Monday 04 January 2021 05:09 PM IST

കൊയർപിത്ത്, വളങ്ങൾ, കീടനാശിനി എല്ലാം വീട്ടിലുണ്ടാക്കാം; സരിത ആനന്ദിന്റെ സുന്ദരമായ പൂന്തോട്ടത്തിന്റെ രഹസ്യമറിയാം...

Sreedevi

Sr. Subeditor, Vanitha veedu

sreedevi 2

വീട്ടിലൊരു പൂന്തോട്ടമുണ്ടാകേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാൻ ലോക്ക്‌‍ഡൗൺ വലിയൊരു പരിധിവരെ വഴിയൊരുക്കിയിട്ടുണ്ട്. പൂന്തോട്ട നിർമാണത്തിൽ നേരത്തേ സന്തോഷം കണ്ടെത്തിയിരുന്നവർക്ക് ഒന്ന് റീഫ്രെഷ് ചെയ്യാനുള്ള സമയവും നൽകി ലോക്ക്‌ഡൗൺ. കോഴിക്കോട്, വെസ്റ്റ് ഹിൽ അടുത്ത് ഇടക്കാട് ഉള്ള സരിത ആനന്ദിന് ലോക്ക്‌ഡൗൺ പൂന്തോട്ടത്തെ ഒന്നു പുതുക്കാനുള്ള അവസരമായിരുന്നു. ചെറുപ്പം മുതലേ സരിതയ്ക്ക് ചെടികവോട് ഭ്രമമായിരുന്നു. പക്ഷേ, പലപ്പോഴും മറ്റ് തിരക്കുകൾ വന്ന് ചെടികളിലേക്കുള്ള ശ്രദ്ധ കുറഞ്ഞു. ലോക്ക്ഡൗൺ കഴിഞ്ഞതോടെ പലയിനം ചെടികളുടെ നല്ലൊരു ശേഖരമായി സരിതയുടെ വീട്ടുമുറ്റത്ത്.

sreedevi4

ഏതിനം ചെടിയാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കുക, നല്ലൊരിടം നൽകുക, അതിനുണ്ടാകുന്ന ഓരോ മാറ്റങ്ങളും ആഹ്ലാദത്തോടെ സ്വീകരിക്കുക... ഇതാണ് സരിതയുടെ പോളിസി. അതുകൊണ്ടുതന്നെ നാടൻ തെച്ചി മുതൽ വിപണിയിൽ പുതിയതായി വരുന്ന ചെടികൾ വരെ സരിതയുടെ ശേഖരത്തിലുണ്ട്. ‘‘കൂടുതൽ ചെടികളും സുഹൃത്തുക്കളിൽ നിന്ന് ശേഖരിക്കുന്നവയാണ്,’’ സരിത പറയുന്നു. ആദ്യം പ്ലാസ്റ്റിക് കവറിൽ വച്ച് വേരുപിടിപ്പിച്ച ശേഷമേ ചട്ടിയിലേക്ക് നടൂ. ചെടി ഏതാണെന്നനുസരിച്ചാണ് നടാനുള്ള മാധ്യമം തിരഞ്ഞെടുക്കുന്നത്. കൂടുതൽ വെള്ളം ആവശ്യമുള്ള ചെടികളാണ് കൊയർപിത്തിൽ നടുന്നത്. സ്വന്തമായി കൊയർപിത്ത് ഉണ്ടാക്കുന്ന വിദ്യയും സരിതയ്ക്കറിയാം. ചകിരി, നാരും ചോറുമായി വേർതിരിക്കുന്നതാണ് ആദ്യ പടി. അതിനുശേഷം നാര് ചെറിയ കഷണങ്ങളാക്കി മുറിക്കുന്നു. നാരിന്റെ കഷണങ്ങളും ചോറും ഒരുമിച്ചു ചേർത്ത് വെള്ളത്തിലിട്ട് കറ കളയുന്നു. നല്ലതുപോലെ കഴുകിയില്ലെങ്കിൽ, ചകിരിയിലെ കറ ചെടിയെ ബാധിക്കും. കഴുകിയുണക്കി എത്ര നാൾ വേണമെങ്കിലും ഈ കൊയർപിത്ത് സൂക്ഷിക്കാം.

sreedevi 3

കൂടാതെ, വളത്തിന്റെ കാര്യത്തിലും കീടനാശിനികളുടെ കാര്യത്തിലും സ്വയംപര്യാപ്തയാണ് സരിത. പച്ചക്കറി വേസ്റ്റും പൈപ്പ് കംപോസ്റ്റും എല്ലുപൊടിയും ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കുമെല്ലാം വളമായി ഉപയോഗിക്കുന്നു. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം പോലുള്ള നാടൻ കീടനാശിനികളാണ് കീടപ്രതിരോധത്തിന് ഉപയോഗിക്കുന്നത്.ബിഗോണിയ, അഗ്ലോണിമ, ഓർക്കിഡ്, ആന്തൂറിയം, സിങ്കോണിയം എന്നിവയുടെയെല്ലാം വിവിധയിനങ്ങളാണ് പ്രധാനമായുമുള്ളത്.

sreedevi new 1

കൂടാതെ, നാടൻ ചെടികളുടെ നല്ലൊരു ശേഖരവുമുണ്ട് സരിതയ്ക്ക്. ഇലച്ചെടികളോട് ഒരു പ്രത്യേക പ്രതിപത്തിയുണ്ട്. നിറമുള്ള ഇലകളാൽ സമ്പന്നമായ കോളിസിന്റെ നല്ലൊരു ശേഖരമുണ്ട് ഇവിടെ. പഴയ തറവാട് വീടിന്റെ പ്രൗഢിക്ക് മാറ്റുകൂട്ടുന്ന വിധത്തിൽ ചട്ടികളിലും തൂക്കിയിട്ടും ചെടികൾ ക്രമീകരിച്ചിരിക്കുന്നു. ചെടികളുടെ പരിപാലനം മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കും എന്ന പക്ഷക്കാരി കൂടിയാണ് സരിത. ഭർത്താവ് ആനന്ദകൃഷ്ണനും മകൻ ഹരി കൃഷ്ണനും എല്ലാ പിൻതുണയുമായി കൂടെയുണ്ട്.

Tags:
  • Vanitha Veedu