Monday 19 April 2021 04:23 PM IST

ഒറ്റനിലയും ചരിഞ്ഞ മേൽക്കൂരയും: മലയാളിയുടെ ഒടുങ്ങാത്ത ഗൃഹാതുരതയുണർത്തും വീട്

Sreedevi

Sr. Subeditor, Vanitha veedu

sree 1

'നല്ല ഭംഗിയുള്ള വീട്!' പല വീടുകളും കാണുമ്പോൾ ഇങ്ങനെ തോന്നാറുണ്ട്. നല്ല ഭംഗിയുള്ള വീട് കിട്ടണമെങ്കിൽ നേരത്തെ കൃത്യമായി പ്ലാൻ ചെയ്യണം. അലങ്കാരത്തിനു വേണ്ടി പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാതെയാണ് തൊടുപുഴയിലെ കുമാർ ആൻഡ് കുമാർ ഡിസൈനേഴ്‌സ് ആൻഡ് ബിൽഡേഴ്സിലെ ഡിസൈനർ അനൂപ് കുമാർ  ചങ്ങനാശ്ശേരി നാലുകോടിയിലുള്ള ടോണിയുടെ വീട് ഭംഗിയാക്കിയത്. 

sree 2

ഒറ്റനിലയാണ് വീട്. ട്രെഡീഷണൽ ശൈലിക്ക് പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്ത ഈ വീട്ടിൽ മോഡേൺ സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റ് ആയി വാർത്ത വീടിന്റെ എക്സ്റ്റീരിയറിനെ കൂടുതൽ ഭംഗിയാക്കുന്നത് ചരിഞ്ഞ മേൽക്കൂരയാണ്‌. മുകളിൽ നല്ലൊരു സ്റ്റോറേജ് കിട്ടി എന്നതാണ് ഈ ട്രസ്സ് മേൽക്കൂര കൊണ്ടുണ്ടായ ഗുണം. വെട്ടുകൽ പാളി കൊണ്ട് ക്ലാഡിങ് ചെയ്തതും വീടിന്റെ ഭംഗി കൂട്ടി. അകത്തെ പ്രാർത്ഥന ഏരിയയിലും വെട്ടുകൽ ക്ലാഡിങ്ങിന്റെ തുടർച്ച ഉണ്ട്. കോൺക്രീറ്റും തടിയും കൊണ്ടുള്ള തൂണുകൾ ആണ് മറ്റൊരാകർഷണം.

sree 4

ചെലവു ചുരുക്കാനായി വരാന്തയും പോർച്ചും വാർക്കാതെ ട്രസ്സ് ചെയ്ത് ഓടിട്ടു . പില്ലർ പകുതി വാർത്തിട്ട് അതിനു  മുകളിലേക്ക് സ്ക്വയർ ട്യൂബ് നൽകി. തുറന്ന ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ആവശ്യമില്ലാത്തതിനാൽ വാർക്കയുടെ ചെലവു കുറയ്ക്കാമല്ലോ. രണ്ട് കാറുകൾ പാർക്ക് ചെയ്യാവുന്ന പോർച്ചിനും  L ആകൃതിയുള്ള വരാന്തയ്ക്കും ലളിതമായ, എന്നാൽ ഭംഗിയുള്ള തൂണുകളാണ്. വീടിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായ ജനലുകൾ ആണ് എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. വലിയ ജനലുകൾ വീടിനുള്ളിൽ ധാരാളം കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും നിറയ്ക്കും. കൂടാതെ, പച്ചപ്പ് നിറഞ്ഞ ഒരു കോർട് യാർഡും വീട്ടിനുള്ളിൽ നൽകിയിട്ടുണ്ട്. ഈ കോർട് യാർഡിനു ചുറ്റുമുള്ള പർഗോള ഡിസൈനും വീടിന്റെ ഭംഗിയാണ്. 

sree 5

ഓപൺ ഡിസൈൻ ആണ് അകത്തളങ്ങളിൽ സ്വീകരിച്ചത്. ലിവിങ് ഏരിയ, മറ്റു ഫാമിലി ഏരിയയിൽ നിന്ന് തടിയഴികൾ ഇട്ട സെപറേറ്റർ കൊണ്ട് വേർതിരിച്ചു. പ്രാർത്ഥനയ്ക്ക് കൂടുതൽ ആളുകളുള്ളപ്പോൾ ഫാമിലിയും ലിവിംഗ് റൂമും കണക്ട് ചെയ്യത്തക്ക വിധമുള്ള അഴികളാണ് ഈ മുറികളെ തിരിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഫാമിലി ലിവിങ്ങും പ്രാർത്ഥന ഏരിയയും ഡബിൾ ഹൈറ്റിൽ പണിതത് ഒറ്റ നില വീടിന്റെ ഭംഗി കൂടിയായി മാറി.

sree 6

വളരെ ലളിതമായി ആണ് അകത്തള അലങ്കാരം നിർവഹിച്ചിട്ടുള്ളത്. പേസ്റ്റൽ നിറങ്ങളും ലളിതമായ ഡിസൈനിലുള്ള ഫർണിച്ചറും കൊട്ടുകാഴചകൾ ഇല്ലാത്ത അകത്തളം സമ്മാനിക്കുന്നു. വീട്ടുകാർക്ക് വൃത്തിയായി കൊണ്ടു നടക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഈ ഡിസൈന്റെ മേന്മ. 2250 ചതുരശ്ര അടിയുള്ള ഈ വീട്ടിൽ അലങ്കാരത്തിനു മാത്രമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് പ്രത്യേകത.

sree 3

കടപ്പാട്:

അനൂപ് കുമാർ, 

ഡിസൈനർ,

കുമാർ ആൻഡ് കുമാർ ഡിസൈനേഴ്‌സ് ആൻഡ് ബിൽഡേഴ്സ്, 

തൊടുപുഴ

ഫോൺ : 95674 52325

Tags:
  • Vanitha Veedu