Wednesday 19 May 2021 01:02 PM IST : By സ്വന്തം ലേഖകൻ

മണ്ണില്ലാതെ ചെടി നടാം, ഇരട്ടി വളർച്ചയും മികച്ച പ്രതിരോധ-ഉൽപാദനശേഷിയും

soil 3

ചെടി നടാൻ ഇനി മണ്ണു വേണ്ട. മണ്ണിനു പകരം ഉപയോഗിക്കാവുന്ന മിശ്രിതവുമായാണ് ആലുവക്കാരൻ അനസ് നാസർ ശ്രദ്ധ നേടുന്നത്. ‘ഓർഗാന്യൂർ’ എന്ന ബ്രാൻഡ് നെയിമിലാണ് അനസ് ഈ മിശ്രിതം വിൽക്കുന്നത്. മണ്ണിനെക്കാൾ ഇരട്ടി വളർച്ചയും മികച്ച പ്രതിരോധശേഷിയും ഉൽപാദനവുമാണ് ഈ മിശ്രിതം വാഗ്ദാനം ചെയ്യുന്നത്.കൊക്കോപിത്ത്, ഹയാസിന്ത് പൊടിച്ചത്, ഉണങ്ങിയ ഇല പൊടിച്ചത്, പൈൻ തടിയുടെ തരി, മൈക്രോബ്സ്, അഗ്രോമിനറൽ തുടങ്ങിയവ ചേർത്താണ് മിശ്രിതം ഉണ്ടാക്കുന്നത്. പച്ചക്കറി, അലങ്കാര ചെടികൾ, കാക്റ്റസ്/സക്കുലന്റ്സ് എന്നിവയ്ക്കൊക്കെ വെവ്വേറെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. പതിവായി മുറിച്ചെടുത്ത് ഉപയോഗിക്കുന്ന തുളസി, കറ്റാർവാഴ പോലെയുള്ള ഔഷധസസ്യങ്ങൾക്ക് മൂന്നിരട്ടി വളർച്ച നൽകുന്ന മിശ്രിതമാണ് ഉപയോഗിക്കുക. ഉപഭോക്താവിന്റെ ആവശ്യവും ബജറ്റും അനുസരിച്ചാണ് ഏതു മിശ്രിതം വേണമെന്ന് തീരുമാനിക്കുന്നത്.

soil 1

പഞ്ചഗവ്യം, പായൽ, കരിമ്പിന്റെ സത്ത്, ശർക്കര പുളിപ്പിച്ചത്, തേങ്ങാപ്പൊടി, കാന്താരിമുളക്, പലതരം ഇലകൾ, വാഴനാര്, സീവീഡ് (seaweed) എന്നിവയും ആവശ്യാനുസരണം ചേർക്കാറുണ്ട്. പ്രത്യേകംവളത്തിന്റെ സഹായമില്ലാതെ ഉൽപാദനശേഷിയും പ്രതിരോധശേഷിയും വർധിപ്പിക്കാൻ ഇതു സഹായിക്കും. വെള്ളത്തിൽ വളരുന്ന ചെടികൾക്ക് വെള്ളത്തിൽ േചർക്കാവുന്ന സീവീഡ് ലായനിയുമുണ്ട്.ചേരുവകൾക്കനുസരിച്ച് വിലയിലും വ്യത്യാസം വരും. കിലോയ്ക്ക് 45–120 രൂപ വരെയാണ് വില. മൂന്നിരട്ടി വളർച്ച നേടാൻ ഉപകരിക്കുന്നതിന് കിലോയ്ക്ക് 65 രൂപയും കാക്റ്റസ്/സക്കുലന്റ് മിശ്രിതത്തിന് കിലോയ്ക്ക് 120 രൂപയുമാണ് വില.ഓൺലൈൻ സൈറ്റുകൾ വഴി ഓർഗാന്യൂർ ഉൽപന്നങ്ങൾ വാങ്ങാം. ഓസ്ട്രേലിയ, ലാറ്റിൻ അമേരിക്ക, യൂറോപ്, അറബ് രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുമുണ്ട്. വെള്ളമോ നല്ല മണ്ണോ ലഭ്യമല്ലാത്ത ആഫ്രിക്കയിൽ ഈ മിശ്രിതമുപയോഗിച്ചുള്ള കൃഷി വിജയകരമാണെന്ന് അനസ് പറയുന്നു.

soil 2

എംബിഎക്കാരനായ അനസ് കൃത്യമായി പഠനം നടത്തി, ഈ രംഗത്ത് ഗവേഷണം നടത്തുന്നവരുടെ സഹായത്തോടെയാണ് മിശ്രിതങ്ങൾ തയാറാക്കുന്നത്. ആലുവയ്ക്കടുത്തുള്ള മാറംപിള്ളിയിലാണ് അനസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത്. ആവശ്യമായ അസംസ്കൃത വസ്തുക്കൾ ചുറ്റുവട്ടത്തു നിന്നും കർഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നു.ഇൻഡോർ, ഔട്ട്ഡോർ, വെർട്ടിക്കൽ, ബോൺസായ് എന്നിങ്ങനെ ഏതു രീതിയിലും ഈ മിശ്രിതം ഉപയോഗിച്ച് ചെടി വളർത്താം. അടുക്കളത്തോട്ടം മുതൽ വലിയ രീതിയിലുള്ള കൃഷി വരെ ഇങ്ങനെ ചെയ്യാം. തടി, ഓല എന്നിവ കൊണ്ടുള്ളതു കൂടാതെ, ഫൈബറും ചകിരിനാരും പായലും ചേർത്ത് ഉണ്ടാക്കിയ ബയോഡീഗ്രേഡബൾ പ്ലാന്ററുകളും ഓർഗാന്യൂർ നിർമിക്കുന്നുണ്ട്. വേറിട്ട ഡിസൈനിലുള്ള തടി പ്ലാന്ററുകൾക്ക് 650 രൂപ മുതലാണ് വില.ഭിത്തിക്കു പകരമുള്ള ജിയോ‍ടെക്സ്റ്റൈൽവോൾ, ലാൻഡ്സ്കേപിങ് എന്നിവ അനസ് ആവശ്യാനുസരണം ചെയ്തു കൊടുക്കുന്നുണ്ട്.

Tags:
  • Vanitha Veedu