Saturday 06 June 2020 02:17 PM IST

ഓ... ഇതാണോ എന്നുചോദിച്ച് ചെറുതാക്കേണ്ട; പൂന്തോട്ടം ഭംഗിയാക്കാൻ ഒന്നോ രണ്ടോ അരേലിയ മതി!

Sreedevi

Sr. Subeditor, Vanitha veedu

aralia

ഓ... ഈ ചെടിയാണോ എന്ന് ആരും ചോദിക്കും അരേലിയയെ കണ്ടാൽ. കാരണം പേര് അറിയില്ലെങ്കിലും നമുക്ക് അത്രയേറെ സുപരിചിതമാണ് അരേലിയയെ. നഴ്സറികൾ നമ്മുടെ നാട്ടിൽ ഇത്രയേറെ ഉണ്ടാകുന്നതിനു മുമ്പ് തന്നെ വീട്ടുമുറ്റത്ത് ഈ ചെടിയുണ്ടായിരുന്നു. ഇപ്പോൾ വീടിന്റെയും പൂന്തോട്ടത്തിന്റെയും വലുപ്പത്തിലും ഡിസൈനും അനുസരിച്ച് അരേലിയയുടെയും രൂപത്തിലും ഭാവത്തിലും വ്യത്യാസം വന്നിട്ടുണ്ട്.

ഇലച്ചെടിയാണ് അരേലിയ. അതായത് പൂക്കൾ ഇല്ല. വെള്ളം, പച്ച, കറുപ്പ്, വാരിഗേറ്റഡ എന്നിങ്ങനെ പല വ്യത്യസ്ത ഇനങ്ങൾ വിപണിയിൽ ഉണ്ട്. ആഗോള വിപണിയിൽ ഏകദേശം 70 വ്യത്യസ്ത ഇനം അരേലിയകൾ ഉണ്ട്. അതിൽ നല്ലൊരു ശതമാനം നമ്മുടെ നാട്ടിലും കിട്ടും. ഇളം പച്ച ഇലകളുള്ള ഗോൾഡൻ അരേലിയ, പച്ചയും വെള്ളയും ഇടകലർന്ന വാരിഗേറ്റഡ് ഇനങ്ങളാണ് നമ്മുടെ പൂന്തോട്ടത്തിൽ കൂടുതൽ കാണുന്നത്. 

കുറ്റിച്ചെടിയോ മരമോ ആയിത്തന്നെ വളരുന്ന വലിയ ചെടികൾ ആയിരുന്നു പണ്ട് ഇവിടെ കൂടുതൽ കണ്ടിരുന്നത്. ഇപ്പോൾ ഹൈബ്രിഡ് ഇനങ്ങളാണ് കൂടുതൽ. ബോൾ ആകൃതിയിൽ വെട്ടി ഭംഗിയാക്കി നിർത്താം. പൂന്തോട്ടത്തിന്റ അതിരായും ഈ ചെടിയെ മാറ്റാം. കുറച്ച് അധികം ചെടികൾ ഒരുമിച്ച് വയ്ക്കുന്നത് ഭംഗിയാണ്. ചട്ടിയിലോ മണ്ണിൽ നേരിട്ടോ നടാം. 

കമ്പുകൾ ആണ് പുതിയ ചെടികൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. നല്ല സൂര്യപ്രകാശം ഉണ്ടെങ്കിൽ ഭംഗിയായി നിൽക്കും. കൊക്കഡാമ അല്ലെങ്കിൽ മോസ് ബോൾ ഉണ്ടാക്കാൻ അനുയോജ്യമായ ചെടിയാണ് അരേലിയ. സാധാരണ ഗതിയിൽ മണ്ണും ചാണകപ്പൊടിയും കൊക്കോപിത്തും ചേർത്തുണ്ടാക്കുന്ന മിശ്രിതം ചട്ടിയിൽ നിറച്ച് നടാം. വലിയ പരിചരണം ആവശ്യമില്ല.

Tags:
  • Gardening
  • Vanitha Veedu