Wednesday 27 April 2022 04:02 PM IST : By സ്വന്തം ലേഖകൻ

പകൽ താപനില 35 ഡിഗ്രി കടക്കുമ്പോഴും ചൂടാകാത്ത വീട്

prabhul

മാർച്ച് മാസത്തിലെ മൂന്നുമണി നേരത്താണ് ‘വനിത വീട് ടീം’ കോട്ടയം വാകത്താനത്തെ ഇടശ്ശേരിൽ വീട്ടിലെത്തുന്നത്. ചുട്ടുപൊള്ളുന്ന വെയിൽ. മൊബൈൽ സ്ക്രീനിൽ തെളിയുന്ന പകൽ താപനില 35 ഡിഗ്രി. എന്നാൽ, വീടിനുള്ളിൽ അഞ്ച് മിനിറ്റ് ഇരുന്നതേയുള്ളൂ, ചൂടിന്റെ വിഷമതകളൊക്കെ അകന്നുതുടങ്ങി. ഇളംതണുപ്പ് ഉടലിനെ തൊടുകയായി. ഇതാണ് ഇടശ്ശേരിൽ വീടിന്റെ മാജിക്. ചൂടിന് വീടിനകത്തേക്ക് പ്രവേശനമില്ല. അഥവാ അകത്തുകടന്നാൽ തന്നെ കയ്യോടെ പിടിച്ചു പുറത്താക്കും! അതിനുള്ള വഴി, അല്ല ‘വഴികൾ’ റെഡിയാക്കിയാണ് വീടിന്റെ നിൽപ്. അതെന്തെല്ലാമാണെന്ന് കാണാം...

തെക്കും കിഴക്കും ജാളിഭിത്തി: തെക്ക് റോഡും അതിനപ്പുറം പാടവും. കിഴക്ക് വിശാലമായ നെൽപ്പാടം. ഇങ്ങനെയായിരുന്നു എട്ട് സെന്റ് പ്ലോട്ട്. കേരളത്തിൽ തെക്കുപടിഞ്ഞാറാണ് ഏറ്റവും കൂടുതൽ വെയിലും ചൂടും അനുഭവപ്പെടുക. റോഡ് തെക്കുഭാഗത്തായതിനാൽ ഇവിടേക്ക് അഭിമുഖമായല്ലാതെ വീടു പണിയാനുമാകില്ല. ഇതായിരുന്നു പ്രഫുൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള ആർക്കിടെക്ട് ടീം നേരിട്ട ആദ്യ വെല്ലുവിളി.

വീടിന് തെക്കും കിഴക്കും സാധാരണ ഭിത്തിക്കു പകരം ടെറാക്കോട്ട ജാളി ഭിത്തി നൽകിയതോടെ ഇതിനു പരിഹാരമായി. കിഴക്കു വശത്തെ പാടത്തുനിന്നുള്ള തണുത്ത കാറ്റ് ഈ വഴിയെ വീടിനുള്ളിലേക്കെത്തും. തെക്കൻവെയിൽ കളിമൺ ജാളിയിൽ തട്ടി ശക്തി ക്ഷയിച്ച് വെളിച്ചമായി അകത്തുകടക്കും.

ജാളി ഭിത്തിക്ക് ഉറപ്പുണ്ടോ, കള്ളൻമാർക്ക് എളുപ്പത്തിൽ അകത്തുകടക്കാനാവില്ലേ എന്നൊക്കെയുള്ള ആശങ്ക വേണ്ട. ഉള്ളിൽ ഇരുമ്പു കമ്പികൾ നൽകി പ്രത്യേക രീതിയിലാണ് ജാളി ഉറപ്പിച്ചിരിക്കുന്നത്. അത്ര പെട്ടെന്നൊന്നും തകർക്കാനാകില്ല.

prabhul 3

പുറംഭിത്തിക്കപ്പുറം ഗ്രീൻ സ്പേസ്: ഒന്നാംനിലയിൽ ജാളിഭിത്തിക്കു പിന്നിലുണ്ട് ഒരടി വീതിയുള്ള ഗ്രീൻ സ്പേസ്. ഡബിൾഹൈറ്റിലുള്ള ഇവിടെ മുളയും ചെടികളും നട്ടിരിക്കുന്നു. ജാളിയിലൂടെ വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന വായുവിനെ തണുപ്പിക്കുകയാണ് ഈ ഗ്രീൻ സ്പേസിന്റെ ലക്ഷ്യം. അതിനാണ് ചെടികൾ നട്ടിരിക്കുന്നത്. ഡബിൾഹൈറ്റിലായതിനാൽ രണ്ടു നിലകളിലേക്കും തണുത്ത കാറ്റെത്തും. കിടപ്പുമുറി പോലെ സ്വകാര്യത ആവശ്യമായ ഇടങ്ങളിൽ ഗ്രീൻസ്പേസിനു പിന്നിലായി സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകിയിട്ടുണ്ട്. രാത്രിയിലും മഴക്കാലത്തുമൊക്കെ തണുപ്പ് നിയന്ത്രിക്കാൻ ഇതുപകരിക്കും.

prabhul 5

എല്ലാ മുറിയിലും ഗാർഡൻ സ്പേസ്: സൂര്യപ്രകാശം ഉള്ളിലെത്തുന്നില്ല എന്നതായിരുന്നു മുൻപ് താമസിച്ചിരുന്ന വീടിനെപ്പറ്റി വീട്ടുകാർക്കുണ്ടായിരുന്ന പരാതി. ആവശ്യത്തിനു കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാകണം പുതിയ വീട് എന്ന് തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു.

‘‘വെളിച്ചം വരുമ്പോൾ സ്വാഭാവികമായും ചൂടും വരും. ചൂടിനെ പുറത്തുവിടാനുള്ള സൗകര്യങ്ങളില്ലെങ്കിൽ പണിപാളും. വീടിനുള്ളിൽ ചൂടു കൂടും. അതുകൊണ്ട് വെളിച്ചത്തിനൊപ്പം അകത്തെത്തുന്ന ചൂടിനെ പുറത്തേക്ക് തള്ളാനുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തി. വായു ചൂടാകുമ്പോൾ തനിയെ മുകളിലേക്കുയരുന്ന പ്രതിഭാസമായ സ്റ്റാക് ഇഫക്ട് (Stack Effect) പ്രയോജനപ്പെടുത്തുന്ന ‘ഗാർഡൻ സ്പേസ്’ എല്ലാ മുറിയിലുമുണ്ട്,’’ വീട് ഡിസൈൻ ചെയ്ത ആർക്കിടെക്ട് പ്രഫുൽ മാത്യു പറയുന്നു.

prabhul 2

അടുക്കളയും ബാത്റൂമും ഉൾപ്പെടെ എല്ലാ മുറികളോടു ചേർന്നും ഗാർഡൻ സ്പേസ് വരുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. ഡബിൾഹൈറ്റിലാണ് മിക്കവയും. എല്ലായിടത്തും പച്ചപ്പു നിറച്ച് ചെടികളുമുണ്ട്.

എട്ട് സെന്റ് പ്ലോട്ടിൽ രണ്ടു തെങ്ങുണ്ടായിരുന്നു; നല്ല കായ്ഫലമുള്ളത്. ഇത് നിലനിർത്തിയാൽ കൊള്ളാം എന്ന വീട്ടുകാരുടെ ആഗ്രഹവും ആർക്കിടെക്ട് ടീം സഫലമാക്കി. അടുക്കളയിലും ഡൈനിങ് സ്പേസിലുമായി തെങ്ങ് ഉള്ളിൽ വരുംവിധമാണ് വീടിന്റെ ഡിസൈൻ.

ചൂടുവായു പുറത്ത് കളയാൻ സ്കൈലൈറ്റ് ഓപനിങ്: സാധാരണഗതിയിൽ മുകളിൽനിന്ന് വെളിച്ചം താഴേക്കെത്തിക്കാനാണ് ‘സ്കൈലൈറ്റ്’ നൽകുക. ഇവിടെയതിന് മറ്റൊരു ദൗത്യം കൂടിയുണ്ട്; ചൂട് വായുവിനെ മുകളിലേക്ക് വലിച്ചുകളയുന്ന ചിമ്മിനി കണക്കെ പ്രവർത്തിക്കുക എന്ന ദൗത്യം. ഡബിൾഹൈറ്റിലുള്ള ഗ്രീൻ സ്പേസ്, ഗാർഡൻ സ്പേസ് എന്നിവയ്ക്കു മുകളിലെല്ലാം ‘സ്കൈലൈറ്റ് ഓപനിങ്’ നൽകിയിട്ടുണ്ട്. ചൂടുവായു പുറത്തേക്ക് പോകാൻ വിടവുള്ള രീതിയിൽ ഗ്ലാസ് പാളി പിടിപ്പിച്ചാണ് മിക്കയിടത്തും ഇതു തയാറാക്കിയിട്ടുള്ളത്. മഴ പെയ്യുമ്പോൾ വെള്ളം ഉള്ളിലേക്കെത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

പുതിയ വീട്ടിൽ താമസം തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും ഒരു മുറിയിൽ പോലും എസി പിടിപ്പിച്ചിട്ടില്ല. ഫാൻ പോലും വളരെക്കുറച്ചേ ഉപയോഗിക്കാറുള്ളൂ.

prabhul 6

‘‘കോൺക്രീറ്റ് വീട്ടിൽ ചൂട് കൂടുതലായിരിക്കും എന്നാണ് നമ്മുടെ ധാരണ. അത് കോൺക്രീറ്റിന്റെ എന്തോ കുഴപ്പംകൊണ്ടാണെന്ന് നമ്മൾ വിശ്വസിക്കുന്നു. പക്ഷേ, കോൺക്രീറ്റിന്റെ കുഴപ്പംകൊണ്ടല്ല ചൂട് കൂടുന്നത്. നമ്മൾ ഡിസൈൻ ചെയ്യുന്ന രീതിയുടേതാണ് പ്രശ്നം. സൈറ്റ് അനാലിസിസ് കൃത്യമായി നടത്തി അതനുസരിച്ച് വീട് ഡിസൈൻ ചെയ്താൽ ഡിസൈനിന്റെ മികവുകൊണ്ടു തന്നെ ചൂട് നിയന്ത്രിക്കാനാകും. അതിനു തെളിവാണ് ഈ വീട്,’’ ആർക്കിടെക്ട് പ്രഫുൽ പറയുന്നു.

ഡിസൈൻ: മൈൻഡ്സ്പാർക് ആർക്കിടെക്ട്സ്, കോട്ടയം studio@mindsparkarchitects.com

Tags:
  • Architecture