Saturday 31 July 2021 12:24 PM IST

വലിയ മിനുക്കുപണികളില്ല അധിക അലങ്കാരങ്ങളുമില്ല, ഒറ്റ നോട്ടത്തിൽ മനസ്സ് കീഴടക്കുന്ന മാജിക്കുണ്ട്

Sunitha Nair

Sr. Subeditor, Vanitha veedu

rohit

ഇതൊരു സിംപിൾ വീടാണ്. മിനുക്കുപണികളോ വലിയ അലങ്കാരങ്ങളോ ഒന്നുമില്ല. കണ്ണൂർ അഞ്ചാംപീടികയിലുള്ള സുബിനും നിത്യയും ആർക്കിടെക്‌ട് രോഹിത് പാലക്കലിനെ സമീപിക്കുന്നത്. പൂർണമായും വാസ്തു നിയമങ്ങൾക്കനുസരിച്ചുള്ള മൂന്ന് ബെഡ്റൂമുള്ള വീട് വേണമെന്നായിരുന്നു ആവശ്യം.  കാർപോർച്ച് അടക്കം 2200 ചതുരശ്രയടിയാണ് വീട്.  ഫോയർ, ലിവിങ്, ഡൈനിങ്, സ്റ്റെയർ, കോർട്‌യാർഡ് എന്നിവയടങ്ങുന്ന പൊതു ഇടങ്ങളെല്ലാം ഒരൊറ്റ ഓപൻ യൂണിറ്റായാണ് രൂപകൽപന ചെയ്തതിരിക്കുന്നത്. ഇവയ്ക്കിടയ്ക്ക് വേർതിരിവുകൾ ഒന്നുമില്ല. വീടിനകം വിശാലമാക്കാനാണ് ഇങ്ങനെ ചെയ്തത്. കോർട്‌യാർഡിൽ തന്നെ പൂജായിടവും ഒരുക്കി. അടുക്കള, കിടപ്പുമുറി എന്നിവ മാത്രം വേർതിരിച്ചു.

rohit 2

ക്രോസ് വെന്റിലേഷൻ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ലിവിങ്ങിലും സ്റ്റെയർകെയ്സ് ഏരിയയിലും സ്കൈലൈറ്റും കൊടുത്തു. അങ്ങനെ ഇവ രണ്ടും വഴി വീടിനുള്ളിൽ വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കി. രണ്ട് സ്കൈലൈറ്റുകളും കോമൺ ഏരിയയിൽ തന്നെ നൽകിയത് മനഃപൂർവമാണ്. അതിനാൽ ഇവിടെ പകൽ ലൈറ്റിടേണ്ട ആവശ്യമേയില്ല. 25 സെന്റോളം ഉള്ളതുകൊണ്ട് വാസ്തുനിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കാൻ സാധിച്ചു. സ്ഥലം ഉള്ളതു കാരണം വെന്റിലേഷനുകളും പ്രയാസമില്ലാതെ കൃത്യമായി നൽകി.

rohit 3

പ്രാദേശികമായി ലഭിക്കുന്ന വെട്ടുകല്ലാണ് ഉപയോഗിച്ചത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലുമായി ചുമരിന്റെ മുപ്പത് ശതമാനത്തോളം എക്സ്പോസ്ഡ് ലാറ്ററൈറ്റ് നൽകിയത് അധികച്ചെലവില്ലാതെ വീടിന്റെ ഭംഗി കൂട്ടി. പഴയ തറവാടു വീട്ടിൽ നിന്നു തീർത്തും വിഭിന്നമാകാതിരിക്കാനായി കന്റെംപ്രറി ശൈലിക്കൊപ്പം ചെറുതായി ട്രെഡീഷനൽ ശൈലിയെ കൂടി കൂട്ടുപിടിച്ചിട്ടുണ്ട്. പോർച്ചിനും സിറ്റ്ഔട്ടിനും ചരി‍ഞ്ഞ മേൽക്കൂരയാണ്. ഇംപോർട്ടഡ് ടൈൽസ് പാകിയ മേൽക്കൂരയ്ക്ക് താങ്ങായി മുന്നിൽ ജിെഎ പൈപ്പുകൾ നൽകി.

rohit 4

എക്സ്റ്റീരിയറിൽ സ്റ്റോൺ ക്ലാഡിങ് പോലെ തോന്നിക്കുന്ന വർക് സിമന്റിൽ പെയിന്റ് ചെയ്യിച്ചെടുത്തു. പോർച്ചിന്റെ തൂണുകൾ വീതി കൂട്ടി ഡിസൈൻ ചെയ്തു; അവയിലും സ്റ്റോൺ വർക് ചെയ്തു. വർക്ഏരിയയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നിടത്ത് ഓർഗാനിക് ഗാർഡൻ ആണ്. ചെടികൾ പടർത്താനും വർക്ഏരിയയുടെ സുരക്ഷ ഉറപ്പാക്കാനും ഇവിടെ ഗ്രില്ലിട്ടു. ഊണുമുറിയോടു ചേർന്നുള്ള എക്സ്റ്റീരിയർ കോർട്ടിലെ കാഴ്ചകൾ ആസ്വദിക്കാനായി ഊണുമേശയ്ക്കു പിന്നിൽ വലിയ ജനാല നൽകി.

rohit 1

‘‘അടുക്കളയുടെ സ്ഥാനം വടക്കുകിഴക്ക് നൽകിയതിനാൽ അതിരാവിലെ നിറയെ സൂര്യപ്രകാശം അവിടെ എത്തും. അടുക്കളയിലെ ബാക്സ്പ്ലാഷിന്റെ ഡിസൈനും അൽപം വേറിട്ടതാണ്. 2x1 അടിയുള്ള ടൈൽ കണ്ടാൽ മൊസെയ്ക് പോലെ തോന്നും. ഡൈനിങ്ങിനെയും അടുക്കളയെയും ബന്ധിപ്പിക്കാൻ സീലിങ്ങിൽ നീളത്തിൽ നൽകിയ പ്ലൈവുഡ് പാനലിങ്ങിൽ രണ്ട് ഫാനും ലൈറ്റ് പോയിന്റുകളും നൽകി ഉപയോഗപ്രദമാക്കി. താഴത്തെ നിലയിലെ കിടപ്പുമുറി രണ്ടുമൂന്ന് പടി ഉയർത്തിയാണ് നൽകിയത്. കാരണം, വാസ്തുപ്രകാരം തെക്കുപടിഞ്ഞാറ് വശം അൽപം ഉയർന്നു നിൽക്കുന്നതു നല്ലതാണെന്നാണല്ലോ. മഞ്ഞ നിറത്തോട് വീട്ടുകാർക്കുള്ള പ്രതിപത്തി കണക്കിലെടുത്ത് ഒരു കിടപ്പുമുറി ആ നിറത്തിലാണ് ഒരുക്കിയത്. ലളിതമായ ജീവിതരീതി പിന്തുടരുന്ന വീട്ടുകാർ അതനുസരിച്ചുള്ള വീടാണ് ആവശ്യപ്പെട്ടത്. ചെലവു നിയന്ത്രിച്ച് വച്ച ഈ വീട്ടിൽ ആഡംബരങ്ങൾ ഒന്നും തന്നെയില്ല. ഫോൾസ് സീലിങ്, അധിക സ്കർട്ടിങ്ങുകൾ, മോൾഡുകൾ എല്ലാം ഒഴിവാക്കി. കൃത്രിമ അലങ്കാരങ്ങളില്ലാതെ വീടിനു ഭംഗിയേകുക ഒരു വെല്ലുവിളിയാണ്. അതിവിടെ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം.’’ രോഹിത് പറയുന്നു. 


ഡിസൈൻ: രോഹിത് പാലയ്ക്കൽ

നെസ്റ്റ്ക്രാഫ്റ്റ് ആർക്കിടെക്ചർ, കോഴിക്കോട്

info@nestcraftarchitecture.com

Tags:
  • Vanitha Veedu