Monday 12 October 2020 03:26 PM IST

വീട്ടിനുള്ളിലെ പച്ചപ്പിന്റെ ലോകം; ഗ്രീൻ കോർട്‌യാർഡ് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

Sreedevi

Sr. Subeditor, Vanitha veedu

വീടിന്റെ ഏതുഭാഗത്തും പച്ചപ്പിന്റെ ഒരു കഷണമെങ്കിലും വേണം എന്നതാണ് പുതിയ കാഴ്ചപ്പാട്.   ഓരോ മുറിക്കും ഓരോ കോർട്‌യാർഡ് എന്നതിനു പകരം പൊതുവായ മുറികളിൽ നിന്നെല്ലാം പ്രവേശിക്കാവുന്ന  പൊതുവായ കോർട്‌യാർഡ് എന്നാണ് പുതിയ ചിന്ത.  അതായത്, ലിവിങ്, ഡൈനിങ്, അടുക്കള എന്നീ മുറികൾക്ക് പൊതുവായ ഒരു അകമുറ്റം കിട്ടിയാൽ അത് സൂപ്പർ ആയിരിക്കും. കിടപ്പുമുറികളിൽ നിന്ന് ഇത്തരം മുറ്റങ്ങളിലേക്ക് ജനാലകൾ കൊടുക്കാം. എല്ലാ മുറികളെയും കൂട്ടിയിണക്കുന്ന ഘടകം കൂടിയായി മാറും ഇത്തരം അകമുറ്റങ്ങൾ.അകത്തളമുറ്റങ്ങൾ പലതരത്തിൽ ചെയ്യാം.


1. മറ്റു മുറികളുടെ തറ നിരപ്പിൽ നിന്ന് ഒന്നോ രണ്ടോ അടി താഴ്തി നിലമൊരുക്കുക. പേവ്മെൻറ് ടൈലോ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായ ടൈലോ ഉപയോഗിച്ച് ഫ്ലോറിങ് ചെയ്യാം. ഇവിടെ ആകർഷകമായ ചട്ടികളിൽ ചെടികൾ ക്രമീകരിക്കാം. പരിചരണം ഏറ്റവും എളുപ്പമുള്ള കോർട് യാർഡ് ആണിത്.
2.   കോർട്‌യാർഡിൽ മണ്ണ് നിറച്ച് അതിൽ ചെടികൾ നേരിട്ട് നടുക. ഇത്തരത്തിൽ കോർട് യാർഡ് ചെയ്യുമ്പോൾ വലിയ വേരുകളുള്ള മരങ്ങളെയും ചെടികളെയും ഒഴിവാക്കുകയോ ഈ മരങ്ങളുടെ വേരുകൾ കൂടുതൽ പടർന്ന് കെട്ടിടത്തിന് കേടുപാടുകൾ വരാതിരിക്കാൻ ശ്രദ്ധിക്കുകയോ വേണം. കോർട്‌യാർഡിന്റെ നിരപ്പിൽനിന്ന് മൂന്നോ നാലോ അടി താഴ്ത്തി വേണം ചെടികൾ നടാൻ. ചെടി നട്ടശേഷം തറ നിരപ്പിൽ ഗ്രാവൽ അല്ലെങ്കിൽ പെബിൾസ് ഇട്ട് ആകർഷകമാക്കാം.
3. കോർട്‌യാർഡിൽ മണ്ണിട്ട് ചട്ടിയിൽ വച്ച ചെടി നേരിട്ട് കുഴിയിലേക്ക് ഇറക്കിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. വേരുപടരുമോ എന്ന ഭയം വേണ്ട, ചെടിക്കു നൽകുന്ന വെള്ളവും വളവും ചെടിക്കുതന്നെ പൂർണമായി ലഭിക്കുകയും ചെയ്യും. മാത്രമല്ല, ചെടിയുടെ വളർച്ച കൂടുതൽ ആകാതിരിക്കാനും ഈ രീതി സഹായിക്കും. വീടുപണിക്കു ശേഷം ഫില്ല് ചെയ്യുമ്പോൾ കോർട് യാർഡിലെ മണ്ണ് ഗുണമേന്മ കുറഞ്ഞതാകാൻ സാധ്യതയുണ്ട്. ആ പ്രശ്നത്തിനും പരിഹാരമാണ് ചട്ടിനേരിട്ട് നടൽ.


4. കോർട് യാർഡ് ഏതുതരത്തിൽ ഉള്ളതാണെങ്കിലും മുകൾ ഭാഗം വായുസഞ്ചാരമുണ്ടാകുന്ന രീതിയിൽ ക്രമീകരിക്കണം. കഴിയുന്നതും ഭിത്തിയുടെ അടിവശത്തും മൂന്നോ നാലോ പിവിസി പൈപ്പുകൾ വച്ച് എയർഹോൾ ഉണ്ടാക്കണം. ചെടികളുടെ ആരോഗ്യത്തിനും ഇത് ആവശ്യമാണ്. ചെറിയ പ്ലോട്ട് ആണെങ്കിൽ പുറത്തുള്ള ഏതെങ്കിലും മരവുമായി ചേർത്ത് കോർട്‌യാർഡ് ക്രമീകരിക്കാം.
5. രാവിലെയും വൈകിട്ടുമുള്ള വെയിൽ നേരിട്ട് മുറികളിലേക്ക് അടിക്കാത്ത വിധത്തിൽ കോർട് യാർഡിൻറെയും അതിലെ ചെടികളുടെയും സ്ഥാനം ക്രമീകരിക്കുന്നത് വീടിനകത്തെ ഊഷ്മാവ് ക്രമീകരിക്കാൻ സഹായിക്കും. മുകളിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികൾ അകമുറ്റങ്ങളെ കൂടുതൽ ഊഷ്മളമാക്കും.

കടപ്പാട്: സൂര്യ പ്രശാന്ത്, ആർക്കിടെക്ട്, തൃശൂർ. ബിജു ബാലൻ, ലാൻഡ്സ്കേപ് ആർക്കിടെക്ട്, കോഴിക്കോട്