Thursday 13 July 2023 04:28 PM IST

നന്നായി ഹോംവർക് ചെയ്താൽ വീട് ഇങ്ങനെയിരിക്കും. വീടു നിർമാണം വിജയകരമാക്കിയ അനുഭവത്തിലൂടെ...

Sreedevi

Sr. Subeditor, Vanitha veedu

dhruvam1

നന്നായി ഹോംവർക്ക് ചെയ്ത്, ഇങ്ങനെയിരിക്കണം ഞങ്ങളുടെ വീട് എന്ന കൃത്യമായ ധാരണയോടു കൂടിയെത്തുന്ന വീട്ടുകാരെയാകും ആർക്കിടെക്ടിന് താൽപര്യം. പ്ലാൻ പലതവണ മാറ്റിവരയ്ക്കുന്നതും നിർമാണം തുടങ്ങിയ ശേഷം പൊളിച്ചുമാറ്റുന്നതുമെല്ലാം ഒഴിവാക്കാൻ വീടിനെക്കുറിച്ചുള്ള വീട്ടുകാരുടെ പ്ലാനിങ് വളരെയധികം സഹായിക്കും. കോഴിക്കോട് പയ്യോളിയിലെ തബുവിന്റെയും രാജേഷിന്റെയും വീടിന്റെ പ്ലാൻ പെട്ടെന്നുതന്നെ അവസാനഘട്ടത്തിലെത്തിയതിനും തടസ്സങ്ങളൊന്നും കൂടാതെ നിർമാണം പൂർത്തിയായതിനും കാരണം വീട്ടുകാരുടെ സഹകരണമാണെന്ന് ആർക്കിടെക്ട് ജിതിൻ പറയുന്നു.

ട്രോപ്പിക്കൽ ശൈലിയിലുള്ള, അകത്ത് ധാരാളം പച്ചപ്പുള്ള വീട് വേണമെന്നായിരുന്നു രാജേഷിന്റെയും തബുവിന്റെയും ആഗ്രഹം. എന്നാൽ സ്ഥിരമായി നാട്ടിലില്ലാത്തതിനാൽ മെയിന്റനൻസ് കുറഞ്ഞ വിധത്തിലാകണം ക്രമീകരണങ്ങൾ, ഓപ്പൻ പ്ലാൻ ആകണം... ഇങ്ങനെ വീട്ടുകാരുടെ ആഗ്രഹങ്ങൾ എല്ലാം 3300 ചതുരശ്രയടിയിൽ ജിതിൻ കോർത്തിണക്കി.

dhruvam2

നന്നായി ലാൻഡ്സ്കേപ് ചെയ്യാൻ വീട് പരമാവധി പിറകിലേക്കു നീക്കിയാണ് പണിതത്. തെക്കോട്ടാണ് വീടിന്റെ ദർശനം. ആറ് മാസം നല്ല വെയിൽ അടിക്കുന്ന സിറ്റ്ഔട്ടിന് തണലേകാൻ ബാൽക്കണിയിൽ നിന്ന് കർട്ടൻ പ്ലാന്റ് പിടിപ്പിച്ചു. മുറ്റത്തു വച്ച മരങ്ങൾ വളർന്നാൽ വെയിൽ കാര്യമായ പ്രശ്നമാകില്ല.

ഓപ്പൻ പ്ലാൻ ആണ്. സ്വീകരണമുറിക്കും ഡൈനിങ്ങിനും ഇടയിൽ ഗോവണി കൊടുത്തതിനാൽ ഭിത്തിയുടെ സഹായമില്ലാതെത്തന്നെ അടുക്കളയിലേക്കും ഊണുമുറിയിലേക്കും സ്വകാര്യത കിട്ടി. സ്വീകരണമുറി, ഡൈനിങ്, അടുക്കള എന്നീ കോമൺ ഏരിയകളെ ഒരുമിച്ചും കിടപ്പുമുറികളെ മറ്റൊരു വശത്തേക്കു മാറ്റിയും ക്രമീകരിച്ചു.

dhruvam3

കോമൺ ഏരിയയിലെ എല്ലാ മുറികളിൽ നിന്നും കാഴ്ചയെത്തുന്ന വിധത്തിൽ കോർട്‌യാർഡ് ക്രമീകരിച്ചു. താഴത്തെയും മുകളിലെയും മുറികളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ഡബിൾഹൈറ്റ് ഉള്ള ഈ കോർട്‌യാർഡ് ആണ്. കോർട്‌യാർഡിനെ വിഭജിച്ചുകൊണ്ട് നീങ്ങുന്ന ഇടനാഴിയുടെ ഇരുവശത്തുമാണ് കിടപ്പുമുറികൾ. ഗോവണിയുടെ താഴെയും കിടപ്പുമുറിയുടെ ജനലിനോടു ചേർന്നുമെല്ലാം ഇരിപ്പിടങ്ങൾ ക്രമീകരിച്ചത് വീട്ടുകാരുടെ ആവശ്യപ്രകാരമാണ്.

dhruvam4

ക്രോസ് വെന്റിലേഷനും പ്രകാശവും നന്നായി ലഭിക്കുന്ന രീതിയിലാണ് ജനലുകളുടെയും ഓപ്പനിങ്ങുകളുടെയും ക്രമീകരണം. വൈകുന്നേരത്തെ ചൂട് കുറയ്ക്കാൻ പടിഞ്ഞാറു ഭാഗത്ത് ഓപ്പനിങ്ങുകൾ കുറച്ചു. ഗോവണിയുള്ള ഭിത്തിയിൽ മുഴുനീളൻ ജനലുകളാണ്. വീട് അടച്ചിടേണ്ടി വന്നാൽ അകത്ത് പൊടി കയറാതിരിക്കാൻ കോർ‌ട്‌‌യാർഡിനു മുകളിൽ സൺലിറ്റുകൾ മാത്രം കൊടുത്തു. ഡൈനിങ്ങിനോടു ചേർന്ന് പാഷ്യോ ഉണ്ട്. ഈ പാഷ്യോയിൽ ധാരാളം കാറ്റുകിട്ടുന്ന രീതിയിൽ ആ ഭാഗത്തുള്ള മരങ്ങൾ നിലനിർത്തി.

പരിപാലനം എളുപ്പമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഗോവണിയുടെ റെയിലിങ് ഉൾപ്പെടെ പല ഭാഗങ്ങളും മെറ്റൽ ഉപയോഗിച്ച് നിർമിച്ചു.

dhruvam5

Area: 3300 sqft Owner: രാജേഷ് & തബു Location: പയ്യോളി Design: ജെകെ ആർക്കിടെക്ട്സ്, കോഴിക്കോട് Email: ar.jithink@gmail.com