Monday 07 November 2022 03:50 PM IST : By സ്വന്തം ലേഖകൻ

ഇത് കൊച്ചിയിലെ ജയ്പൂരി ഇന്റീരിയർ. ഇവിടെ എല്ലാത്തിനുമുണ്ട് ഒരു കഥ പറയാൻ

Fthima 4 ലിവിങ് സ്പേസ്. ചൂരലും തടിയും കൊണ്ടുള്ള സോഫ.

കൂടുതൽ സമയവും വിദേശത്ത് കഴിയുന്നവരാണ് ഡോ. മുഹമ്മദ് റിയാസും സാറയും. നാടും നാട്ടിലെ വീടും ഏറെ പ്രിയപ്പെട്ടതാണെങ്കിലും ചെറിയ ഇടവേളകളിലേ നാട്ടിലേക്കെത്താൻ കഴിയാറുള്ളൂ. അതിനാലാണ് കൊച്ചിയിൽ പുതിയ ഫ്ലാറ്റ് ഒരുക്കുമ്പോൾ ഒറ്റനോട്ടത്തിൽ തന്നെ ‘ഇന്ത്യൻ’ എന്നു തോന്നിക്കുന്ന, ‘ദേശി സ്വത്വം’ നിറയുന്ന രീതിയിലാകണം അതിന്റെ ഇന്റീരിയർ എന്ന് ഇരുവരും ആഗ്രഹിച്ചത്. വീട്ടുകാരുടെ ഇഷ്ടത്തിന് ഏറ്റവും ഇണങ്ങുക ‘ജയ്പൂരി തീം’ ആയിരിക്കും വീട്ടുകാർക്ക് ഏറ്റവും ഇണങ്ങുകയെന്ന ഡിസൈനർ ഫാത്തിമ ഷാഹുലിന്റെ നിഗമനവും ഒട്ടും തെറ്റിയില്ല. ഹൃദയത്തോട് ചേർന്നു നിൽക്കുന്ന കാഴ്ചകളാണ് കൊച്ചി ഇടപ്പള്ളിയിലെ ‘ജയ്പൂരി’ ഫ്ളാറ്റ് നിറയെ. ഇവിടെയുള്ള ഓരോന്നിനുമുണ്ട് ഒരു കഥ പറയാൻ.

Fthima 5 ലിവിങ് സ്പേസ്

ഫാത്തിമ ഡിസൈൻ ചെയ്ത് പണിയിപ്പിച്ചെടുത്തതാണ് ഫർണിച്ചർ എല്ലാം. തടിയിൽ ചൂരൽ നെയ്ത രീതിയിലാണ് ലിവിങ്ങിലെ സോഫ. പഴയകാല ഡിസൈനിനു സമാനമായി രീതിയിൽ പണിയിച്ചെടുത്തതാണ് ഇവിടെയുള്ള ചെസ്റ്റർ ഡ്രോയർ. വീട്ടുകാർക്ക് സമ്മാനമായി ലഭിച്ച തടികൊണ്ടുള്ള ആഭരണപ്പെട്ടിയെ ഡിസൈനർ ടീപോയ് ആയി രൂപാന്തരപ്പെടുത്തിയെടുത്തു. അതാണ് ലിവിങ്ങിനു നടുവിലിടം പിടിച്ചത്.

Fthima 2 ടിവി ഏരിയ

ലിവിങ് സ്പേസിൽ കർട്ടൻ പിടിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന തടിയുടെ തൂണുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വീട്ടുകാരി സാറയുടെ കുടുംബവീടിന്റേതായിരുന്നു ഈ തൂണുകൾ. പഴയ വീട് പൊളിച്ചപ്പോൾ ഒാർമയ്ക്കായി സാറയ്ക്ക് നൽകുകയായിരുന്നു.

fathima 1 കിടപ്പുമുറി

ഒറ്റത്തടിയിൽ നിർമിച്ചതാണ് ഊണുമേശ. പഴയ മോഡൽ ക്ലോക്കും ഇതുപോലെ പണിയിപ്പിച്ചെടുത്തു. പഴയ തടി വാതിൽ പരിഷ്കരിച്ച് നിർമിച്ചെടുത്തതാണ് ഊണുമേശയ്ക്കടുത്തുള്ള ആട്ടുകട്ടിൽ.

Fthima 3 കിടപ്പുമുറി

ഡിസൈനറും വീട്ടുകാരും കൂടി പലയിടങ്ങളിൽ നിന്നായി ഏറെ പണിപ്പെട്ട് കണ്ടുപിടിച്ചതാണ് ചെറുത് മുതൽ വലുത് വരെയുള്ള അലങ്കാരവസ്തുക്കളെല്ലാം. ആകാരത്തിലും പ്രകൃതത്തിലും എല്ലാം തനി ‘ഇന്ത്യൻ’ തന്നെ.

ഉടമസ്ഥർ: ഡോ. മുഹമ്മദ് റിയാസ് & സാറ, സ്ഥലം: മേനോൻപറമ്പ് റോഡ്, ഇടപ്പള്ളി, വിസ്തീർണം: 2505 ചതുരശ്രയടി, ഡിസൈൻ: ഫാത്തിമ ഷാഹുൽ, ഹാൻഡ്പിക്ക്ഡ് ഡെക്കോർ, വാഴക്കാല, കൊച്ചി

Tags:
  • Architecture