Monday 11 May 2020 03:48 PM IST

എല്ലാ വീട്ടിലും ഇത് ഒന്നെങ്കിലും വേണം. ടർട്ടിൽ വിൻ ആർക്കും വളർത്താവുന്ന സിംപിൾ ചെടി.

Sreedevi

Sr. Subeditor, Vanitha veedu

1N

തൂക്കു ചട്ടിയിലോ നിലത്തുവച്ച ചെടിച്ചട്ടികളിലോ വളർത്താവുന്ന സിംപിൾ ചെടിയാണ് ടർട്ടിൽ വിൻ അല്ലെങ്കിൽ ക്രീപ്പിങ് ഇഞ്ച് പ്ലാന്റ്. ചെടി വിദേശിയാണെങ്കിലും നമ്മുടെ കാലാവസ്ഥ വളരെ ഇഷ്ടമാണ്. തീക്ഷ്ണമായ സൂര്യപ്രകാശത്തോട് വലിയ താൽപര്യമില്ലെങ്കിലും മിതമായ പ്രകാശവും വെള്ളവും നൽകിയാൽ തഴച്ചു വളരും. സക്കുലന്റ് വിഭാഗത്തിൽപെട്ട ചെടികളുടേതുപോലെ ഇലയിൽ കുറച്ചു ജലം സംഭരിക്കുന്നതിനാൽ കൂടുതൽ നനച്ചാൽ ചെടി ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.

2N


ഇരുണ്ട നിറമുള്ള വട്ടത്തിൽ ചെറിയ ഇലകളുള്ള ഇനവും മരതകപച്ച നിറമുള്ള അറ്റം കൂർത്ത ഇലകളോടു കൂടിയ ഇനവുമാണ് സാധാരണം. ഇലകൾ കൂട്ടമായി വളരുന്നതിനാൽ പൂമാല കെട്ടിയതുപോലെ തോന്നും. ചട്ടിയിൽ തൂങ്ങിക്കിടക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ചട്ടിയോട് ചേർത്ത് വിവിധ ആകൃതി വരുത്താനും ഈയിനം ചെടികൾ ഉപയോഗിക്കാറുണ്ട്. സൂര്യപ്രകാശം കിട്ടുന്ന കോർട്യാർഡിലും സിറ്റ്ഔട്ടിലും മുറ്റത്തുമൊക്കെ തൂക്കാം. ഭംഗിയായി വെട്ടി നിർത്തണം. തലപ്പ് നട്ടാണ് പുതിയ ചെടികൾ ഉണ്ടാക്കുന്നത്. എളുപ്പത്തിൽ പിടിക്കും.