Wednesday 02 February 2022 02:04 PM IST

ഗാന്ധി മാർഗത്തിൽ ഡോ.കസ്തുർബയുടെ സബർമതി; ഏഴ് ലക്ഷത്തിന് പ്രകൃതിയോടിണങ്ങിയ വീട്

Sona Thampi

Senior Editorial Coordinator

1

എല്ലാവരുടെയും ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ളത് ഭൂമിയിലുണ്ട്, എന്നാൽ അത്യാഗ്രഹങ്ങൾക്ക് തികയില്ല’ എന്ന ഗാന്ധി വചനത്തിൽ ഉൗന്നിയാണ് വയനാട് വെള്ളമുണ്ട മംഗലശ്ശേരിയിലുള്ള ‘സബർമതി’ എന്ന അവധിക്കാല വീടിന്റെ നിർമാണം. ഇതാണ് പ്രഫ. കസ്തൂർബയുടെയും അഡ്വ. രാജന്റെയും 40 ഏക്കറിനുള്ളിലെ സുന്ദരമായ ഫാംഹൗസ്.

7 മുളങ്കോലും പോളികാർബണേറ്റ് ഷീറ്റും ജാളിയും വിരിച്ച പോർച്ച്

കോഴിക്കോട് എൻ‌െഎടിയിലെ ആർക്കിടെക്ചർ വിഭാഗം മേധാവിയായ ഡോ. കസ്തൂർബയു‌ടെ ആശയമാണ് കുറഞ്ഞ ചെലവിൽ, കാലാവസ്ഥയോടും പ്രകൃതിയോടുമിണങ്ങിയ വീട്. കംപ്രസ്സഡ് സ്റ്റബിലൈസ്ഡ് എർത് ബ്ലോക്കുകൾ (CSEB) ആണ് 460 ചതുരശ്രയടിയുള്ള വീടിന് ഉപയോഗിച്ചത്.

2 വീടിനകത്തെ ഇടനാഴി

വയനാടൻ മണ്ണിൽ കളിമണ്ണിന്റെ അംശം കൂടുതലായതിനാൽ പ്ലോട്ടിൽനിന്നുള്ള മണ്ണ് എടുക്കുന്നതിനുപകരം കോഴിക്കോട് അരീക്കോടുള്ള വോൾടെക്കിൽ നിന്ന് 25 രൂപ വിലയുള്ള (ഗതാഗതച്ചെലവ് പുറമേ) 2500 സ്റ്റബിലൈസ്‍‍ഡ് ഇന്റർലോക് മൺകട്ടകൾ വാങ്ങുകയായിരുന്നു. മൂന്ന് ദിവസമേ വേണ്ടിവന്നുള്ളൂ ലിന്റൽ വരെ തീർക്കാൻ. സിമന്റിന്റെ അംശം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ ലിന്റലിനും ബീമുകൾക്കും മാത്രമാണ് സിമന്റ് ഉപയോഗിച്ചത്.

4 ഔട്ട്‌‍ഡോർ ഡൈനിങ് ഏരിയ

കോൺക്രീറ്റിനുപകരം വോൾട്ട് രീതിയിലുള്ള മേൽക്കൂരയ്ക്കും ഇതേ മൺകട്ടകളാണ് ഉപയോഗിച്ചത്. ചുമരിലെ കട്ടകൾ പോയിന്റ് ചെയ്തു മോടി കൂട്ടിയപ്പോൾ റൂഫിലെ കട്ടകൾക്ക് ക്ലിയർ കോട്ട് മാത്രം അടിച്ച് തനിമ നിലനിർത്തി. മാത്രമല്ല, വോൾട്ട് ഭാഗത്ത് മെസനിൻ ഫ്ലോർ കൂടി ലഭിച്ചതിനാൽ അവിടം ഉപയോഗപ്പെടുത്താം. തോട്ടത്തിൽ നിന്നു തന്നെയുള്ള കരിങ്കല്ല് അടുക്കിവച്ചാണ് തറ പണിതിരിക്കുന്നത്. ജിെഎ ഫ്രെയിമിൽ ഗ്ലാസ്സ് ഇട്ട് പോർച്ച് പണിതു. ഗ്ലാസ്സിനു താഴെ ടെറാക്കോട്ട ജാളിയും കൊടുത്തിരിക്കുന്നു.

5 ഓപൻ കിച്ചൻ

ചില്ലു വാതിലിന്റെ അകത്തേക്കു കടക്കുന്നത് ഒരു ഇടനാഴിയിലേക്കാണ്. അവിടെ കുഷനുകളിട്ട സോഫയാണ് ഇരിപ്പിടം. പുറകിൽ പ്രകൃതിയുടെ വശ്യഭംഗി. ഗെസ്റ്റ് ബെഡ്റൂം ഉൾപ്പെടെ രണ്ട് കിടപ്പുമുറികളുണ്ട്. അവയ്ക്ക് മുകളിൽ മെസനിൻ ഫ്ലോർ ഉള്ളതിനാൽ അവിടവും ഉപയോഗിക്കാം.

3 രണ്ടു കിടപ്പുമുറികളിലൊന്ന്

ഇടനാഴിയിലൂടെ നേരെ നടന്നാൽ പുറത്ത് ജിെഎ ഫ്രെയിമിലും മുളയിലും തീർത്ത ഡൈനിങ് സ്പേസ് കാണാം. ചുറ്റും വയർമെഷ് ആയതുകൊണ്ട് ഒൗട്ട്ഡോർ ഡൈനിങ്ങിന്റെ എല്ലാ സുഖവും ഇവിടെ കിട്ടും. മുകളിൽ പോളികാർബണേറ്റ് ഷീറ്റും. വീടിനകത്ത് ഒാപൻ കിച്ചനും ഒരുക്കിയിട്ടുണ്ട്. പ്രീ കാസ്റ്റ് കോൺക്രീറ്റ് കട്ടിളകളാണ് ജനലിനും വാതിലിനും. ചിലയിടത്ത് പഴയ നിർമാണവസ്തുക്കളും ഉപയോഗിച്ചു. റെഡ് ഒാക്സൈഡിനു പകരം സെറാമിക് ടൈലുകളും ഗതാഗതച്ചെലവും ആയപ്പോൾ അഞ്ച് ലക്ഷത്തിന് ഉദ്ദേശിച്ച വീടിന് ഏഴ് ലക്ഷം ചെലവായി.

6 മെസനിൻ ഫ്ലോർ, ഇടനാഴിയിലെ സോഫയും ഗ്ലാസ്സ് ഭിത്തികളും

പ്രകൃതിക്കിണങ്ങിയ രീതിയിൽ കാർബൺ ഫൂട്പ്രിന്റ് പരമാവധി കുറച്ചുളള കെട്ടിടം എന്ന കസ്തൂർബയുടെ സ്വപ്നമാണ് സബർമതി.

ചിത്രങ്ങൾ: ടിറ്റോ കെ. ജോസഫ്