Monday 03 May 2021 01:01 PM IST : By സ്വന്തം ലേഖകൻ

പുതുക്കിപ്പണിതതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, പുറം ഭിത്തി പൊളിച്ചില്ല, പക്ഷേ വീട് അടിമുടി മാറി

renovation 1

തുക്കിപ്പണിതതാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്രയ്ക്ക് മാറ്റമാണ് കാക്കനാടിനടുത്ത് കിഴക്കമ്പലത്തുള്ള ബിജോയ് ഫിലിപ്പോസിന്റെ വീടിനുണ്ടായത്. 45 വർഷത്തിനു മുകളിൽ പഴക്കമുണ്ടായിരുന്നു വീടിന്. ചിതൽ ശല്യവും ചില ഭാഗങ്ങൾ ദ്രവിച്ചുപോയതുമെല്ലാം വീടുപുതുക്കലിനെക്കുറിച്ച് കാര്യമായി ചിന്തിക്കാൻ ബിജോയ്‌യെ പ്രേരിപ്പിച്ചു. എറണാകുളത്തുള്ള ഡിസൈനർ മനാഫ് കരീമിനെയാണ് വീട് പുതുക്കാൻ ഏൽപിച്ചത്. തറയും പുറം ഭിത്തികളുമൊഴികെ എല്ലാം മാറ്റേണ്ടിവരുമെന്ന് മനാഫ് ആദ്യമേ പറഞ്ഞു.

∙ ഒറ്റനിലയാണ് പുതിയ വീട്. പഴയ വീടിന്റെ മുകളിലെ നിലയിൽ ചിലയിടത്ത് ഷീറ്റ് ആയിരുന്നു. അതു മാറ്റി, ട്രസ്സ് ചെയ്ത് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത ഓടിട്ടു. ട്രസ്സ് ചെയ്ത ഭാഗം സാധനങ്ങൾ സൂക്ഷിക്കാൻ പ്രയോജനപ്പെടുത്തി.

∙ കാർപോർച്ചുകളുടെ സ്ഥാനവും എണ്ണവും അടിമുടി മാറ്റി. പഴയ കാർപോർച്ച് പൊളിച്ച് അവിടെ അലങ്കാരക്കുളം പണിതു. സിറ്റ്ഔട്ടിനു മുന്നിലും വീടിന്റെ പ്രധാനഘടനയിൽനിന്നു വിട്ടുമാണ് പുതിയ കാർപോർച്ചുകൾ.

renovation 7

∙ പഴയ വീടിന്റെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഉള്ളിലേക്ക് ആവശ്യത്തിന് പ്രകാശം കിട്ടാത്തതായിരുന്നു. ജനലുകളും വാതിലുകളും മുഴുവൻ മാറ്റി. കൂടുതൽ കാറ്റും വെളിച്ചവും കയറുന്ന വലിയ ജനലുകൾ സ്ഥാപിച്ചു. പഴയ വീടിന്റെ തടിപോലും ഉപയോഗശൂന്യമായിരുന്നു.

∙ പഴയ വീടിന്റെ വരാന്ത മുറിച്ച് സ്വീകരണമുറിയോടു ചേർത്തു. ഇപ്പോഴത്തെ ഫോർമൽ ഫാമിലി ലിവിങ്ങുകളിൽ കൂടുതൽ സ്ഥലമുണ്ടായതിന്റെ രഹസ്യം അതാണ്. പഴയ ഡൈനിങ് ഏരിയയാണ് പുതിയ ഫാമിലി ലിവിങ്. പഴയ അടുക്കള പുതിയ ഡൈനിങ് ഏരിയയാക്കി. പ്രകാശം വളരെ കുറഞ്ഞ മുറിയായിരുന്നു ഇത്. സിറ്റ്ഔട്ടിലേക്കു തുറക്കുന്ന വലിയ ജനലുകൾ സ്ഥാപിച്ചാണ് പുതിയ ഡൈനിങ്ങിൽ വെളിച്ചം നിറച്ചത്. കൂടാതെ, ഡൈനിങ്ങിലെ ജനലുള്ള ചുമരിന് എതിർവശത്ത് ചെറിയ കോർട്‌യാർഡും ക്രമീകരിച്ചിട്ടുണ്ട്. ഈ കോർട്‌യാർഡിനും പുറത്തെ മതിലിനും ഇടയിലുള്ള സ്ഥലം ഭാവിയിൽ സ്വിമിങ് പൂൾ ആക്കാനാണ് ഉദ്ദേശ്യം.

renovation 4

∙ വളരെ കുറച്ച് ഏരിയ മാത്രമാണ് പഴയ വീടിനോടു കൂട്ടിച്ചേർത്തത്. പഴയ വീടിനോടു ചേർന്ന് പുറത്തുണ്ടായിരുന്ന കെട്ടിടം കൂട്ടിച്ചേർത്ത് അടുക്കളയാക്കി. നീളത്തിലുള്ള ഈ അടുക്കള രണ്ടാക്കി ഒരു ഭാഗം വർക്ഏരിയയാക്കി. 3200 ചതുരശ്രയടിയാണ് പുതിയ വിസ്തീർണം.

∙ ആർച്ചുകളാണ് തീർത്തും ഉപേക്ഷിച്ച മറ്റൊരു ഘടകം. സ്വീകരണമുറിയിൽ നിന്ന് ഡൈനിങ്ങിലേക്കും അവിടെനിന്ന് അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കു തുറക്കുന്ന ഇടനാഴിയിലേക്കുമൊക്കെ ആർച്ചുകളുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചുമാറ്റി. മാത്രമല്ല, ഉയരം കുറഞ്ഞ മുറികളായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. പുതുക്കിപ്പണിതപ്പോൾ കെട്ടിടത്തിന്റെ ഉയരവും കൂട്ടി.

renovation 2

∙ മണ്ണ്കൊണ്ടുള്ള തേപ്പായിരുന്നു പഴയ കെട്ടിടത്തിന്റെ ചുവരുകൾക്ക്. അതുകൊണ്ട് മണ്ണ് ഈർപ്പം വലിച്ചെടുത്ത് ഉണ്ടാക്കിയ പ്രശ്നങ്ങളായിരുന്നു കൂടുതൽ. ചിതലിനു കാരണമായതും ഇതുതന്നെ. മണ്ണുകൊണ്ടുള്ള പ്ലാസ്റ്ററിങ് മുഴുവൻ നീക്കം ചെയ്ത് കോൺക്രീറ്റ് കൊണ്ട് പ്ലാസ്റ്ററിങ് ചെയ്യേണ്ടിവന്നു. മൊസെയ്ക് ചെയ്ത നിലവും മുഴുവൻ കുത്തിപ്പൊളിച്ചു കളയേണ്ടിവന്നു. മൂന്ന് തരം ടൈലുകളാണ് പകരം വിരിച്ചത്. തടിയുടെ ടെക്സ്ചറുള്ള ടൈലാണ് സിറ്റ്ഔട്ട്, ലിവിങ്, ഫാമിലി ലിവിങ് എന്നിവിടങ്ങളിൽ. ഡൈനിങ്ങിലും അടുക്കളയിലും സ്റ്റോൺ ഫിനിഷുള്ള ടൈൽ വിരിച്ചു. കിടപ്പുമുറികൾക്കെല്ലാം ഓഫ്‌വൈറ്റ് നിറവും മാറ്റ് ഫിനിഷുമുള്ള വിട്രിഫൈഡ് ടൈലാണ്.

∙ പഴയ കിടപ്പുമുറികളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സൗകര്യം വർദ്ധിപ്പിച്ചു. നാല് കിടപ്പുമുറികളാണ്. ഫാമിലി ലിവിങ് റൂമിൽ നിന്നു പ്രവേശിക്കാവുന്ന കോറിഡോറിനു ചുറ്റുമുള്ള മുറികൾക്ക് സ്ഥാനഭ്രംശമില്ല. എല്ലാ കിടപ്പുമുറികളും ഒരേ ശൈലിയിൽ ക്രമീകരിച്ചു. സോഫ്ട് ഫർണിഷിങ്ങിന്റെ നിറംപോലും ഒരുപോലെയാണ്. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം ഇല്ലാത്തത് പഴയ വീടിന്റെ ന്യൂനതയായിരുന്നു. അച്ഛനമ്മമാർ ഉപയോഗിക്കുന്ന കിടപ്പുമുറിയുടെയും മാസ്റ്റർ ബെഡ്റൂമിന്റെയും ഇടയിലുണ്ടായിരുന്ന വലിയ ബാത്‍റൂം രണ്ടാക്കി രണ്ടു മുറികളോടു ചേർത്തു. അച്ഛനമ്മമാരുടെ കിടപ്പുമുറിയോടു ചേർന്ന് ഒരു ഡ്രസ്സിങ് റൂമിനും സ്ഥലം കിട്ടി. മാസ്റ്റർ ബെഡ്റൂം നീട്ടിയെടുത്ത്, ഡ്രസ്സിങ്ങും ബാക്കി സ്ഥലത്ത് ബാൽക്കണിയും ക്രമീകരിച്ചു. മകളുടെ മുറിയിലും അതിഥികൾക്കുള്ള മുറിയിലും ഡ്രസ്സിങ് ഏരിയയും ബാത്റൂമും കൂട്ടിച്ചേർത്തു. കട്ടിലിന്റെ ഹെഡ്റെസ്റ്റിന്റെ പിറകിലുള്ള ഭിത്തിയിൽ മാത്രം ചാരനിറത്തിലുള്ള വോൾ പേപ്പർ ഒട്ടിച്ചു. പഴയ വീട്ടിൽ കോറിഡൊറിന്റെ അറ്റത്തുണ്ടായിരുന്ന ചെറിയ മുറി, ഇസ്തിരിയിടാനുള്ള സ്ഥലമാക്കിമാറ്റി.

renovation 3

∙ പ്രകൃതിദത്ത പ്രകാശത്തിനൊപ്പം കൃത്രിമപ്രകാശത്തിനും പ്രാധാന്യം നൽകിയാണ് വീടു പുതുക്കിയത്. എല്ലാ മുറിയിലും മിനിമം അളവിൽ ഫോൾസ്‌സീലിങ് ചെയ്ത് ലൈറ്റ് ഉറപ്പിച്ചു. കബോർഡെല്ലാം മറൈൻ പ്ലൈകൊണ്ടാണ്.

∙ പുതുക്കിയ വീട്ടിൽ പഴയ വീടിന്റേതായ ഒന്നുംതന്നെ വേണ്ട എന്ന തീരുമാനമാണ് ബിജോയും ഭാര്യ എമിയും എടുത്തത്. ഫർണിഷിങ്ങും ഫർണിച്ചറും ഉൾപ്പെടെ എല്ലാം പുതിയതു വാങ്ങി. കൂട്ടുകുടുംബമായതിനാൽ കൂടുതൽ പേർക്ക് ഭക്ഷണം കഴിക്കാവുന്ന വലുപ്പത്തിൽ ഡൈനിങ് േടബിൾ വേണമെന്നും തീരുമാനിച്ചു. ‘അലങ്കാരങ്ങൾക്കു വേണ്ടി സ്ഥലം കളയാത്ത മനോഹരമായ വീട്’ എന്ന ബഹുമതി തീർച്ചയായും ഈ വീടിനു നൽകാം. n

renovation 5

മനാഫ് കരിം

ഡിസൈനർ,

മാഡ് കോൺസെപ്റ്റ്സ്, കൊച്ചി

Tags:
  • Vanitha Veedu