Monday 24 April 2023 11:48 AM IST

മനസ്സിൽ വീടിനൊപ്പം പൂന്തോട്ടവും പിറന്നു; വീട് പുരോഗമിച്ചതിനൊപ്പം ചെടികളും വളർന്നു...

Sreedevi

Sr. Subeditor, Vanitha veedu

lan1

പൂന്തോട്ടവും വീടും പരസ്പര പൂരകവും സംതുലിതവുമായിരിക്കണം. കൊല്ലം ജില്ലയിലെ ആയൂരിൽ പുതിയ വീട് വയ്ക്കുന്ന സമയത്ത് മനു ഫിലിപ്പും ജെൻസി ജോണും ഇത്തരമൊരു തീരുമാനത്തിലായിരുന്നു. വീടിനും പൂന്തോട്ടത്തിനും ഒരേ പ്രാധാന്യമാണ് ജെൻസിയും മനുവും അന്നും ഇന്നും കാണുന്നത്.

വീട് എന്ന ചിന്ത മനസ്സിൽ കയറിയപ്പോൾ പൂന്തോട്ടവും ഒപ്പം ഓടിക്കയറി എന്നാണ് അധ്യാപികയായ ജെൻസി പറയുന്നത്. ഏഴ് വർഷം മുൻപ് വീടിന്റെ പ്ലാൻ വരച്ചതിനൊപ്പം തന്നെ വീട്ടിലേക്കു വേണ്ട ചെടികളുടെ ശേഖരണവും തുടങ്ങി. 20 സെന്റിൽ തറവാട് ഉൾപ്പെടുന്ന സ്ഥലത്താണ് ജെൻസിയുടെയും മനുവിന്റെയും വീട്. രണ്ട് വീടുകളിലുമായി പൂന്തോട്ടം വ്യാപിച്ചു കിടക്കുന്നു.

lan3

വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകളും കുട്ടികളുടെ കാര്യങ്ങളും ഇതിനൊപ്പം പൂന്തോട്ട പരിപാലനവും വളരെ പ്രയാസമേറിയ കാര്യമാണിത്. അതുകൊണ്ടുതന്നെ കാര്യമായ പരിചരണം ആവശ്യമില്ലാത്ത ചെടികളാണ് ജെൻസി കൂടുതൽ തിരഞ്ഞെടുത്തത്.

സ്പൈഡർ പ്ലാന്റും ഹൈബ്രിഡ് നന്ദ്യാർവട്ടവും ‘ഹെഡ്ജ് പ്ലാന്റ്’ ആയി ഉപയോഗിച്ചു. ബൊെഗയിൻവില്ലയുടെ ഒരു ചെറിയ ശേഖരവുമുണ്ട്. ബിഗോണിയ, ഫിലോഡെൻഡ്രോൺ, പോത്തോസ് ഇവയുടെയെല്ലാം വിവിധയിനങ്ങളുടെ ശേഖരമുണ്ട് ജെൻസിക്ക്. ഹോയ പ്ലാന്റിന്റെ പതിനഞ്ചിലധികം ഇനങ്ങളും ജെൻസിയുടെ ശേഖരത്തിലുണ്ട്. ജൈവകർട്ടൻ എന്ന നിലയിലാണ് ഹോയ പിടിപ്പിച്ചത്. എന്നാൽ പലയിനങ്ങളും പ്രതീക്ഷിച്ചത്ര പൂക്കൾ തരുന്നില്ല എന്നാണ് ജെൻസിയുടെ അഭിപ്രായം. ക്യാറ്റ്സ്‌ ക്ലോ, പെട്ര, തുംബോർജിയ തുടങ്ങിയ വള്ളിപ്പൂച്ചെടികൾ വീടിന് അഴകേകുന്നു. 40 ലേറെ പന്നൽച്ചെടികളും (fern) ഇവരുടെ കൈവശമുണ്ട്. പന, മുള തുടങ്ങിയ ഇടത്തരം ഉയരത്തിൽ വളരുന്ന ചെടികളും ഇവരുടെ തോട്ടത്തിന് അഴകേകുന്നു.

lan4

മുറ്റത്തും അകത്തളത്തിലുമെല്ലാം ചെടികളുടെ പച്ചപ്പാണ്. കൂടാതെ, ബാൽക്കണിയും യൂട്ടിലിറ്റി ഏരിയയാക്കി മാറ്റിവച്ച മുകളിലെ മുറിയും വരെ ഒരു പ്ലാന്റ് റൂമാക്കി മാറ്റി ജെൻസി.

ചെടികൾക്ക് രാസവളങ്ങൾ നൽകാൻ ജെൻസി താൽപര്യപ്പെടുന്നില്ല. വീട്ടിൽ കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടെന്നതും മണ്ണിന്റെ ജൈവസന്തുലനം പോകുമെന്നതുമെല്ലാം കണക്കിലെടുത്താണ് കൃത്രിമവളങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നത്.

lan5

ചെടിയുടെ ആരോഗ്യത്തിന് പോട്ടിങ് മിക്സിലാണ് ജെൻസി പ്രധാനമായി ശ്രദ്ധിക്കുന്നത്. ചാണകപ്പൊടി, എല്ലുപൊടി, കൊക്കോപിത്ത് ഇവ ചേർത്ത് സമ്പുഷ്ടമാക്കിയ പോട്ടിങ് മിക്സിലാണ് ചെടികൾ നടുന്നത്. ചെടികൾ വളർന്നു വന്നാൽ ഇടയ്ക്കിടെ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ചു നേർപ്പിച്ച വളം കൊടുക്കും. വളത്തേക്കാൾ ചെടികൾ എവിടെ ക്രമീകരിക്കുന്നു എന്നതിലാണ് കാര്യമെന്ന് ജെൻസി പറയുന്നു. ഓരോ ചെടിക്കും ആവശ്യമായ സൂര്യപ്രകാശം വ്യത്യസ്തമായിരിക്കും. വെയിലും തണലും കൃത്യമായി ക്രമീകരിച്ചാൽ ചെടികൾ നന്നായി വളരും. പിന്നെ കൃത്യമായി നനയ്ക്കുകയും കളകൾ പിഴുതു കളയുകയും ചെയ്താൽ മതി. ചെടികൾ ഓരോന്നായി വയ്ക്കുന്നതിലും ഭംഗി കൂട്ടത്തോടെ വയ്ക്കുന്നതിലാണെന്ന് ജെൻസി പറയുന്നു.

ടെറാക്കോട്ട ചട്ടികളാണ് ജെൻസി കഴിവതും പൂന്തോട്ടത്തിലേക്കു തിരഞ്ഞെടുക്കുന്നത്. അകത്തെ ചെടികൾ കുറേയൊക്കെ സെറാമിക്കിലും കുറച്ച് പ്ലാസ്റ്റിക് ചട്ടികളിലും വച്ചു. ചട്ടികൾക്ക് വെള്ള. കറുപ്പ്, ചാരനിറങ്ങളാണ് കൂടുതലായി തിരഞ്ഞെടുത്തത്.

land6

ചെടികൾ വയ്ക്കുന്ന പ്ലാന്റേഴ്സ്, തട്ടുകൾ തുടങ്ങിയവയെല്ലാം സ്വന്തമായി പണിയിച്ചെടുക്കുകയാണ് ജെൻസി ചെയ്തത്. വീടുപണി കഴിഞ്ഞ് ബാക്കിയായ തടി, എംഡിഎഫ്, കമ്പികൾ ഇതെല്ലാം ആശാരിമാർക്ക് ഡിസൈൻ കൊടുത്ത് സ്റ്റാൻഡുകളാക്കി മാറ്റി. മുറ്റത്തെ അലങ്കാരക്കുളം നിർമിച്ചത് വീടുനിർമാണത്തിന്റെ ബാക്കിയായ കല്ലും ഉരുളൻകല്ലും ഉപയോഗിച്ചാണ്.

വിദേശത്തായതിനാൽ മാനസിക പിന്തുണയാണ് മനുവിന്റെ ഭാഗത്തുനിന്നു കൂടുതൽ. നാട്ടിൽ വരുമ്പോൾ നഴ്സറികളിൽ കയറിയിറങ്ങാനും ഇഷ്ടപ്പെട്ട ചെടികൾ വാങ്ങാനും മനു കൂടെയുണ്ടാകും. അച്ഛനമ്മമാരുടെയും കുട്ടികളുടെയും പിന്തുണയും പൂന്തോട്ടം ഇതുപോലെ ഭംഗിയായി കൊണ്ടുപോകുന്നതിൽ അത്യാവശ്യമാണെന്ന് ജെൻസി പറയുന്നു.