ഒരു കർഷകനാണ് കോഴിക്കോടുള്ള ഡോ. അബ്ദുൾ ലത്തീഫിന്റെ ചിന്തകളെ മാറ്റിമറിച്ചത്. മെഡിക്കൽ കോളജ് പോലും തള്ളിക്കളഞ്ഞ രോഗിയായാണ് അയാൾ ഡോ. ലത്തീഫിന്റെ ചിക്ത്‍സയ്ക്കെത്തിയത്. നെല്ലിന് അടിച്ച വിഷമായിരുന്നു അയാളുടെ രോഗകാരണം. ഡോ. ലത്തീഫിന്റെ മരുന്ന് രോഗം മാറ്റിയതോടെ അയാൾ വിചിത്രമായ ഒരാവശ്യം മുന്നോട്ടുവച്ചു. കീടനാശിനിയിൽനിന്ന് തന്നെ രക്ഷിച്ചതുപോലെ തന്റെ നെല്ലിനെയും രക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഒഴിഞ്ഞുമാറാൻ ഒരുപാടു ശ്രമിച്ചെങ്കിലും അയാൾ വിട്ടില്ല. ഒടുവിൽ ഗവേഷണം മരുന്നിലെത്തി. കീടങ്ങളെ വികർഷിച്ച് വിള സംരക്ഷിക്കാൻ കണ്ടെത്തിയ മരുന്ന് ഇന്ന് ചെടികളുടെ പല പ്രശ്നങ്ങൾക്കും പരിഹാരമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു.
തിരുവനന്തപുരത്തെ ഗവൺമെന്റ് ഹോമിയോപതിക്ക് മെഡിക്കൽ കോളജിലെ പ്രിൻസിപ്പാൾ സ്ഥാനത്തുനിന്ന് പിരിഞ്ഞ ഡോ. ലത്തീഫ് കണ്ടെത്തിയ ‘ഹോമിയോ അഗ്രോകെയർ’ എന്ന മരുന്ന് ചെടികളെ വരൾച്ചയെ നേരിടാനും പ്രാപ്തമാക്കുന്നു എന്നതാണ് വലിയ കണ്ടെത്തൽ. സാധാരണ രീതിയിൽ കൃഷിചെയ്യുമ്പോൾ ആവശ്യമായ വെള്ളത്തിന്റെ 70 % കുറവു മതി ഈ മരുന്ന് ഉപയോഗിക്കുമ്പോൾ എന്ന് ഡോക്ടർ അവകാശപ്പെടുന്നു. 40 % വളവും കുറവുമതി. മാത്രമല്ല, ചെടികൾക്ക് കൂടുതൽ നീളമുള്ള വേരുകൾ ഉണ്ടാകുന്നതും പച്ചക്കറികളുടെ ഷെൽഫ്‌ലൈഫ് കൂടുന്നതും പച്ചക്കറികൾ കൂടുതൽ ആരോഗ്യത്തോടെ കൂടുതൽ വലുപ്പത്തോടെ ലഭിക്കുന്നതുമെല്ലാം അഗ്രോകെയറിന്റെ ഗുങ്ങളാണ്.
കാർഷിക വിളകളെയും ചെടികളെയും ബാധിക്കുന്ന ഏതുതരം രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കാൻ ഈ മരുന്നിനു കഴിയുമെന്ന് ഡോ. ലത്തീഫ് അവകാശപ്പെടുന്നു. ഹോമിയോ മരുന്നിൽ അടങ്ങിയ നാനോ പാർട്ടിക്കിൾ ആണ് ഈ ഗുണങ്ങൾക്ക് ആധാരം. ചെടികളിൽ മരുന്ന് തളിക്കുമ്പോൾ ഉണ്ടാകുന്ന ആന്തോസയാനിൻ ആണ് കീടങ്ങളെ അകറ്റിനിർത്തുന്നത്. പച്ചക്കറി വിത്തുകൾ ഈ മരുന്നിൽ കുതിർത്തശേഷം നടുമ്പോൾ കീടങ്ങളുടെ ആക്രമണം കുറഞ്ഞ്, കൂടുതൽ ആരോഗ്യത്തോടെ ചെടികൾ വളർന്നുവരുന്നു. കീടങ്ങളെ മാത്രമല്ല, ഇടുക്കി, വയനാട് പോലുള്ള മലയോരമേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാനും ഈ മരുന്ന് സഹായിക്കുന്നതായി ഡോക്ടർ അവകാശപ്പെടുന്നു.
മണ്ണ് മലിനമാക്കിയതിന്റെ ഫലമായി കഠിനലോഹങ്ങളുടെ സാന്നിധ്യം കൂടിയിട്ടുണ്ടെന്ന് ഡോ. അബ്ദുൾ ലത്തീഫ് പറയുന്നു. ചെടികൾ ഈ ലോഹങ്ങൾ വലിച്ചെടുക്കുന്നു. പച്ചക്കറികളിലൂടെയും പലവ്യഞ്ജനങ്ങളിലൂടെയും മനുഷ്യശരീരത്തിലെത്തുന്ന കഠിനലോഹങ്ങൾ മാരക രോഗങ്ങൾക്കു കാരണമാകുന്നു. കൃഷി തുടങ്ങുന്നതിനു മുമ്പായി കഠിനലോഹങ്ങളെ വലിച്ചെടുക്കുന്ന കടുക്, ചീര തുടങ്ങിയ ചെടികൾ നട്ട് (അവ ഭക്ഷ്യയോഗ്യമല്ല) ആവശ്യമായ വിളനടാമെന്നാണ് ഡോ. ലത്തീഫിന്റെ കണ്ടെത്തൽ. കഠിനലോഹത്തിന്റെ സാന്നിധ്യം ഒഴിവാക്കാനും ഹോമിയോ മരുന്ന് അനുയോജ്യമാണ്.