Friday 24 February 2023 05:16 PM IST

2200 ചതുരശ്രയടി, 50 ലക്ഷം; ഇടത്തരക്കാർക്കു പറ്റിയ കന്റെംപ്രറി വീട്

Sreedevi

Sr. Subeditor, Vanitha veedu

imthias1

ബോക്സ് ശൈലിയിലുള്ള വീടുകൾക്ക് പ്രകൃതിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ പുറമെ കാണുന്ന ആകൃതി എന്തായാലും വീടിനെ പ്രകൃതിയോടു ചേർത്തുനിർത്താൻ സാധിക്കും എന്നതാണ് വാസ്തവം. പ്രകൃതിയെ വീടിനുള്ളിലേക്കു കൊണ്ടുവരിക എന്ന തത്വത്തിലൂന്നിയുള്ള ‘ബയോഫിലിക് ആർക്കിടെക്ചറിന്റെ’ ആരാധകരുടെ എണ്ണം കൂടിയതോടെ മിക്ക വീടുകളിലും പച്ചപ്പു നിറഞ്ഞ കോർട്‌യാർഡോ പാഷ്യോയോ വലിയ ജനാലകളോ ഒക്കെ സാധാരണയായി.

മിനിമലിസ്റ്റിക് ശൈലി പിൻതുടരുന്ന, ബോക്സ് ആകൃതിയിലുള്ള വീടാണിത്. മലപ്പുറം മക്കരപ്പറമ്പിൽ സർക്കാർ ഉദ്യോഗസ്ഥനായ അഷ്റഫിനും കുടുംബത്തിനും വേണ്ടി നിർമിച്ച ഈ വീടിന് ‘ കാന്റിലിവർ ഹൗസ്’ എന്നാണ് ആർക്കിടെക്ട് ടീം പേരിട്ടത്.

imthias2 Dining room, Wash area

ആറ് സെന്റാണ് പ്ലോട്ടിന്റെ വലുപ്പം. ഒരു വൃത്തം നാലായി വിഭജിച്ചതിൽ ഒന്നിന്റെ ആകൃതിയാണ് പ്ലോട്ടിന്. പ്ലോട്ടിന്റെ ഇരുവശത്തും റോഡുമുണ്ട്. ഈ പ്രത്യേകതകൾ കണക്കിലെടുത്ത് ‘T’ ആകൃതിയാണ് വീടിനു നൽകിയത്.

വീട്ടുകാരും അതിഥികളുമെല്ലാം പൊതുവായി ഉപയോഗിക്കുന്ന ‘പബ്ലിക് സോണും’ വീട്ടുകാർ മാത്രമുപയോഗിക്കുന്ന ‘പ്രൈവറ്റ് സോണു’മായി വീടിനെ തിരിച്ചു. T ആകൃതിയുടെ രണ്ട് ഭാഗത്ത് വ്യത്യസ്ത സോണുകൾ വരുന്ന വിധത്തിലാണ് മുറികളുടെ ക്രമീകരണം. രണ്ട് സോണുകളും കൂടിച്ചേരുന്നിടത്ത് ‘സെമി പ്രൈവറ്റ് സോൺ’ ആയ ഡൈനിങ് ഏരിയ വരുന്നു.

imthias3 Kitchen, Sitout

പുറത്തേക്ക് അഞ്ച് മീറ്റർ കാന്റിലിവർ ബീം കൊടുത്ത് തള്ളി നിർത്തിയ മുകളിലെ കിടപ്പുമുറിയാണ് എക്സ്റ്റീരിയറിന്റെ ആകർഷണം. ഈ ബെഡ്റൂമിനു താഴെ കാർപോർച്ചാണ്. ത്രികോണാകൃതിയിലുള്ള ചില ഡിസൈനുകളും എക്സ്റ്റീരിയറിൽ കാണാം. ചുവരുകളുടെ വിരസത മാറ്റാനും ജാളി എന്ന നിലയിലും ഈ ഡിസൈൻ പ്രയോജനപ്പെടും.

ഓപ്പൻ പ്ലാൻ ആണ് പിൻതുടർന്നത്. വലിയ ഹാളിനെ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയുമായി വിഭജിച്ചു.

താഴെയും മുകളിലും ഈരണ്ട് വീതം കിടപ്പുമുറികളാണ്. അടുക്കളയോടു ചേർന്ന് വർക്ഏരിയയോ സ്റ്റോർ റൂമോ വേണ്ട എന്നത് വീട്ടുകാരുടെ നിർദേശമായിരുന്നു. അതുകൊണ്ട് അടുക്കളയിൽ പരമാവധി സ്റ്റോറേജ് നൽകി.

Imthias4 Bedroom

വലിയ ജനാലകളും സ്കൈലൈറ്റുകളും പ്രകാശം നിറയ്ക്കുന്ന, ഇൻഡോർ പ്ലാന്റ്സിനാൽ സമ്പന്നമായ അകത്തളമാണ് വീടിനുള്ളത്. അലങ്കാരങ്ങളുടെയോ നിറങ്ങളുടെയോ അതിപ്രസരമില്ല. വെള്ളയുടെയും ചാരനിറത്തിന്റെയും വിവിധ ഷേഡുകളാണ് അകത്തളത്തിൽ ഉപയോഗിച്ചത്. തടിയുടെ ടെക്സ്ചറും ഡിസൈനുമുള്ള വിട്രിഫൈഡ് ടൈലുകൾ ഫ്ലോറിങ്ങിന് ഉപയോഗിച്ചു. തടിക്കുള്ള വലിയ വില നൽകാതെത്തന്നെ ക്ലാസിക് ലുക്ക് ഇന്റീരിയറിനു ലഭിച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ ഗുണം.

Project Facts

Area: 2200 sqft Owner: അഷ്റഫ് പെരുമ്പള്ളി & സുഹ്റാബി Location: മക്കരപ്പറമ്പ്, മലപ്പുറം

Design: ഇൻഗ്രിഡ് ആർക്കിടെക്ട്സ്, കോഴിക്കോട് ar.imthiyaz@gmail.com