Friday 16 April 2021 11:48 AM IST : By സ്വന്തം ലേഖകൻ

സർപ്പക്കാവും കുളവുമുള്ള 40 സെന്റ്, പഴമയൊട്ടും ചോരാതെ ഡച്ച്–മലബാർ ശൈലിയിൽ മണിമേട: 2990 സ്ക്വയർഫീറ്റിലെ സ്വപ്നവീട്

vinod-cover

സർപ്പക്കാവും കുളവുമൊക്കെയുള്ള 40 സെന്റ്. അവിടെയുള്ള പഴയ വീട് നിലനിർത്തി പുതിയൊരു വീട് പണിയണം. പരമ്പരാഗതശൈലിയുടെ പകിട്ടും ഗാംഭീര്യവുമെല്ലാം പ്രതിഫലിക്കുന്ന രീതിയിലാകണം പുതിയ വീട്. ഒറ്റനോട്ടത്തിൽ, നാളുകളായി ഇവിടെയുണ്ടായിരുന്ന പഴയൊരു വീടാണെന്നേ തോന്നാവൂ... ഇതായിരുന്നു വീട്ടുകാർ പങ്കുവച്ച ആശയം. പഴയവീടു മാത്രമല്ല, സർപ്പക്കാവും കുളവുമെല്ലാം നിലനിർത്തി, വാസ്തുവനുസരിച്ചു തന്നെയാണ് പുതിയ വീടിന് സ്ഥാനം കണ്ടത്. പഴയ കിണർ വൃത്തിയാക്കിയെടുത്ത് പുതിയ ചുറ്റുമതിൽ കെട്ടി. യഥാസ്ഥാനത്ത് തുളസിത്തറയും പണിതു.

vinod 1

പരമ്പരാഗത ശൈലിക്കനുസൃതമായാണ് വീടിന്റെ രൂപകൽപന. നിർമാണവസ്തുക്കൾ, ഫർണിച്ചർ, അലങ്കാരങ്ങൾ എന്നിവയിലും പാരമ്പര്യത്തനിമ പിന്തുടർന്നു. പരമ്പരാഗതശൈലിയിൽതന്നെ ‘ഡച്ച് – മലബാർ’ ശൈലിയോട് പ്രതിപത്തി പുലർത്തുന്ന ഡിസൈൻ ആണ് വീടിന്. ഡച്ച് വാസ്തുകലയുടെ പ്രകടമായ സ്വാധീനമുള്ള നിർമാണശൈലിയാണിത്. ഒരുകാലത്തെ പള്ളിമേടകൾ മിക്കതും ഈ ശൈലിയിൽ നിർമിച്ചവയായിരുന്നു.

vinod 5

രണ്ട് നിലകളിലായി 2990 ചതുരശ്രയടി വലുപ്പം വരുംവിധമാണ് വീടിന്റെ ഘടന. ഒറ്റനോട്ടത്തിൽതന്നെ ‘മേട’യുടെ തലയെടുപ്പും ഗാംഭീര്യവുമെല്ലാം പ്രതിഫലിക്കും. ഓടുമേഞ്ഞ ചെരിഞ്ഞ മേൽക്കൂരയും ചുമരുകളിലെ വലിയ ജനാലകളുമാണ് വീടിനു വ്യക്തിത്വം പകരുന്ന പ്രധാന ഘടകങ്ങൾ. മുൻഭാഗത്ത് കാണുന്ന 12 ജനാലകളിൽ ഒരെണ്ണം പോലും പുതിയതല്ല! പല കാലങ്ങളിൽ പല ദേശങ്ങളിലുണ്ടായിരുന്ന അഞ്ചോളം വീടുകളുടെ ജനാലകളാണിത്. ജനാല മാത്രമല്ല, വാതിൽ, ഗോവണി, മച്ച് എന്നിവയും പഴയതു തന്നെയാണ്. പൊളിച്ച പല വീടുകളിൽ നിന്നു ശേഖരിച്ചത്. അതിൽ തേക്കും വീട്ടിയും കരിവേലകവുമെല്ലാമുണ്ട്.

vinod 3

വീട് രൂപകൽപന ചെയ്യുന്ന സമയത്ത് ഇവയെല്ലാം കിട്ടിയിരുന്നില്ല എന്നതാണ് രസകരം. പലയിടങ്ങളിൽനിന്ന് വന്നവയെല്ലാം യാദൃച്ഛികമെന്നോ അതിശയകരമെന്നോ വിശേഷിപ്പിക്കാവുന്ന പൊരുത്തത്തോടെ ഒത്തുചേരുകയായിരുന്നു. അടിസ്ഥാന രൂപരേഖ, അപ്രതീക്ഷിതമായതിനെ കൂടി ഉൾക്കൊള്ളാൻ പാകത്തിന് ‘ഫ്ലെക്സിബിൾ’ ആണെങ്കിലേ ഇതു സാധ്യമാകൂ.പെയിന്റെല്ലാം ചീകിക്കളഞ്ഞ് വാർണിഷ് അടിച്ച് പോളിഷ് ചെയ്ത ശേഷമാണ് പഴയ തടി ഉപയോഗിച്ചത്. കേടുവന്ന ഭാഗമെല്ലാം ഒഴിവാക്കി. മച്ചിനും ഗോവണിക്കും അത്യാവശ്യം അറ്റകുറ്റപ്പണി വേണ്ടിവന്നു.

vinod 6

മുന്നിലും പിന്നിലുമായി രണ്ട് വരാന്ത, സ്വീകരണമുറി, ഓഫിസ് റൂം, പൂജാമുറി, ഊണുമുറി, അടുക്കള എന്നിവയാണ് താഴത്തെ നിലയിലുള്ളത്. വീടിന്റെ പൊതുസ്വഭാവത്തോട് ചേർന്നുനിൽക്കില്ല എന്നതിനാൽ കാർപോർച്ച് മുൻഭാഗത്ത് നൽകിയില്ല. വീടിനു പിൻഭാഗത്ത് മറഞ്ഞിരിക്കുന്ന (Hidden) രീതിയിലാണ് പോർച്ച്. ഫാമിലി ലിവിങ്, കിടപ്പുമുറി, ഹോംതിയറ്റർ എന്നിവയാണ് മുകളിലുള്ളത്.

vinod 4

മേൽക്കൂര നിരപ്പായി വാർത്തശേഷം മുകളിൽ സ്റ്റീൽ ട്രസ്സ് പിടിപ്പിച്ച് ഒാട് മേയുകയായിരുന്നു. രണ്ട് അഗ്രങ്ങളും മുകളിലേക്ക് ഉയർന്നിരിക്കുന്ന രീതിയിലാണ് മേൽക്കൂര. ചൂടുവായു സുഗമമായി പുറന്തള്ളുന്നതിനുള്ളതാണ് ഈ സംവിധാനം. കുട്ടനാടൻ മേഖലയിലെ വീടുകളുടെ പ്രത്യേകതയായിരുന്നു ഇത്തരം മുഖപ്പുകൾ.പഴയ ഓട് മേയാനായിരുന്നു പദ്ധതി. ഒരേ അളവിൽ ഇത്രയധികം ഓട് ലഭ്യമല്ലാത്തതുകൊണ്ടു മാത്രം പുതിയ ഓട് വാങ്ങി. ഓട് അടക്കം എല്ലാ നിർമാണവസ്തുക്കളും സൂക്ഷ്മതയോടെയാണ് തിരഞ്ഞെടുത്തത്. ധാരാളം നിർമാണവസ്തുക്കൾക്കു പകരം സമാനസ്വഭാവത്തിലുള്ള ഏതാനുമെണ്ണം മാത്രം ആവർത്തിച്ചുപയോഗിക്കുകയായിരുന്നു ഇവിടെ. അപ്പോഴുണ്ടാകുന്ന പൊരുത്തം തന്നെയാണ് വീടിന്റെ സൗന്ദര്യം. ഡിസൈൻ

vinod 7

ഡിസൈൻ: പി. വിനോദ്

ഒഡയോർ ഹോംസ് ആർട് ഗാലറി

ചേർത്തല

odayorhomesandcars@gmail.com

Tags:
  • Vanitha Veedu