Tuesday 22 February 2022 12:06 PM IST

എപ്പോൾ വേണമെങ്കിലും പൊളിച്ചുമാറ്റാവുന്ന കോർട്‌യാർഡും പോർച്ചും; ഇനിയുമുണ്ട് ഈ വീടിന് ആകർഷണങ്ങൾ

Sunitha Nair

Sr. Subeditor, Vanitha veedu

1-New

5000 ചതുരശ്രയടിയുള്ള വീട്ടിൽനിന്ന് 2600 ചതുരശ്രയടിയുള്ള വീട്ടിലേക്ക് താമസം മാറുന്ന അമ്മയ്ക്കും മകനുമായി ഒരുക്കിയ വീടാണിത്. അച്ഛന്റെ മരണശേഷം വലിയ വീട്ടിലെ ഒറ്റപ്പെടൽ ഒഴിവാക്കാനാണ് കണ്ണൂരില്‍ കോളജ് അധ്യാപകനായ കിരണ്‍ അമ്മയോടൊപ്പം പുതിയ വീട്ടിലേക്കു മാറിയത്. ആർക്കിടെക്ട് രിഖിന ഒരുക്കിയ പുതിയ വീട്ടിൽ കിരണും അമ്മയും ഹാപ്പിയാണ്.

12 സെന്റ് ഉണ്ടെങ്കിലും വാസ്തുപ്രകാരം എട്ട് സെന്റിലേ സ്ഥിരമായ നിർമാണം നടത്താൻ സാധിക്കുമായിരുന്നുള്ളൂ. ചുറ്റും ബന്ധുക്കളുള്ളതിനാല്‍ എല്ലാവർക്കും ഒന്നിച്ചിരുന്ന് സംസാരിക്കാനുള്ള സൗകര്യം വേണമെന്ന് കിരൺ ആവശ്യപ്പെട്ടിരുന്നു. അതിന് കോർട്‌യാർഡ് നൽകാമെന്ന് രിഖിന തീരുമാനിച്ചു. എന്നാൽ എട്ട് സെന്റിൽ നിർമാണം ഒതുക്കണം എന്ന സാഹചര്യത്തിൽ കോർട്‌യാർഡും പോർച്ചും നൽകുന്നതൊരു വെല്ലുവിളിയായി മാറി. എട്ട് സെന്റിന് അപ്പുറത്തേക്ക് താൽക്കാലിക നിർമാണം ആകാമല്ലോ എന്ന് അപ്പോഴാണ് രിഖിന ചിന്തിക്കുന്നത്. അതോടെ കാര്യങ്ങൾ എളുപ്പമായി.

അങ്ങനെ കോർട്‌യാർഡും പോർച്ചും വേറിട്ട ഭംഗിയിൽ പിറന്നു. എപ്പോൾ വേണമെങ്കിലും ഇവ പൊളിച്ചുമാറ്റാമെന്ന രീതിയിലാണ് പണിതിരിക്കുന്നത്. ബാക്കിയുള്ള സ്ഥലം മുഴുവൻ ലാൻഡ്സ്േകപ്പിങ് ചെയ്തു. കോർട്‌യാർഡ്, ലാൻഡ്സ്കേപ് എന്നിവിടങ്ങളിലേക്കു തുറക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. അടുക്കളയിൽനിന്നു വരെ ലാൻഡ്സ്കേപ്പിലേക്കു കാഴ്ചയെത്തും.

3-New സ്വീകരണമുറി, കോർട്‌യാർഡ്

തൊട്ടടുത്തുള്ള ബന്ധുക്കളിൽ പലരും ഡോക്ടർമാർ ആയതിനാൽ എപ്പോഴും സന്ദർശകരുടെ തിരക്കുണ്ട്. അതിൽനിന്ന് ഒരു സ്വകാര്യത എന്ന നിലയിൽ കൂടിയാണ് കോർട്‌യാർഡ് രൂപകൽപന ചെയ്തത്. കിഴക്കും തെക്കും നല്ല തിരക്കുള്ള വഴികളാണ്. വടക്കും പടിഞ്ഞാറും വീടുകളും. വീടിന്റെ മറ്റിടങ്ങൾക്കും പോർച്ചിനുമിടയ്ക്കായി കോർട്‌യാർഡ് നൽകിയപ്പോൾ വീടിന്റേതായ ഫീൽ ലഭിച്ചു. അതുമാത്രമല്ല, വീടിനുള്ളിൽ നിറയെ കാറ്റും വെളിച്ചവും കിട്ടി എന്ന അധിക ഗുണവുമുണ്ട്. കോർട്‌യാർഡിലേക്ക് പ്രവേശിക്കാൻ സ്ലൈഡിങ് വാതിലുകൾ നൽകി.

4-New ഊണുമുറി, ഗോവണി

വെർട്ടിക്കൽ ഗാർഡൻ നൽകി പോർച്ചിനെ മറച്ചതിനാൽ ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയില്ല. പോർച്ചിന്റെ മുകളിൽ ചൂട് കുറയ്ക്കാനുള്ള ഷീറ്റ് നൽകിയിട്ടുണ്ട്. പുറമേയ്ക്ക് ഇതു കാണാനാവില്ല. മഴവെള്ളം പോകാനുള്ള സൗകര്യവും ഈ ഷീറ്റിലുണ്ട്. എക്സ്റ്റീരിയർ ചുമരിന് കോൺക്രീറ്റ് ഫിനിഷ് നൽകി. ചതുരശ്രയടിക്ക് 200 രൂപ നിരക്കിൽ ചെയ്ത ഈ ഫിനിഷ് പുട്ടിക്കു മുകളിലാണ് നൽകിയത്. പ്ലാസ്റ്ററിങ് ചെയ്തപ്പോൾ തന്നെ ഇവിടെ ഗ്രൂവ് നൽകിയിരുന്നു. മുറ്റത്ത് ബാംഗ്ലൂർ ടൈൽ വിരിച്ചു.

2-New മുകളിലെ സ്വീകരണമുറി

കന്റെംപ്രറി ശൈലിയിലുള്ള വീട് വേണമെന്ന് വീട്ടുകാർ നിഷ്കർഷിച്ചിരുന്നു. ഇടങ്ങളെല്ലാം ഉപയോഗപ്രദവും പരസ്പരപൂരകങ്ങളുമാകണമെന്നും കിരൺ രിഖിനയോട് ആവശ്യപ്പെട്ടിരുന്നു. താഴത്തെ നില അമ്മയ്ക്കായി വിട്ടുകൊടുത്തു. മുകളിലെ നില മുഴുവനായും കിരണിനു വേണ്ടി ഡിസൈൻ ചെയ്തു. ഫോയർ, ലിവിങ്, പൂജ, ഡൈനിങ്, അടുക്കള, വർക്ഏരിയ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. വർക്ഏരിയയും കിടപ്പുമുറിയുമൊഴിച്ച് ബാക്കിയെല്ലാം ഓപൻ ആയതു കൊണ്ട് വീടിന് വലുപ്പം തോന്നിക്കും.

5-New പോർച്ചിന്റെ കാഴ്ച, കിരണും അമ്മയും

മുകളിൽ വർക് സ്റ്റേഷൻ, ലിവിങ് ഏരിയ, ഒരു കിടപ്പുമുറി എന്നിവയാണുള്ളത്. മുകളിലെ ലിവിങ് ഏരിയ നല്ല വലുപ്പത്തിൽ വേണമെന്നത് കിരണിന്റെ ആവശ്യമായിരുന്നു.‌ ഇന്റീരിയറിൽ പാനലിങ്ങും സിഎൻസി കട്ടിങ്ങും ചെയ്ത് ഭംഗിയേകിയിട്ടുണ്ട്. പ്ലൈ വിത് വെനീറാണ് പാനലിങ്ങിന് ഉപയോഗിച്ചത്. വുഡൻ, ഗ്രേ, വെള്ള ടൈലുകളാണ് ഫ്ലോറിങ്ങിന്.

6-New സ്വീകരണമുറി, രിഖിന അഖിൽ

തേക്കു കൊണ്ടാണ് ജനലുകളും വാതിലുകളും. നേരത്തെയുണ്ടായിരുന്ന തേക്കിന്റെ വാഡ്രോബുകളാണ് കിടപ്പുമുറിയിൽ. കട്ടിലുകളും തേക്കു കൊണ്ടുള്ളവയാണ്. ലിവിങ്, ഡൈനിങ് ഏരിയയിലെ ഫർണിച്ചർ വാങ്ങിയതാണ്. ലൈറ്റുകളുൾപ്പെടെ എല്ലാ സാമഗ്രികളും കണ്ണൂരിൽ നിന്നുതന്നെ വാങ്ങി. ലാമിനേറ്റഡ് മറൈൻ പ്ലൈ കൊണ്ടാണ് അടുക്കളയുടെ കാബിനറ്റുകൾ പണിതത്. ലാളിത്യം മുഖമുദ്രയാക്കിയ ഈ വീട് കണ്ടാൽ ആർക്കും ഇഷ്ടം തോന്നുമെന്നതിന് സംശയമില്ല.