Wednesday 31 March 2021 04:58 PM IST

വിപണിയിൽ നിന്നും കിട്ടുന്നത് വിഷം, വീട്ടുമുറ്റത്തുള്ളപ്പോൾ കറിവേപ്പിലയ്ക്ക് എന്തിന് കാശുകൊടുക്കണം?

Sreedevi

Sr. Subeditor, Vanitha veedu

veg 1

ഏറ്റവുമധികം വിഷം മലയാളിയുടെ ശരീരത്തിൽ എത്തുന്നത് വിപണിയിൽനിന്നു വാങ്ങുന്ന കറിവേപ്പിലയിലൂടെയാണ് എന്ന് എല്ലാവർക്കും അറിയാം. വീട് ആയാലും ഫ്ലാറ്റ് ആയാലും ഒരു കറിവേപ്പിൻ തൈ ഉണ്ടായിരിക്കണം.നമ്മുടെ കാലാവസ്ഥയിൽ പെട്ടെന്ന് പിടിക്കും, പിടിച്ചു കഴിഞ്ഞാൽ പ്രത്യേക പരിചരണം വേണ്ട എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട് നമ്മുടെ പ്രിയപ്പെട്ട കറിവേപ്പിന്. കുരു നട്ടാണ് കറിവേപ്പിൻ തൈ ഉണ്ടാക്കുന്നത്. കറുത്ത നിറത്തിൽ പഴുത്തു പാകമായ കുരു, മണ്ണും കമ്പോസ്റ്റും ചേർത്തു പാകപ്പെടുത്തിയ മിശ്രിതത്തിൽ നടാം. മിതമായി നനച്ചുകൊടുക്കണം. ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും. രണ്ടോ മൂന്നോ തണ്ട് ഇല വരുന്നതുവരെ ഇളം വെയിലിൽ വയ്ക്കാം. അതിനു ശേഷം നേരിട്ട് മണ്ണിലോ ചെടിച്ചട്ടിയിലോ വളർത്താം. ചെടിയുടെ വേരിൽനിന്ന് പൊട്ടിക്കിളിർത്ത തൈകൾ നട്ടാൽ പിടിക്കാൻ സാധ്യത കുറവാണ്. നല്ല മഴക്കാലത്ത് കമ്പ് വച്ചാലും കറിവേപ്പ് പിടിക്കും.

കറിവേപ്പില പറിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇലകൾ ഉരിച്ചെടുക്കുക, തണ്ട് മാത്രം പൊട്ടിക്കുക, ശിഖരം വലിച്ചെടുക്കുക ഇതെല്ലാം അശാസ്ത്രീയമാണ്. പകരം ചെടിയുടെ തലപ്പ് കത്തിയോ കത്രികയോ കയ്യോ കൊണ്ട് മുറിച്ചെടുക്കാം. പിന്നീട് രണ്ട് തലപ്പായി ചെടി പൊട്ടിക്കിളിർക്കും. ചെടിയുടെ അടിയിൽ നേരിട്ട് സൂര്യപ്രകാശം തട്ടാതെ സംരക്ഷിക്കുന്നത് നല്ലതാണ്. വീട്ടാവശ്യത്തിനുള്ള കറിവേപ്പില എന്നും പോയി പറിക്കേണ്ടതില്ല. ഒരുമിച്ച് പറിച്ച്, തണ്ടിൽ നിന്നു വേർപെടുത്തി, കഴുകിത്തുടച്ച ഇലകൾ വായു കടക്കാത്ത പ്ലാസ്റ്റിക് പാത്രത്തിലോ സിപ് കവറിലോ ആക്കി ഫ്രിജിൽ വയ്ക്കാം. കഴുകിത്തുടച്ച കറിവേപ്പില പേപ്പർകവറിൽ സൂക്ഷിച്ചാലും കേടുകൂടാതെയിരിക്കും. ഫ്രിജിൽ വയ്ക്കാൻ കഴിയാത്തവർക്ക് തണലിൽ ഉണക്കിയോ മൈക്രോവേവ് ചെയ്തോ കറിവേപ്പില ദീർഘനാൾ സൂക്ഷിക്കാം.