Monday 27 March 2023 04:33 PM IST

ടെറസ്സിലെ വെയിൽ എന്തിനു വേറുതെ കളയണം: വിഷാംശമില്ലാത്ത പഴങ്ങളും തണുപ്പും കായ്ക്കുമിവിടെ

Sreedevi

Sr. Subeditor, Vanitha veedu

land1

നാട്ടിൻപുറത്തുള്ള അമ്മവീട്ടിലെ തൊടിയിലുണ്ടാകുന്ന കായ്കനികൾ പറിച്ചു തിന്ന നൊസ്റ്റാൾജിയ! എറണാകുളം തൃക്കാക്കരയിലെ ഷീജ അൻവർ വർഷങ്ങൾ കഴിഞ്ഞിട്ടും ആ മധുരം മറന്നിരുന്നില്ല. പുതിയ വീടുവച്ചപ്പോൾ ടെറസ്സിൽ നല്ലൊരു ഫ്രൂട്ട് ഗാർഡൻ നിർമിച്ചതിനും അത് മികച്ച രീതിയിൽ പരിപാലിച്ചു കൊണ്ടുപോകുന്നതിനും പിറകിൽ ഷീജയുടെ ഈ ഗൃഹാതുരതയുണ്ട്. വീടിന്റെ ഡിസൈനും നിർമാണവും നിർവഹിച്ച കൊച്ചിയിലെ ശില്പി ആർക്കിടെക്ട്സ്, ലാൻഡ്സ്കേപ്പിങ്ങിന് എപ്പോഴും പ്രാധാന്യം നൽകാറുണ്ട്. ‘‘ടെറസ് ഗാർഡൻ പോലെ പരിചരണം ആവശ്യമുള്ള കാര്യങ്ങൾ വീട്ടുകാർ കൂടി താൽപര്യമെടുത്താലേ ചെയ്യാറുള്ളൂ. വീട്ടുകാരായ അൻവറും ഷീജയുമായി കൂടിയാലോചന നടത്തിയാണ് ടെറസ് ഗാർഡൻ പ്ലാൻ ചെയ്തത്,’’ ശില്പി ആർക്കിടെക്ടിന്റെ സാരഥി ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസ് പറയുന്നു.

രണ്ട് വർഷമായി അൻവറും ഷീജയും പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട്. പുറത്ത് സൂര്യൻ കത്തി നിൽക്കുമ്പോഴും വീടിനകത്ത് ചൂടില്ല. മുറികൾക്ക് ഡബിൾ ഹൈറ്റും വലിയ ജനാലകളും അകത്ത് കോർട്‌യാർഡുമൊക്കെയുള്ളതു കൊണ്ടു മാത്രമല്ല, ടെറസ്സിലെ ഉദ്യാനവും അകത്തെ തണുപ്പിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

land2

ഫൈബർ വീപ്പയിലും പാരപ്പെറ്റിനോടു ചേർന്ന ഫ്ലവർ ബെഡിലുമാണ് പ്രധാനമായി ഫലവൃക്ഷങ്ങളും പൂച്ചെടികളും വച്ചിട്ടുള്ളത്. ഏകദേശം 45 ഫലവൃക്ഷങ്ങൾ ഫൈബർ വീപ്പയിലും 40 ചെടികൾ ഫ്ലവർ ബെഡിലും വച്ചിട്ടുണ്ട്. ടെറസ്സിലേക്കു കയറുമ്പോൾ ആദ്യം കണ്ണിൽപ്പെടുക വലിയ രണ്ട് ചതുരപ്പെട്ടിയിൽ വച്ച മാവും മാംഗോസ്റ്റീനുമാണ്. ഫൈബർ വീപ്പയിൽ കരിങ്കൽ ചിപ്സ് ഇട്ട് മുകളിൽ വല വിരിക്കുന്നതാണ് ആദ്യ ഘട്ടം. വലയുടെ മുകളിലെ മണലിനും മുകളിലാണ് ജൈവവളങ്ങളും കൊക്കോപിത്തുമായി കൂട്ടിക്കലർത്തിയ മണ്ണിട്ട് തൈകൾ നടുന്നത്. ഫലവൃക്ഷത്തൈകൾ മിക്കവയും തൃശൂർ മണ്ണുത്തിയിലെ നഴ്സറികളിൽ നിന്ന് തിരഞ്ഞെടുത്തവയാണ്.

ദിവസവും ടെറസ് ഗാർഡനിൽ നിന്നു വിളവെടുക്കുന്ന ഏതെങ്കിലും പഴം അടുക്കളയിൽ കാണും. മാത്രമല്ല, കൃഷിക്ക് ഉപയോഗിക്കുന്നതുവഴി പാഴായിപ്പോകാൻ സാധ്യതയുള്ള ടെറസ്സിലെ സ്ഥലം പ്രയോജനപ്പെടുത്താം. സൂര്യപ്രകാശം ആവശ്യത്തിനു കിട്ടുന്നതിനാൽ കൃഷിക്ക് ഏറ്റവും മികച്ച സ്ഥലം തന്നെയാണ് ടെറസ്.

land3

ചന്ദ്രക്കാരൻ, പ്രിയോർ, കാലപാടി തുടങ്ങിയ മധുരമൂറും ഫലം നൽകുന്ന മാവുകൾ, സിന്ദൂരവരിക്ക, വിയറ്റ്നാം സൂപ്പർ ഏർളി പോലുള്ള കുള്ളൻ പ്ലാവുകൾ, സാധാരണ ഓറഞ്ച്, ചൈനീസ് ഓറഞ്ച്, മുസമ്പി തുടങ്ങിയ നാരകവർഗ ഫലവൃക്ഷങ്ങൾ, ബറാബ ഫ്രൂട്ട്, െയല്ലോ മൾബറി, കുരുവില്ലാത്ത സീഡ്‌ലെസ് ഞാവലും വെള്ളനിറമുള്ള ഞാവലും, ഉറുമാമ്പഴം, കശുമാവ്, മാംഗോസ്റ്റീൻ, റംബൂട്ടാൻ, മാതളനാരകം, ഇരുമ്പൻപുളി, അമ്പഴം, സ്വീറ്റ് സാന്തോൾ, വിഎൻആർ പേര, കിലോ പേര, ഐസ്ക്രീം ബീൻസ്, മങ്കി ആപ്പിൾ എന്നും അറിയപ്പെടുന്ന ലില്ലി പില്ലി, സപ്പോട്ട, ഡ്രാഗൺ ഫ്രൂട്ട്, പപ്പായ മരം, പാഷൻ ഫ്രൂട്ട്, ജാതി മരം, മധുര ലൂവിക്ക, മാനില ടെന്നിസ് ചെറി... ഇങ്ങനെ കേരളത്തിൽ നേരത്തേ പരിചതമായതും പുതുതായി നഴ്സറികളിലെത്തുന്നതുമായ മിക്കയിനം ഫലവൃക്ഷങ്ങളും ഇവിടെ കാണാം.

ജൈവവളങ്ങളും കീടനാശിനികളുമാണ് പരമാവധി ഉപയോഗിക്കാറുള്ളതെന്ന് ഷീജ പറയുന്നു. NPK മിശ്രിതം മഴക്കാലത്ത് മാത്രം ചിലപ്പോൾ നൽകാറുണ്ട്. പച്ചക്കറി വേസ്റ്റിൽ നിന്നുള്ള വളം, ചാണകസ്ലറി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ നൽകും. ടെറസ്സിൽ ഫലവൃക്ഷങ്ങൾ കൂടാതെ കുറച്ചിടത്ത് മെക്സിക്കൻ ഗ്രാസ്സും പിടിപ്പിച്ചു.

ടെറസ്സിൽ പച്ചക്കറിക്കൃഷിയോ ഫലവൃക്ഷത്തോട്ടമോ നിർമിക്കണമെങ്കിൽ നേരത്തേ പ്ലാൻ ചെയ്യണം. മണ്ണിന് നല്ല ഭാരമുണ്ട്, ആ ഭാരം താങ്ങാൻ മേൽക്കൂരയെ പാകപ്പെടുത്തണം. മാത്രമല്ല, കൃഷിയുണ്ടെങ്കിൽ നനയും വളപ്രയോഗവുമെല്ലാം കൂടെ വരും. മികച്ച രീതിയിലുള്ള വാട്ടർപ്രൂഫിങ് ചെയ്യേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ചെടികളുടെ വേര് ഇറങ്ങി കോൺക്രീറ്റ് നശിപ്പിക്കാത്ത തരം ചട്ടികളും തിരഞ്ഞെടുക്കണം. ഈ സംവിധാനങ്ങളെല്ലാം അൻവറിന്റെയും ഷീജയുടെയും വീട്ടിൽ നേരത്തേ ചെയ്തിരുന്നു. n

ചിത്രങ്ങൾ: സരുൺ മാത്യു