Saturday 10 April 2021 04:08 PM IST

ഇവിടുത്തെ കാറ്റാണ് കാറ്റ്! ഇടുക്കിയിലെ കാറ്റിനെ തോൽപിക്കും ഈ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

wind 1

കട്ടപ്പനക്കാരൻ അഡ്വ. ജിൻസ് മാത്യു വീടു പണിതപ്പോൾ രണ്ട് കാര്യമാണ് പ്രധാനമായും ആവശ്യപ്പെട്ടത്. താഴേക്ക് ചരിഞ്ഞ പ്ലോട്ടിനെ മറികടക്കുന്ന പ്ലാൻ വേണം, ഇടുക്കിയിലെ കാറ്റും തണുപ്പും വീടിനകത്തും ലഭിക്കണം. ഡിസൈനർ ദമ്പതികളായ വിനീത് സി. ജോയിയും സിനിയും ജിൻസിന്റെ ആഗ്രഹത്തിനും മേലെയുള്ള വീടാണ് പണിതു നൽകിയത്. ഇടുക്കിയുടെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഡിസൈനാണ് ഇവർ സൃഷ്ടിച്ചത്.

wind 4

ട്രോപ്പിക്കൽ - കൊളോണിയൽ ശൈലിയിലുള്ള വീടാണ്. മേൽക്കൂരയിൽ ഫ്ലാറ്റ് ഓടാണ് പാകിയത്. വീടിന് അഭിമുഖമായുള്ള മലയിൽ തീ പിടിക്കുമ്പോൾ കളകളുടെ വിത്ത് പാറി വന്ന് ഓടിൽ വീണ് പുല്ലു വളരുന്നത് ഒഴിവാക്കാനാണ് ഫ്ലാറ്റ് ഓട് നൽകിയത്. കാറ്റത്ത് ഓട് പറന്ന് വീണു പൊട്ടുന്നത് ഒഴിവാക്കാൻ കോൺക്രീറ്റ് ടൈൽ തിരഞ്ഞെടുത്തു.

wind 6

പ്ലോട്ടിന്റെ ചരിവിനെ മറികടക്കാൻ കോളം നൽകി. 6000 ചതുരശ്രയടിയുള്ള വീട്ടിൽ ആറ് കിടപ്പുമുറികളാണുള്ളത്. താഴെ   അഞ്ചും മുകളിൽ ഒന്നും. താഴത്തെ നിലയിൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക് ഏരിയ എന്നിവയുമുണ്ട്. ലിവിങ്ങിലും ഫാമിലി ലിവിങ്ങിലും ഡൈനിങ്ങിലും ചുമരു നിറയുന്ന ടഫൻഡ് ഗ്ലാസ് വാതിലുകൾ നൽകിയത് പുറത്തെ പ്രകൃതി ഭംഗിയും തണുപ്പും അകത്തേക്ക് ആനയിക്കുന്നു. ഇതോടൊപ്പം സുരക്ഷയ്ക്കായി റോളർ ഷട്ടറുകൾ നൽകിയിട്ടുണ്ട്. ഊണുമുറിയിൽ നിന്ന് പുറത്തെ വരാന്തയിലേക്കിറങ്ങാം. 

wind 3

വെള്ള നിറത്തിലാണ് ഇന്റീരിയർ. എല്ലാ മുറികളുടെയും ഓരോ ചുമരിൽ വോൾ പേപ്പർ നൽകി. വോൾ പേപ്പർ വഴിയാണ് മുറികൾക്ക് നിറം നൽകിയത്.സ്റ്റെയർകെയ്സിനോട് ചേർന്ന്, ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ കോർട് യാർഡ് നൽകി അവിടെ ചെടികൾ വച്ച് മനോഹരമാക്കി. എം എസ് ഫാബ്രിക്കേഷനിൽ തടി പൊതിഞ്ഞാണ് ഗോവണി നിർമിച്ചത്.  സ്റ്റെയിൻലെസ് സ്റ്റീൽ ട്യൂബും സ്ട്രിങ്ങും തടിയും കൊണ്ട് റെയ്ലിങ് ഒരുക്കി.

wind 5

മുകളിലെ നിലയിൽ കിടപ്പുമുറി കൂടാതെ ഹോം തിയറ്ററും ഓഫിസ് റൂമുമുണ്ട്. പറമ്പിലെ തടി കൊണ്ടാണ് ജനലുകളും വാതിലുകളും പണിതത്. കിച്ചൻ കബോർഡുകളും വാഡ്രോ ബുകളും നിർമിച്ചത് പ്ലൈവുഡ് വിത് വെനീറിലാണ്. ഇന്റീരിയറിൽ അലങ്കാരങ്ങൾ അധികമൊന്നുമില്ല. ഇന്റീരിയർ വർക്കുകളും പ്ലൈവു ഡിലാണ് ചെയ്തത്. ഫ്ലോറിങ്ങും അടുക്കളയിലെ കൗണ്ടർടോപ്പും ഗ്രാനൈറ്റ് കൊണ്ടാണ്. എല്ലാ മുറികളിലും എൽഇഡി ലൈറ്റാണ്. ലാൻഡ്സ്കേപ്പും വളരെ ലളിതമായാണ് ഒരുക്കിയത്. ചുറ്റും പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുമ്പോൾ മറ്റ് അലങ്കാരങ്ങളുടെ ആവശ്യമില്ലല്ലോ ...

wind 7

1.

കടപ്പാട്:

വിനീത് സി. ജോയ്

സിനി വിനീത്

ഡിസൈൻ ഗ്രൂവ്

പിറവം, എറണാകുളം

Ph: 9895758255

designgrooveO1@gmail.com

Tags:
  • Vanitha Veedu