Monday 04 April 2022 04:31 PM IST

മുറ്റത്ത് കല്ലു വിരിക്കാം. ചൂടു കുറയും; വൃത്തിയാക്കാനും എളുപ്പം

Sunitha Nair

Sr. Subeditor, Vanitha veedu

stone 1

മുറ്റത്ത് കോൺക്രീറ്റ് ടൈൽ നിരത്തി ചൂടുകൂട്ടാതെ കല്ലു വിരിക്കാം. കാണാനുള്ള ഭംഗി, എളുപ്പത്തിൽ വൃത്തിയാക്കാം എന്നിവയെല്ലാമാണ് മെച്ചങ്ങൾ. ഇതിനായി പലതരം പ്രകൃതി‍‍‍ദത്ത കല്ലുകൾ വിപണിയിൽ ലഭ്യമാണ്. അതിൽ പ്രധാനമായവയെ പരിചയപ്പെടാം. കല്ല് വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.

stone 2

ബാംഗ്ലൂർ സ്റ്റോൺ

പ്രകൃതി‍ദത്ത കല്ലുകളിൽ പ്രധാനമാണ് ബാംഗ്ലൂർ സ്റ്റോൺ. കർണാടകത്തിൽ നിന്നുള്ള ഈ സ്റ്റോൺ നാല് ഇഞ്ച് സ്ക്വയർ മുതൽ 3x2 അടി വരെ വലുപ്പത്തിൽ കിട്ടും. വെള്ള, ഗ്രേ നിറങ്ങളിൽ ലഭിക്കും. ചതുരശ്രയടിക്ക് 110 രൂപ മുതൽ വില വരും.

ഫ്ലെയിംഡ് ഫിനിഷ് ഗ്രാനൈറ്റ്

പരുക്കൻ ഫിനിഷാണ് ഇതിന്റെ പ്രത്യേകത. ബോക്സ് കട്ട്, ഹാഫ് കട്ട്, ബോട്ടം ഫ്ലെയിംഡ് എന്നിങ്ങനെ കനത്തിനനുസരിച്ച് മൂന്നു തരമുണ്ട്. നാലിഞ്ച് സ്ക്വയർ മുതൽ 5x2 അടി വരെ വലുപ്പത്തിൽ ലഭിക്കും. വെള്ള, ഗ്രേ, കറുപ്പ്, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ചതുരശ്രയടിക്ക് 110 രൂപ മുതൽ വില വരും. നിറത്തിനനുസരിച്ച് വിലവ്യത്യാസം വരും.

stone 3

തണ്ടൂർ സ്റ്റോൺ

ആന്ധ്രപ്രദേശിൽ നിന്നുള്ള ഈ കല്ലിനും ആരാധകരേറെയാണ്. നാലിഞ്ച് സ്ക്വയർ മുതൽ 4x2 അടി വരെയുള്ള അളവുകളിൽ ലഭിക്കും. 2x2 അടി ഉപയോഗിക്കുന്നതാണ് കൂടുതൽ ഉറപ്പ്. 50എംഎം, 40 എംഎം, 30 എംഎം എന്നീ കനത്തില്‍ കിട്ടും. ഗ്രേ, മഞ്ഞ, പച്ച എന്നീ നിറങ്ങളിൽ ലഭ്യമാണ്. ചതുരശ്രയടിക്ക് 65 രൂപ മുതലാണ് വില. കനമനുസരിച്ച് വിലയിൽ വ്യത്യാസം വരും.

കോബിൾ സ്റ്റോൺ

ഹാൻഡ് കട്ട്, മെഷീൻ കട്ട് എന്നിങ്ങനെ രണ്ടു തരമുണ്ട്്. നാലിഞ്ച് സ്ക്വയർ മുതൽ ലഭ്യമാണ്. വെള്ള, ഗ്രേ, മഞ്ഞ, കറുപ്പ്, പിങ്ക് എന്നിങ്ങനെ പല നിറങ്ങളിൽ ലഭിക്കും. ചതുരശ്രയടിക്ക് 100 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. നിറത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും. മെഷീൻ കട്ടിന് ഹാൻഡ് കട്ടിനേക്കാൾ രണ്ട് രൂപ കൂടുതലായിരിക്കും.

നാടൻ കല്ല്

ഗ്രേ, കറുപ്പ് എന്നീ നിറങ്ങളിൽ നാടൻ കല്ല് ലഭ്യമാണ്. എട്ട് മുതൽ 12 അടി വരെ നീളത്തിലും ഒൻപത്, പത്ത് അടി വരെ വീതിയിലുമുള്ളവ കിട്ടും. ഒരു കല്ലിന് 85 രൂപ മുതൽ വിലയുണ്ട്. കടപ്പ, കോട്ട എന്നീ കല്ലുകളും വിരളമായി മുറ്റത്തു വിരിക്കാറുണ്ട്. വിലക്കൂടുതലാണ് ഇവയോടുള്ള വൈമുഖ്യത്തിനു കാരണം.

stone 4

ശ്രദ്ധിക്കാൻ

കല്ലുകൾക്കിടയ്ക്ക് പ്രകൃതിദത്ത പുല്ലോ പെബിൾസോ നൽകുന്നത് വെള്ളം മണ്ണിൽ താഴാൻ സഹായിക്കും.

കിണറിന്റെ പരിസരത്ത് വെള്ളം താഴാൻ പേവ്മെന്റ് ചെയ്യാതിരിക്കുക.

നാടൻ കല്ല്, ബാംഗ്ലൂർ സ്റ്റോൺ എന്നിവ ഉറപ്പിൽ മികച്ചതാണ്. എന്നാൽ ലൈം സ്റ്റോൺ ആയ തണ്ടൂർ സ്റ്റോൺ ഒരു പരിധിയിൽ കൂടുതൽ ഭാരം താങ്ങില്ല.

കല്ലുകൾ ഡ്രസ് ചെയ്ത് വിരിക്കുകയാണ് നല്ലത്. വിലക്കുറവിനായി ഡ്രസ് ചെയ്യാത്തവ തിരഞ്ഞെടുക്കാതിരിക്കുക. ലാൻഡ്സ്കേപ്പിങ് പണിക്കാരെ കൊണ്ട് കല്ല് വിരിപ്പിക്കുന്നതു കാണാറുണ്ട്. കല്ലിന്റെ പണിക്കാരെ കൊണ്ടു ഡ്രസ് ചെയ്തുതന്നെ വിരിപ്പിക്കുക.

ചെലവ് കുറയ്ക്കാൻ ചിപ്സിനകത്ത് കല്ല് വിരിക്കുന്ന പതിവുണ്ട്. അങ്ങനെ ചെയ്താൽ കല്ല് ഇരുന്നു പോകാനുള്ള സാധ്യതയുണ്ട്. ചിപ്സും പാറപ്പൊടിയും കൂടി ചേർത്ത് ഗ്രൗട്ട് കലക്കി ഒഴിച്ച് അതിലാണ് കല്ലുകള്‍ വിരിക്കേണ്ടത്. 

കടപ്പാട്:വി.കെ. അനിൽ, വലിയവീട്ടിൽ സ്റ്റോൺസ്, മാഞ്ഞൂർ

Tags:
  • Gardening