Tuesday 27 September 2022 12:05 PM IST

യൂസഫലി ഹെലിപാഡിലെത്തി ഈ വീട് കാണാൻ; കാണാം കുടൽമന ഇല്ലത്തിന്റെ കാഴ്ചകൾ

Sona Thampi

Senior Editorial Coordinator

Illam1

ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി കോട്ടയത്ത് തന്റെ ഉദ്യോഗസ്ഥന്റെ ഗൃഹപ്രവേശത്തിന് ഹെലിപാഡിൽ വന്നിറങ്ങിയത് വാർത്തയായിരുന്നു. ആ വീടൊന്നു കാണാനാണ് പുതുപ്പള്ളിക്കടുത്ത് വെട്ടത്തുകവലയിലെ കുടൽമന ഇല്ലത്ത് എത്തിയത്.

illan2 ലിവിങ് ഏരിയ

പാരമ്പര്യ ആചാരങ്ങളെ പുതിയ കാലത്തിലേക്ക് മനോഹരമായി പകർത്തിയ കാഴ്ചയാണ് ഇവിടെ കാണാനാവുക. ലുലു ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ഡയറക്ടർ ആയി ജോലി ചെയ്യുന്ന പരമേശ്വരൻ നമ്പൂതിരിക്കും കുടുംബത്തിനും ഇല്ലത്തെത്തുമ്പോൾ പൂജകൾക്കും നാടൻശീലങ്ങൾക്കുമൊന്നും വ്യത്യാസമില്ല. ഇതു മനസ്സിൽ കണ്ടാണ് ആർക്കിടെക്ട് നീന കോര ജേക്കബ് ഇൗ ഇല്ലത്തിന്റെ ഒാരോ മുക്കും മൂലയും മെനഞ്ഞെടുത്തിരിക്കുന്നത്.

കാസർകോട് നിന്നുകൊണ്ടുവന്ന, 25 എംഎം കനമുള്ള വെട്ടുകല്ല്, കരിങ്കൽ മതിലിൽ ഒട്ടിച്ചപ്പോൾ പഴയ തറവാടുകളുടെ ഛായയായി. തക്കലയിൽ നിന്നുള്ള കൃഷ്ണശില പടിപ്പുരയ്ക്ക് കൈവരിയായി. പല സ്ഥലങ്ങളിൽ നിന്നുള്ള കൂപ്പുതേക്കിൽ കൊത്തുപണികളുടെ അകമ്പടിയോടെ പടിപ്പുരയിലും പാനലിങ്ങിലും സീലിങ്ങിലും തൂവാനത്തിലും തൂണിലും ജനൽ, വാതിലുകളിലുമെല്ലാം ആർക്കിടെക്ട് അദ്ഭുതം വിരിയിച്ചിരിക്കുന്നു.

illam 7 കോംപസ് ഡിസൈനിൽ തുളസിത്തറ, പരമേശ്വരൻ നന്പൂതിരിയും ഭാര്യ ആശയും മക്കളോടൊപ്പം

മൊത്തം പ്ലോട്ടിനെ രണ്ടായി തിരിച്ച് ചരിവുണ്ടാക്കി അതിൽ ഒരു ഭാഗത്താണ് വീട്. മറുഭാഗത്ത് പഴച്ചെടികൾ നട്ടിരിക്കുന്നു. പൂജകൾക്ക് ആവശ്യമായ നാടൻ പൂച്ചെടികളാണ് പുൽത്തകിടിക്ക് അതിരിടുന്നത്.

സാൻഡ്സ്റ്റോൺ, ഹാൻഡ്കട്ട് ഗ്രാനൈറ്റ്, ബെംഗളൂരു സ്റ്റോൺ എന്നിവ കോംപസ് ഡിസൈനിൽ പാകി അതിന്റെ ഒത്ത നടുക്കാണ് തുളസിത്തറ. കോബിൾ സ്റ്റോൺ കൊണ്ട് പൂക്കളമിട്ട പോലെയാണ് പോർച്ചിന്റെ തറ.

illam3 നടുമുറ്റം

7150 ചതുരശ്ര അടിയുള്ള വീടകത്തിന്റെ ഗാംഭീര്യം ഇറ്റാലിയൻ മാർബിളിൽ ചെയ്ത ഫ്ലോറിങ്ങും തേക്ക് കൊണ്ട് ചെയ്ത തടിപ്പണികളുമാണെന്ന് നിസ്സംശയം പറയാം. പടിപ്പുര തുറന്നിട്ടാൽ മുൻ‍വാതിലിലൂടെ നേരെ കാണുന്നത് അറയാണ്. ക്ഷേത്രകണക്കുകൾ പ്രകാരം ദേവസ്ഥാനം അനുസരിച്ചാണ് വീട് പണിതത്.

ലിവിങ്ങിലെ ചൂരലും തടിയും ചേർന്ന കസ്റ്റംമെയ്ഡ് ഫർണിച്ചറിലും പഴമയും പുതുമയും കൈകോർക്കുന്നു. യൂസഫ് ഭായി സമ്മാനിച്ച ഉപഹാരവും പ്രത്യേകം പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂറലിൽ ചെയ്ത അനന്തശയനവും ലിവിങ്ങിന് ഗാംഭീര്യമേകുന്നു.

illam4 ഡൈനിങ് റൂം

സീലിങ് വർക്കിലും ഉരുണ്ട തൂണുകളിലും ആർക്കിടെക്ടിന്റെ കലാപരത ദർശിക്കാം. നടുമുറ്റത്ത് കോബിൾ സ്റ്റോൺ പാകിയിരിക്കുന്നു. അതിനടിയിലെ വാട്ടർ ഹാർവസ്റ്റിങ് ടാങ്കിൽ ശേഖരിക്കുന്ന മഴവെള്ളം പുറത്തെത്തി ട്രീറ്റ് ചെയ്ത് അവിടെ സംഭരിക്കപ്പെടുന്നു. നടുമുറ്റത്തിന്റെ ഒരു വശത്ത് പൂജാമുറിയും മറുവശത്ത് അറയുമാണ്.

അറയ്ക്കു താഴെയായി പുതിയ രീതിയിൽ നിലവറ വരെ ഒരുക്കി. നടുമുറ്റത്തിന്റെ ഒരു വശത്തുനിന്ന് തുടങ്ങുന്ന ഗോവണിയുടെ കൈവരിക്കും തേക്കിന്റെ പൂർണത. ഗോവണിയുടെ ഭിത്തിയിൽ ഒരു വലിയ മ്യൂറൽ വർക്. തീർത്തും പഴയ സമ്പ്രദായത്തിലുള്ള പാചകരീതികൾക്കായി അടുക്കളയിൽ നിന്നു കോരാവുന്ന പാകത്തിലൊരു കിണർ വരെ ഇവിടെ റെഡി.

illam5 കിടപ്പുമുറി

നടുമുറ്റവും ചുറ്റുമുള്ള ഭാഗങ്ങളും കഴിഞ്ഞാൽ ലിവിങ്, ഡൈനിങ്, അടുക്കള, കിടപ്പുമുറികൾ, ബാത്റും എന്നിവയെല്ലാം അത്യാധുനിക സൗകര്യങ്ങളോടു കൂടിയവയാണ്. ഡൈനിങ്ങിനും ലിവിങ്ങിനും സ്ലൈഡിങ്, ഫോൾഡിങ് വാതിലുകളുണ്ട്.

ഇത്രയും വലുപ്പമുള്ള വീട്ടിൽ ഏറ്റവും വിസ്താരമേറിയ ഇടമേതാണെന്നു ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട, ടെറസാണത്. വിശാലമായ ടെറസ് തന്നെ ഒരു പാർട്ടി ഹാൾ പോലെ ഉപയോഗിക്കാം. തിരിച്ചിറങ്ങുമ്പോൾ വീടിന്റെ പ്രൗഢിയേക്കാൾ നാടിന്റെ തനതു സൗന്ദര്യങ്ങൾ പുനഃസൃഷ്ടിക്കപ്പെടുന്നല്ലോ എന്ന സന്തോഷം ബാക്കി.

illam6 നടുമുറ്റത്തിന്റെ മുകൾഭാഗം

ചിത്രങ്ങൾ: ഷിജോ തോമസ്