Monday 06 July 2020 04:34 PM IST

പേരറിയില്ലെങ്കിലും ഈ നിറങ്ങളെ, ഈ പൂക്കളെ നമ്മൾ സ്നേഹിക്കുന്നുണ്ട്...

Sreedevi

Sr. Subeditor, Vanitha veedu

1G

പേര് സുപരിചിതമല്ലെങ്കിലും എല്ലാവർക്കും അറിയാവുന്ന, ഇഷ്ടമുള്ള ചെടിയാണ് പെന്റാസ് (pentas). തെച്ചിപ്പൂ പോലെ കുലകളായാണ് ഈ ചെടിയിൽ പൂക്കൾ വിരിയുക. സൂര്യപ്രകാശം വളരെയധികം ഇഷ്ടമുള്ള  ചെടിയാണിത്. നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണെങ്കിൽ പൂക്കളുണ്ടാകും. പൂക്കൾ ദിവസങ്ങളോളം വാടാതെ നിൽക്കുകയും ചെയ്യും.
 ഇനി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട് സന്ദർശിക്കുമ്പോഴോ നഴ്സറിയിലോ കണ്ടാൽ പെന്റാസിന്റെ ഒരു തൈ സ്വന്തമാക്കാൻ മടിക്കരുത്. കാരണം, ചെടികൾ നോക്കിനടത്താൻ സമയമില്ലാത്തവർക്കും അനുയോജ്യമായ ചെടിയാണ് പെന്റാസ്.
ഇളം പച്ച നിറമുള്ള, രോമങ്ങൾ നിറഞ്ഞ തണ്ടും വെള്ള, വയലറ്റ്, പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള പൂങ്കുലകളുമാണ് പ്രത്യേകത. മൂന്നോ നാലോ അടി ഉയരത്തിൽ വളരും. തണ്ട് മുറിച്ചുനട്ട് പുതിയ ചെടി ഉൽപാദിപ്പിക്കാം.

2G


ചെടി ഇടയ്ക്കിടെ തലപ്പ് മുറിച്ച് ആകൃതിവരുത്തണം. തലപ്പു മുറിക്കുമ്പോൾ ഉണ്ടാകുന്ന പുതിയ തളിരിനൊപ്പം പൂക്കളുമുണ്ടാകും. നല്ലവണ്ണം വെള്ളം വേണം ഈ ചെടിക്ക്. വെള്ളം കിട്ടാതിരുന്നാൽ പെട്ടെന്ന് വാടിക്കരിഞ്ഞുപോകും. മാസത്തിൽ ഒരിക്കൽ എന്തെങ്കിലും ജൈവവളം നൽകാം.
തേനുള്ളതിനാൽ ചെറുകിളികൾക്കും പൂമ്പാറ്റകൾക്കും തേനീച്ചകൾക്കുമൊക്കെ പ്രിയങ്കരമാണ് ഈ ചെടി. ഒരു തരം പൂവിരിയുന്ന ചെടി ഒറ്റയ്ക്കോ ഒന്നിലധികം ഇനങ്ങൾ ഒരുമിച്ചു ചേർത്തോ ചട്ടിയിലിൽ നടാം. അതിര് ചെടി എന്ന നിലയിലും പെന്റാസ് ശ്രദ്ധിക്കപ്പെടും. നഴ്സറികളിൽ പെന്റാസിന്റ് വിവിധ ഹൈബ്രിഡ് ഇനങ്ങൾ ലഭിക്കാറുണ്ട്. ഓൺലൈൻ സൈറ്റുകളിൽ പെന്റാസിന്റെ വിത്ത് ലഭിക്കും.