Tuesday 04 August 2020 04:33 PM IST

മയിലുകൾ വിരുന്നെത്തുന്ന പൂന്തോട്ടം. ഒപ്പം പച്ചക്കറിക്കൃഷിയും മീൻ കുളവും

Sunitha Nair

Sr. Subeditor, Vanitha veedu

1

വീട്ടുമുറ്റത്ത് ഭംഗിയുള്ള പൂന്തോട്ടം വേണമെന്ന് ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? എന്നാല്‍ അഴകുള്ള ഉദ്യാനം സ്വന്തമാക്കാന്‍ അധ്വാനം ആവശ്യമാണെന്നാണ് പാലക്കാട് മഞ്ഞളൂരുള്ള രഘുനന്ദനന്‍ മേനോന്റെ അഭിപ്രായം. ഏഴേക്കര്‍ സ്ഥലത്തെ തെങ്ങിന്‍ തോപ്പിനു നടുവില്‍ 28 സെന്റിലാണ് രഘുനന്ദനന്‍ 2300 ചതുരശ്രയടിയുള്ള വീടും പൂന്തോട്ടവും ഒരുക്കിയിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ ഗാര്‍ഡനില്‍ അധികവും ഓര്‍ക്കിഡുകളാണ്. തെച്ചി, ക്രോട്ടണ്‍സ്, ബൊഗെയ്ന്‍ വില്ല, പാം, മൊസാന്റ, മാരിഗോള്‍ഡ്, സൂര്യകാന്തി തുടങ്ങി മറ്റു ചെടികളും ഈ ഉദ്യാനത്തിലുണ്ട്. ചെറിയ കോണ്‍ക്രീറ്റ് കുളമുണ്ടാക്കി അതില്‍ താമരയും വളര്‍ത്തുന്നുണ്ട്.

4

ദിവസവും മൂന്നു മണിക്കൂര്‍ ഇവയുടെ പരിചരണത്തിനായി നീക്കിവയ്ക്കാറുണ്ട് ഇദ്ദേഹം. ചാണകം, ആട്ടിന്‍കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, വെര്‍മി കംപോസ്റ്റ് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കീടങ്ങളെ അകറ്റാന്‍ വേപ്പെണ്ണ മിശ്രിതം തളിക്കും. ചെടികളെ മറ്റാരെയും ഏല്‍പ്പിക്കാതെ സ്വയം നോക്കണമെന്നതാണ് ഇദ്ദേഹം അനുഭവത്തില്‍ നിന്നു പകര്‍ന്നു നല്‍കുന്ന പാഠം.

'ദിവസവും നനയ്ക്കണം. വൈകുന്നേരങ്ങളിലാണ് നനയ്‌ക്കേണ്ടത്. ചട്ടിയില്‍ ഏറ്റവും താഴെ ഓടിന്റെ കഷണങ്ങള്‍ ഇടണം. വെള്ളം വാര്‍ന്നു പോകാനും മണ്ണ് അമര്‍ന്ന് കട്ടിയായിരിക്കാനും ഇത് സഹായിക്കും. അതിനു മീതെ ചകിരി , കരിക്കട്ട എന്നിവ. മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, കൊക്കോപിത് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ഇട്ട് ചെടി നടാം. ഓര്‍ക്കിഡ് നടാന്‍ ചകിരിയും കരിക്കട്ടയും മാത്രം മതി.' തുടക്കക്കാര്‍ക്ക് കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു രഘുനന്ദനന്‍.

6

വീട്ടിലേക്കാവശ്യമായ പച്ചക്കറി കൃഷിയും മത്സ്യക്കൃഷിയും ചെയ്യുന്നുണ്ട്. ഭാര്യ മാലതിയും പൂന്തോട്ട പരിചരണത്തില്‍ രഘുനന്ദനനെ സഹായിക്കുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൃഷി സംബന്ധമായ സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഇദ്ദേഹത്തിനു സന്തോഷമേയുള്ളൂ.

ഈ ഉദ്യാനത്തില്‍ സ്ഥിരമായി മയില്‍ വിരുന്നെത്താറുണ്ട്. ചെടികളും പൂക്കളും താമരക്കുളവും മീന്‍ കുളവും നൃത്തം വയ്ക്കുന്ന മയിലും .... ഈ വീടും ചുറ്റുപാടും സുന്ദരമായ ഒരു ചിത്രം പോലെ മനോഹരം !!

5