Saturday 17 April 2021 03:50 PM IST : By സ്വന്തം ലേഖകൻ

മൂന്ന് സെന്റിലെ അതിശയം, ചെറിയ സ്ഥലത്ത് വിശാലമായ വീടൊരുക്കിയത് ഇങ്ങനെ

varappuzha 1

മാവും പേരയും മറ്റ് ചെടികളും നിറഞ്ഞ മൂന്ന് സെന്റിലെ ഈ വീട് കണ്ടാൽ സ്ഥലത്തിന്റെ പരിമിതികളൊന്നും തോന്നില്ല. മൂന്ന് സെന്റിൽ താഴെയായതിനാൽ നിർമാണ ചട്ടങ്ങളിലെ ഇളവുകൾ രൂപകൽപനയിൽ സഹായകമായി. പ്ലോട്ട് മുഴുവനും വീടുകൊണ്ട് നിറയ്ക്കരുതെന്നതായിരുന്നു ക്ലയന്റിന്റെ പ്രധാന ആവശ്യം. ചെടികൾ വയ്ക്കാനുള്ള സ്ഥലം വേണമെന്നത് നിർബന്ധമായിരുന്നു. ക്ലയന്റിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ് പ്ലാൻ ഒരുക്കിയത്.

varappuzha 2

കൊച്ചി വരാപ്പുഴയിലുള്ള ഈ പ്ലോട്ട് കണ്ടപ്പോഴേ ആർക്കിടെക്ട് അജിത് കെ. സണ്ണി ശ്രദ്ധിച്ചത് അതിനുചുറ്റുമുള്ള ഭൂമി പുരയിടമല്ല, നിലമാണ് എന്നതാണ്. അവിടെ ഭാവിയിൽ കെട്ടിടങ്ങൾ വരാൻ സാധ്യതയില്ല. അതുകൊണ്ട് ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിലാണ് വീട് ഡിസൈൻ ചെയ്തത്.

varappuzha 7

പ്ലോട്ടിന് അനുസൃതമായാണ് പ്ലാൻ രൂപപ്പെടുത്തിയതെന്ന് അജിത് പറയുന്നു. ശൈലിയോ ഡിസൈനോ ഒന്നും പ്രത്യേകമായി ആസൂത്രണം ചെയ്യാതെ പ്ലോട്ട് എന്താണോ ആവശ്യപ്പെട്ടത് അതു നൽകുകയാണ് ചെയ്തത്. ഇവിടെ മിനിമൽ എലിവേഷൻ അനുയോജ്യമായതിനാൽ അത് പിന്തുടർന്നു. നിരപ്പായ മേൽക്കൂര ആവശ്യമായതിനാൽ അതും നൽകി. മുറ്റം കുറവായതിനാൽ കൃഷിക്കും പൂന്തോട്ടത്തിനും ടെറസ് ഉപയോഗിക്കേണ്ടി വരുമെന്നതിനാലാണ് നിരപ്പായി വാർത്തത്.

varappuzha 3

1632 ചതുരശ്രയടിയുള്ള ഈ വീട്ടിൽ ഓരോ ഇടവും പരസ്പര ബന്ധിതമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കിടപ്പുമുറികളൊഴിച്ച് പൊതു ഇടങ്ങളെല്ലാം ഇങ്ങനെ നൽകിയത് മുറികൾക്കു വലുപ്പം തോന്നിക്കാനുള്ള വിദ്യയാണ്. മുറ്റത്തേക്ക് ഒഴുകിയിറങ്ങുന്ന ഓപൻ സിറ്റ്ഒൗട്ട് എക്സ്റ്റീരിയറിന്റെ ഭംഗിക്കൊപ്പം സ്ഥലം തോന്നിക്കാനും സഹായിക്കുന്നു. ഡിസൈനിലെ പ്രധാന ഘടകമാണ് ഈ സിറ്റ്ഔട്ട്. കിടപ്പുമുറിയിൽ കണ്ണാടിയുടെ ഉപയോഗവും മുറി വിശാലമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.

varappuzha 5

ചെറിയ സ്ഥലത്തെ വീടായതിനാൽ പുറംഭിത്തി ‘അബട്ട്’ ചെയ്യാമെന്ന നിയമം ഇവിടെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. (അതായത് മതിലും വീടിന്റെ പുറംഭിത്തിയും ഒന്നാക്കി നൽകാം). പിന്നിലെ ഭിത്തി ‘അബട്ട്’ ചെയ്തിരിക്കുന്നതിനാൽ അവിടെ ജനലുകൾ നൽകാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ വീടിനുള്ളിൽ വെളിച്ചത്തിനോ കാറ്റിനോ ഒട്ടും കുറവില്ല. സ്റ്റെയറിനു മുകളിൽ, ഡൈനിങ്ങിൽ, അപ്പർ ലിവിങ്ങിൽ എന്നിങ്ങനെ മൂന്ന് സ്കൈലൈറ്റുകളും വലിയ യുപിവിസി ജനാലകളും നൽകിയാണ് ആർക്കിടെക്ട് ഈ കടമ്പ കടന്നത്.

varappuzha 4

ചൂടുവായു പുറത്തേക്കു പോകാനുള്ള സംവിധാനവും സ്കൈലൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ചെടികളും മരങ്ങളുമൊക്കെ വീട് വച്ചതിനു ശേഷം നട്ടുപിടിപ്പിച്ചതാണ്. അവയെ സ്നേഹിക്കുന്ന, വീടിന്റെ ക്രിയാത്മകമായ രചനാഭാഷയെ സ്നേഹിക്കുന്ന വീട്ടുകാർ താമസത്തിനെത്തിയതാണ് ഈ വീടിന്റെ ഭാഗ്യം.

varappuzha 6

ഡിസൈൻ : അജിത് കെ. സണ്ണി

അജിത് സണ്ണി ആർക്കിടെക്ട്സ്

കൊച്ചി

ajith@ajithsunnyarchitects.com