Saturday 16 January 2021 03:18 PM IST

വിത്ത് ഒരുമിച്ച് നട്ട് മുളപ്പിക്കാം... മൈക്രോഗ്രീൻ വീടിനും പച്ചപ്പ് ആരോഗ്യത്തിനും നല്ലത്; കൃഷി ചെയ്യുന്ന വിധം

Sreedevi

Sr. Subeditor, Vanitha veedu

കൊറോണക്കാലം മൈക്രോഗ്രീൻ കാലം കൂടിയായിരുന്നു. വീട്ടിൽ മൈക്രോഗ്രീൻ കൃഷിയിലൂടെയാണ് പലരും സമയം കളഞ്ഞതും ആരോഗ്യം സമ്പാദിച്ചതും. ധാന്യങ്ങളുടെ വിത്ത് ഒരുമിച്ചു നട്ട് മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണ് മൈക്രോഗ്രീൻ. പോഷകസമൃദ്ധവും രുചികരവുമാണ് മൈക്രോഗ്രീൻസ് ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങൾ. വൻപയർ, ചെറുപയർ, മുതിര, കടല, ഗ്രീൻപീസ്, ചിയ, ഉലുവ, കടുക്... ഇങ്ങനെ ഏതു വിത്തും മുളപ്പിച്ച് ഉപയോഗിക്കാം.

രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തശേഷം വേണം വിത്ത് മുളപ്പിക്കാൻ. ചിയ, കടുക് പോലുള്ള പുറംതോടിനു കട്ടി കുറഞ്ഞ വിത്തുകൾ കുറച്ചു സമയം കുതിർത്താൽ മതി. പരന്ന ചട്ടിയോ പ്ലാസ്റ്റിക് ട്രേയോ ആണ് മൈക്രോഗാർഡനിങ്ങിന് അനുയോജ്യം. വിത്തുകൾ മുളപ്പിക്കാൻ പല മാധ്യമങ്ങൾ ഉപയോഗിക്കാം. ഏറ്റവും എളുപ്പത്തിൽ കിട്ടുന്നതിനാൽ മണ്ണ് തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. മണലും മണ്ണും സമം ചേർത്തതിൽ, കുതിർത്ത വിത്തുകൾ പാകാം. മുള പുറത്തു വന്നാൽ ദിവസത്തിൽ രണ്ട് മണിക്കൂർ എങ്കിലും വെയിൽ കൊള്ളിക്കണം. നേരിട്ട് വെയിൽ അടിക്കുന്നതിലും നല്ലത് ജനൽപടിയിലോ കോർട്‌യാർഡിന്റെ വശങ്ങളിലോ വച്ച് ഇളം വെയിൽ കൊള്ളിക്കുന്നതാണ്. വെയിൽ കിട്ടിയില്ലെങ്കിൽ ഹരിതകം ഉൽപാദിപ്പിക്കാതെ തൈ വിളറിപ്പോകും. രണ്ട് ഇല വന്നാൽ എപ്പോൾ വേണമെങ്കിലും പറിച്ച് ഉപയോഗിക്കാം. കൊയർപിത്ത് അല്ലെങ്കിൽ കൊക്കോപിത്തിലും മൈക്രോഗാർഡനിങ് ചെയ്യാം. വേര് വൃത്തിയാക്കാൻ എളുപ്പമാണ് എന്നതാണ് കൊയർപിത്തിന്റെ ഗുണം. വെറുതെ കഴുകി വേരോടെ ഉപയോഗിക്കാം.

ഹൈഡ്രോപോണിക്സ് ഉപയോഗിച്ചുള്ള കൃഷിയാണ് ഏറ്റവും നല്ലത്. തുളകളിട്ട പ്ലാസ്റ്റിക് പാത്രമോ സവാളയോ ഉരുളക്കിഴങ്ങോ പോലെ ഫ്രിജിൽ വയ്ക്കേണ്ടാത്ത പച്ചക്കറികൾ സൂക്ഷിക്കുന്ന പാത്രങ്ങളുടെ അടപ്പോ ഇതിന് ഉപയോഗിക്കാം. കുതിർത്ത വിത്തുകൾ പാത്രത്തിനു മുകളിൽ നിരത്തുക. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിനു മുകളിൽ വേണം വിത്ത് നിരത്തിയ പാത്രം വയ്ക്കാൻ. വിത്ത് മുളച്ചാൽ വേരുകൾ സ്വാഭാവികമായി വെള്ളത്തിലേക്കു നീളും. പാകമായാൽ വേരുകൾ വൃത്തിയാക്കാൻ മെനക്കെടേണ്ട എന്നാണ് ഹൈഡ്രോപോണിക്സ് രീതിയുടെ പ്രത്യേകത. പേപ്പർ നാപ്കിനും കോട്ടൻ തുണിയും ഉപയോഗിച്ചും വിത്തുകൾ മുളപ്പിക്കാം. കടുക് പോലുള്ള ചെറിയ വിത്തുകളാണ് ഇതിന് അനുയോജ്യം. സാലഡ്, തോരൻ, കറികൾ എന്നിവ പാകം ചെയ്യാൻ പോഷകങ്ങളുടെ കലവറയായ മൈക്രോഗ്രീൻസ് ഉപയോഗിക്കാം. ഇന്റീരിയറിൽ പച്ചപ്പ് വരുത്താനും അലങ്കരിക്കാനും പലരും മൈക്രോഗ്രീൻസ് ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് അടുക്കളയും ഡൈനിങ് ഏരിയയുമെല്ലാം പച്ചപ്പാക്കാൻ മൈക്രോഗ്രീൻസ് അനുയോജ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ.വി.ഇന്ദിര

മണ്ണുത്തി ഹോട്ടികൾചർ കോളജ് ഹോംസയൻസ് വിഭാഗം മുൻ മേധാവി

Tags:
  • Vanitha Veedu