള്ളത്. അച്ഛന്റെ പേരായ പ്രഭാകരനിൽ നിന്നാണ് ഫ്ലാറ്റിന് പ്രഭ എന്നു പേരിട്ടത്.

വേറെ വീട് വാങ്ങണം എന്നൊന്നും ആഗ്രഹം തോന്നിയിട്ടില്ല. ഒരുപക്ഷേ, തൃക്കാക്കരയിലെ വീടുള്ളതു കൊണ്ടാവാം. വലിയ വീടിന്റെ ബുദ്ധിമുട്ട് അറിയാവുന്നതുകൊണ്ട് എനിക്ക് ഒരുനില വീട് അല്ലെങ്കിൽ ഒരുനിലയിലെ പെന്റ് ഹൗസ് പോലെയുള്ള ഫ്ലാറ്റാണ് ഇഷ്ടം. എപ്പോഴും ഷൂട്ടിലായതിനാൽ സുരക്ഷിതത്വവും സൗകര്യവും പരിചരിക്കാന്‍ എളുപ്പവും ഫ്ലാറ്റ് ആണ്. ഇനി വാങ്ങിയാലും ഫ്ലാറ്റേ വാങ്ങൂ.

ഷൂട്ടിന് പോകുമ്പോൾ ചില വീടുകളിലെ ക്രമീകരണങ്ങൾ കാണുമ്പോൾ ഇഷ്ടം തോന്നാറുണ്ട്. വീടിന്റെ ഡിസൈനേക്കാൾ ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്ന രീതിയാണ് ആകർഷിക്കാറുള്ളത്. പരമ്പരാഗത ശൈലിയിലുള്ള വീടുകളോടാണ് ഇഷ്ടക്കൂടുതൽ,’’ കൃഷ്ണപ്രഭ പറഞ്ഞുനിർത്തുമ്പോൾ ‘പ്രഭ’യിൽ സായാഹ്നത്തിന്റെ ഭംഗി പരക്കുകയായി. 

ചിത്രങ്ങൾ: ഹരികൃഷ്ണൻ