Friday 30 April 2021 04:45 PM IST : By സ്വന്തം ലേഖകൻ

ട്രെയിനിന്റെ ആകൃതിയാണ് പ്ലോട്ടിന്, 10.15 മീറ്റർ മാത്രം വീതി, പ്ലോട്ടിന്റെ ഇടുക്കം അകത്ത് അനുഭവപ്പെടുന്നില്ല

sager 1

 അനുയോജ്യമായ ചുറ്റുപാടുകൾ ഇല്ലാത്ത പ്ലോട്ടിൽ വീടുപണിയുക എന്നത് ആർക്കിടെക്ടിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. ആർക്കിടെക്ട് സാഗർ ജേക്കബ് ഷാജി ഈ വെല്ലുവിളി ഏറ്റെടുക്കാൻ രണ്ട് കാരണമുണ്ട്. പുതുതായി പഠിച്ചിറങ്ങിയ ആർക്കിടെക്ടിന് കഴിവു തെളിയിക്കാൻ കിട്ടിയ അവസരം എന്നത് ഒരു കാരണം. സ്വന്തം വീട് ഏറ്റവും നന്നായി തന്നെ ഡിസൈൻ ചെയ്ത് അച്ഛനമ്മമാർക്ക് സമ്മാനിക്കുക എന്ന സന്തോഷം മറ്റൊന്ന്. വ്യക്തവും കൃത്യവുമായ പ്ലാനിങ്ങിലൂടെ സാഗർ, പരിമിതികളെല്ലാം അതിജീവിച്ച് തൃശൂർ ലൂർദ്നഗറിൽ മനോഹരമായ ഒരു വീട് സ്വന്തമാക്കി.

sager 6

ട്രെയിനിന്റെ ആകൃതിയാണ് പ്ലോട്ടിന്. 11.25 സെന്റ് ഉണ്ടെങ്കിലും വെറും 10.15 മീറ്റർ മാത്രം വീതി. തൊട്ടടുത്ത് വീടുകളുമുണ്ട്.  പ്ലോട്ടിന്റെ ഇടുക്കം വീടിനകത്ത് അനുഭവപ്പെടാതിരിക്കാൻ ശ്രദ്ധിച്ചാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.ഇടുങ്ങിയ പ്ലോട്ടും ഇരുവശങ്ങളിലുള്ള വീടുകളും കാറ്റും വെളിച്ചവും മുറികളിലേക്കു കയറുന്നതിന് വിഘാതമായിരുന്നു. അതിനെ അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് പ്ലാനിങ് സ്റ്റേജിൽ തന്നെ സാഗർ ചിന്തിച്ചിരുന്നു.

sager 7

സ്വീകരണമുറി ഡബിൾ ഹൈറ്റിൽ നിർമിച്ച് മുകളിൽ ഇരുവശങ്ങളിലും നാലുവീതം ജനലുകൾ നിർമിച്ചത് വായുസഞ്ചാരം കൂട്ടി. മാത്രമല്ല, മുകളിൽ സൺലിറ്റും കൊടുത്തു. ഇപ്പോൾ വൈകിട്ട് ഏഴ് മണിവരെ അകത്തളത്തിൽ കൃത്രിമവെളിച്ചം വേണ്ട.

sager 2

ഓപൻ പ്ലാൻ ആണ് സ്വീകരിച്ചത്. വാസ്തുപ്രകാരം വീട് ഡിസൈൻ ചെയ്തതിനാൽ ഗോവണി കാഴ്ചയെ തടസ്സപ്പെടുത്തുമെന്നു തോന്നി. ഇതൊഴിവാക്കാൻ ഗോവണിയെ ഒരു അരികിലേക്കു മാറ്റി. വീതി കുറഞ്ഞ സ്ഥലത്ത് കോൺക്രീറ്റ് ഗോവണി ഇടുക്കം കൂട്ടുമെന്നതിനാൽ സ്റ്റീൽ ഫ്രെയിമിൽ ഗ്ലാസും തടിപ്പലകയും ഇട്ടാണ് ഗോവണി ക്രമീകരിച്ചത്.സ്ഥലപരിമിതിക്കിടയിലും ഡൈനിങ്ങിൽ നിന്ന് പാഷ്യോ നിർമിച്ചിട്ടുണ്ട്. മുകളിൽ ഗ്രില്ലും വശങ്ങളിൽ ഗെയ്റ്റും വച്ച് ഇവിടം സുരക്ഷിതമാക്കി.

sager 3

താഴെ രണ്ടും മുകളിൽ ഒന്നും എന്ന കണക്കിന് മൂന്ന് കിടപ്പുമുറികളാണ് ഈ വീട്ടിൽ. കിടപ്പുമുറികളിൽ നിന്നെല്ലാം വലിയ ജനലുകൾ പച്ചപ്പിലേക്കു തുറക്കും വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. നീളത്തിലുള്ള പ്ലോട്ട് ആയതിനാൽ വീടിനു പിറകിലെ ഏകദേശം ഏഴ് മീറ്റർ നീളമുള്ള സ്ഥലത്ത് ഒരു മിയാവാക്കി വനം സെറ്റ് ചെയ്തിട്ടുണ്ട്.

sager 4

ലിവിങ് ഏരിയയുടെയും മുകളിലെ കിടപ്പുമുറിയുടെയും മുകളിൽ ഒരു ആറ്റിക് സ്പേസ് വരുന്നുണ്ട്. ഇതാണ് എക്സ്റ്റീരിയറിൽ കാണുന്ന ചരിഞ്ഞ മേൽക്കൂര. ഈ ആറ്റിക് സ്പേസ് മുകളിലെ ചൂട് കുറയ്ക്കും. ഇവിടം സ്റ്റോറേജ് ആക്കാം. മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം സൂക്ഷിക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

sager 5

ഡിസൈന്‍: സാഗർ ജേക്കബ് ഷാജി

സാഗർ ജേക്കബ് ഷാജി, ആർക്കിടെക്ട്, തൃശൂർ  

ar.sjacs@gmail.com

Tags:
  • Vanitha Veedu