Friday 11 September 2020 05:16 PM IST

ഭംഗി കൂടുതൽ മെയിന്റനൻസ് കുറവ്; കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം പേൾ ഗ്രാസ്

Sreedevi

Sr. Subeditor, Vanitha veedu

Ga1

നമ്മുടെ കാലാവസ്ഥയോട് യോജിക്കുന്ന ചെടികൾ എവിടെ കണ്ടാലും അത് ഉടനെ നമ്മുടെ നാട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കേരളത്തിലെ നഴ്സറിക്കാർ. പുൽത്തകിടിയിൽ ആണ് ഏറ്റവും ഒടുവിൽ ഇത്തരമൊരു പുതുമ വന്നെത്തിയിരിക്കുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച പുല്ലായ പേൾ ഗ്രാസ് ആണ് വിപണിയിലെ പുതുമുഖം. വെയിലിൽ മാത്രമല്ല തണലിലും നന്നായി വളരും എന്നതാണ് പേൾ ഗ്രാസിന്റെ പ്രത്യേകത.

Ga2

തണലിലും വളരുന്ന ബഫല്ലോ ഗ്രാസിന്റെ മിനിയേച്ചർ എന്ന് വിളിക്കാം പേൾ ഗ്രാസിനെ. എന്നാൽ ബഫല്ലോ ഗ്രാസിനേക്കാൾ പരിചരണം കുറവു മതി ഇതിന്. ചെറിയ ഇലകൾ ആണെന്നതിനാൽ നാലോ അഞ്ചോ മാസം കൂടുമ്പോൾ വെട്ടിയാൽ മതിയാകും. വെയിൽ കൂടുതൽ അടിച്ചാൽ ഇലകൾ മഞ്ഞ നിറമാവുകയും തണൽ കൂടിയാൽ ഇലകൾ ക്രമാതീതമായി വളരുകയും ചെയ്യുമെന്ന ബഫല്ലോ ഗ്രാസിന്റെ ദോഷം ഈ ചെടിക്ക് ഇല്ല. തണൽ കൂടുതൽ ഇഷ്ടമാണെങ്കിലും വെയിലിനോട് വെറുപ്പൊന്നുമില്ല പേൾ ഗ്രാസിന്. വെയിൽ കൊള്ളുന്ന ഭാഗം രണ്ടോ മൂന്നോ ദിവസത്തിൽ ഒരിക്കൽ നനയ്ക്കണം എന്നു മാത്രം. ഷേഡ് ഇഷ്ടമുള്ളതിനാൽ ഫ്രൂട്ട് ഗാർഡനുകളിലേക്ക് വളരെ യോജിക്കുന്നു. രോഗങ്ങളും ഫംഗസ് ബാധകളും കുറവാണ്.

Ga3

ചാണകവും കംപോസ്റ്റും ചേർത്ത മണ്ണിൽ രണ്ട് ഇഞ്ച് മുതൽ അഞ്ച് ഇഞ്ച് വരെ ഇടയിട്ട് തൈകൾ നടാം. പെട്ടെന്ന് വ്യാപിപ്പിക്കാൻ ആവശ്യപ്പെടുമ്പോഴാണ് ഗ്യാപ് കുറച്ചു നടേണ്ടിവരിക എന്ന് തൊടുപുഴയിൽ പ്ലാന്റ് അഡിക്ട് നഴ്സറി നടത്തുന്ന പോൾസൺ ജോസ് പറയുന്നു. ചതുരശ്ര അടിക്ക് 30 രൂപയാണ്‌ ഏകദേശം ചെലവ് വരുന്നത്. കേരളത്തിൽ എല്ലായിടത്തും ഇപ്പോൾ പേൾ ഗ്രാസ് ലഭ്യമാണ്. കടപ്പാട്: പോൾസൺ ജോസ്, പ്ലാന്റ് അഡിക്ട്, തൊടുപുഴ. ഫോൺ: 94952 64459, 97470 08053