Friday 30 September 2022 01:05 PM IST : By സ്വന്തം ലേഖകൻ

ഒത്ത നടുവിൽ കിണർ... അതു മൂടാതെ വീടുപണിയാൻ പോംവഴി ഒന്നു മാത്രമായിരുന്നു

ashok 2

പഴയ വീട് പൊളിച്ചുപണിയാൻ നേരം വീട്ടുകാർ എൻജിനീയറോട് ആവശ്യപ്പെട്ട ആദ്യ കാര്യം ഇതായിരുന്നു - ‘ഞങ്ങളുടെ കിണർ മൂടരുത്. അത് അതുപോലെ ഞങ്ങൾക്കു വേണം.’

ashok 1

പഴയ വീടിന് അടുത്തായി നിർമിച്ചതായതിനാൽ പ്ലോട്ടിന് ഒത്ത നടുവിലായാണ് കിണർ. അത് നിലനിർത്തി പുതിയ വീട് പണിയാൻ സ്ഥലം തികയില്ല. വീട് തീരെ ചെറുതാക്കേണ്ടി വരും.

ashok 3

ഒടുവിൽ എൻജിനീയർ അശോക് ചുരുളിക്കൽ ഒരു പോംവഴി കണ്ടു. കിണറിനെ ഉള്ളിലാക്കി വീട് നിർമിക്കുക. അശോകിന്റെ ഐഡിയ കേട്ടപ്പോൾ വീട്ടുകാർക്ക് നൂറു വട്ടം സമ്മതം. അങ്ങനെയാണ് വീടിനുള്ളിൽ കിണർ ഉള്ള ‘ജോയ്സ് വില്ല’ രൂപ്പപെടുന്നത്.

ashok 5

ഡൈനിങ് സ്പേസ്, അടുക്കള ഒരു കിടപ്പുമുറി എന്നിവ കിണറിനു മൂന്നു ചുറ്റുമായി വരുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. ഡൈനിങ് സ്പേസിൽ നിന്നും അടുക്കളയിൽ നിന്നും കിണറിന്റെ ഭാഗത്തേക്ക് ഇറങ്ങാം. നടുമുറ്റത്തിന്റെ രൂപത്തിലാണ് ഇവിടം ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ വീടിനുള്ളിൽ കാറ്റും വെളിച്ചവുമെല്ലാം എത്തിക്കാനും ഇവിടം ഉപകരിക്കുന്നു.

ashok 4

നല്ല ആഴമുള്ള കിണർ ആയതിനാൽ മണ്ണ് ഇടിയാനും മറ്റുമുള്ള സാധ്യത ഒഴിവാക്കാനായി പ്രത്യേക രീതിയിൽ പില്ലറും ബീമും നൽകി ഉറപ്പോടെയാണ് ഈ ഭാഗം നിർമിച്ചത്. വലിയ കിണർ ആയതിനാൽ മുകൾഭാഗം ചെറുതാക്കി സ്ഥലനഷ്ടം പരമാവധി കുറച്ചു.

ashok 6

3300 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. നാല് കിടപ്പുമുറിയും പൂജാമുറിയുമടക്കം സൗകര്യങ്ങളെല്ലാമുണ്ട്.

ashok 7

പഴയ വീട്ടിലെ പോലെ പുതിയ വീട്ടിലും ജോയിയും കുടുംബവും സന്തുഷ്ടരാണ്. വേനൽക്കാലത്ത് കുടിവെള്ളം മുട്ടുമെന്ന പേടി ഒട്ടുമേയില്ല. കിണറ്റിൻകരയിലെ നല്ല തണുത്ത കാറ്റ് വീടിനുള്ളിലെത്തുമെന്ന സന്തോഷവും ഇപ്പോൾ കൂട്ടിനുണ്ട്.

ഡിസൈൻ: അശോക് ചുരുളിക്കൽ, കൺസൽറ്റന്റ് എൻജിനീയർ, അശോക് അസോഷ്യേറ്റ്സ്, പന്തളം , ഫോൺ: 8547420526. വിസ്തീർണം: 3300 ചതുരശ്രയടി, സ്ഥലം: പന്തളം, ഉടമ: ടോൺ ജോയ് & സ്മിത സാറ തോമസ്, ജോയ്സ് വില്ല

Tags:
  • Architecture