Friday 23 December 2022 02:45 PM IST : By Sumi Rani, Interior Designer, Kochi

ക്രിസ്മസ്, ന്യൂയർ...പാർട്ടി ഏതുമാകട്ടെ, വീടൊരുക്കാം, വ്യത്യസ്തമാക്കാം...

sum1

പുതിയ തലമുറ എപ്പോഴും ‘സെലിബ്രേഷൻ മൂഡി’ലാണ്. ദേശീയദിനങ്ങളും മതപരമായ ചടങ്ങുകളും കുടുംബസംഗമങ്ങളും ചെറിയ സന്തോഷങ്ങളും എന്നുവേണ്ട തൊട്ടതും പിടിച്ചതുമൊക്കെ ആഘോഷങ്ങളും പാർട്ടിയുമാണ്. വിശേഷപ്പെട്ട വസ്ത്രവും ഭക്ഷണവും മാത്രമല്ല, വീട് അലങ്കാരവും ഈ ആഘോഷങ്ങളുടെ ഭാഗമാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി വീടിനുണ്ടാകുന്ന മാറ്റം അതിഥികൾക്കു മാത്രമല്ല വീട്ടുകാർക്കും പുതുമയും ഉൻമേഷവും പകരും. ആഘോഷങ്ങൾക്കു വേണ്ടി പെട്ടെന്നുള്ള ഹോംസ്റ്റൈലിങ് വീട്ടുകാർക്കു തനിയേ ചെയ്യാം. സ്വന്തമായി ചെയ്യാൻ സമയക്കുറവോ ആത്മവിശ്വാസക്കുറവോ ഉണ്ടെങ്കിൽ ഒരു പ്രഫഷണൽ ഹോംസ്റ്റൈലിസ്റ്റിന്റെ സേവനം തേടുകയുമാകാം.

നേരത്തേ പ്ലാൻ ചെയ്യണം, ഹോംസ്റ്റൈലിങ്ങിനു വേണ്ടി ചെറിയ ബജറ്റും മാറ്റിവയ്ക്കണം. ഇത്രയും മതി, വീടിന്റെ ഘടനയിലോ ഫിനിഷിലോ മാറ്റങ്ങൾ വരുത്താതെ ചില ഘടകങ്ങൾ പുതുക്കിയോ കൂട്ടിച്ചേർത്തോ വീടിനെ വേറൊരു ലെവലാക്കാം.

ഫാൻസി ലാംപുകൾ

sum3

വീടുവയ്ക്കുന്ന സമയത്തുമാത്രമാണ് ലാംപ് ഷേഡുകളെക്കുറിച്ച് ചിന്തിക്കാറുള്ളത്. വർഷങ്ങളായി ഉപയോഗിക്കുന്ന ലാംപ്ഷേഡുകൾ മാറ്റി പുതിയതു സ്ഥാപിച്ചാൽ അത് മുറിക്ക് വലിയ മാറ്റം കൊണ്ടുവരും. ഡ്രോപ് ലാംപായാലും ഷാൻഡ്‌ലിയർ ആയാലും വോൾഹങ് ലൈറ്റുകളായാലും ഷേഡിലെ മാറ്റം അമ്പരപ്പിക്കുന്നതാകും.

മൂന്നോ നാലോ മാസം കൂടുമ്പോൾപോലും പുതിയ ഡിസൈനിലുള്ള ലാംപ്ഷേഡുകൾ വിപണിയിലെത്തും. അതുകൊണ്ടുതന്നെ ഏതു ഡിസൈനിലുള്ള ഇന്റീരിയറിനും യോജിച്ച ലാംപ്ഷേഡുകൾ വിപണിയിലുണ്ട്. ബൾബിന്റെ വാട്ടേജ് കൂട്ടിയാൽപ്പോലും മുറിയിൽ വലിയ മാറ്റമുണ്ടാകും.

ലാംപ്ഷേഡുകൾ ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നേരത്തേ പ്ലാൻ ചെയ്ത് ഒാർഡർ ചെയ്യണം. പരിപാടിയുടെ പത്ത് ദിവസം മുൻപ് എങ്കിലും ഓർഡർ നൽകിയിരിക്കണം. വാങ്ങിയ സാധനം ഇഷ്ടപ്പെട്ടില്ലെങ്കിലോ ഡാമേജ് ഉണ്ടെങ്കിലോ മാറ്റിവാങ്ങാനുള്ള സമയം കൂടി കണക്കാക്കണം.

കർട്ടൻ

ഇന്റീരിയറിന് പുതുമ തോന്നാൻ കർട്ടൻ മാറ്റുന്നത് വളരെയധികം ഗുണം ചെയ്യും. ഒന്നിലധികം കർട്ടൻ സെറ്റ് ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്. ലക്ഷ്വറി അനുഭവം തരുന്ന ഒരു സെറ്റ് കർട്ടനും എളുപ്പത്തിൽ കഴുകാനും സാധാരണ ദിവസങ്ങളിൽ ഉപയോഗിക്കാനും പറ്റുന്ന ഒരു സെറ്റ് കർട്ടനും വാങ്ങിവയ്ക്കാം.

കർട്ടൻ പുതിയതു തയാറാക്കാൻ സമയമെടുക്കും എന്നത് മനസ്സിൽ വയ്ക്കണം. മെറ്റീരിയൽ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത മെറ്റീരിയൽ സ്റ്റോക്ക് ഇല്ലെങ്കിൽ അത് വരാൻ മൂന്നോ നാലോ ദിവസം പ്രതീക്ഷിക്കണം. ജനലിന്റെ അളവുകൾ എടുത്ത് തയ്ച്ച് കിട്ടാൻ വീണ്ടും നാല് ദിവസം കൂടിയെടുത്താൽ കർട്ടൻ എത്താൻ മാത്രം കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണ്ടിവരും.

കർട്ടൻ മെറ്റീരിയലും പ്രിന്റും ഏതുവേണമെന്നത് വ്യക്തിപരമാണ്. ഏതുതരം ആഘോഷമാണെന്നതും കണക്കിലെടുക്കാം. തുണി ഈടു നിൽക്കണം എന്നുണ്ടെങ്കിൽ ജിഎസ്എം (grams per squre metre) 24000-30000 നിലവാരത്തിൽ ആയിരിക്കണം. മീറ്ററിന് 350 രൂപ മുതലുള്ള കർട്ടനുണ്ട്. ലക്ഷ്വറി വിഭാഗത്തിൽ മീറ്ററിന് 2,000-3,000 രൂപ വരും. ഒന്നിൽ കൂടുതൽ കടകളിൽ നിന്ന് എസ്റ്റിമേറ്റ് എടുത്ത് താരതമ്യം ചെയ്ത ശേഷം ഇഷ്ടപ്പെട്ടതു വാങ്ങാം.

സോഫയും കുഷനും

sum2

സ്വീകരണമുറിയുടെ പ്രധാന ആകർഷണമാണ് സോഫ. സോഫയിൽ വരുന്ന ഏതു പുതുമയും സ്വീകരണമുറിയുടെ കാഴ്ച അടിമുടി മാറ്റിമറിക്കും. സോഫയുടെ സ്റ്റൈലിന് കുഴപ്പമൊന്നുമില്ലെങ്കിൽ അപ്ഹോൾസ്റ്ററി മാത്രം മാറ്റാം, (reupholstery). പഴയ സോഫ മാറ്റി പുതിയതു വാങ്ങുന്നതിനേക്കാൾ എത്രയോ ചെലവു കുറവാണ് റീഅപ്ഹോൾസ്റ്ററി ചെയ്യാൻ. മൂന്നോ നാലോ ദിവസം കൊണ്ട് ചെയ്തുകിട്ടും. ഇതിന് വലിയ ചെലവും വരില്ല.

അപ്ഹോൾസ്റ്ററി മാറ്റാൻ കഴിയില്ലെങ്കിൽ തീർച്ചയായും കുഷൻ അല്ലെങ്കിൽ കുഷൻ കവറുകൾ മാറ്റണം. കുറേ വർഷങ്ങളായി ഉപയോഗിക്കുന്നതാണെങ്കിൽ കുഷനുകളുടെ മാർദ്ദവം കുറഞ്ഞിട്ടുണ്ടാകും. പുതുമ നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ കുഷൻ കഴുകിയെടുക്കാം. അകത്ത് ഫൈബർ ആയതിനാൽ കഴുകാം.

250 രൂപ മുതൽ കുഷൻ കവറുകൾ ലഭിക്കും. വ്യത്യസ്ത നിറങ്ങളിലുള്ള കുഷൻ ഇടുന്നതിനു പകരം സോഫയോടു ചേരുന്ന ഒരു കളർ സ്കീം തിരഞ്ഞെടുക്കാം. ടെക്സ്ചറുകളിലെ വ്യത്യാസം കൊണ്ട് പുതുമ വരുത്താം. ആഘോഷദിവസങ്ങൾക്കു വേണ്ടിയാകുമ്പോൾ അതനുസരിച്ചുള്ള ‘കളർഫുൾ, വൈബ്രന്റ് പാറ്റേണു’കൾ തിരഞ്ഞെടുക്കാവുന്നതാണ്.

പ്ലാന്റർ ബോക്സുകൾ

അകത്തളത്തിൽ പുതുമ വരുത്താൻ ചെടികൾക്കു സാധിക്കും. ചെടികൾ മാത്രമല്ല, ഭംഗിയുള്ള പ്ലാന്ററുകളും അകത്തളം ആകർഷകമാക്കും.

കഴിവതും ഒരു മുറിയിൽ ഒരു ചെടിയെങ്കിലും വയ്ക്കാൻ ശ്രമിക്കുക. ഒന്നിൽ കൂടുതൽ ചെടികൾ വാങ്ങാനുള്ള ബജറ്റ് ഉണ്ടെങ്കിൽ ‘പ്ലാന്റ് ക്ലസ്റ്ററുകൾ’ ഉണ്ടാക്കാം. ഉയരത്തിനനുസരിച്ച് കുറച്ചധികം ചെടികൾ ഒരുമിച്ചു ക്രമീകരിക്കുന്നതിനെയാണ് പ്ലാന്റ് ക്ലസ്റ്റർ എന്നു വിളിക്കുന്നത്. വീടിനകത്തെ ഒരു കുഞ്ഞു ഗാർഡൻ തന്നെ!

പ്ലാന്റ് ക്ലസ്റ്റർ ഉണ്ടാക്കാൻ കുറേയധികം സ്ഥലം വേണമെന്നില്ല. ബാൽക്കണിയിലോ ടിവി ഏരിയയുടെ കോർണറിലോ പ്ലാന്റ് ക്ലസ്റ്റർ ഉണ്ടാക്കാം. ട്രോളിയിൽ ചെടികൾ ക്രമീകരിച്ച് ബാൽക്കണിയിൽ വയ്ക്കുകയുമാകാം. ചില ചെടികൾ ഭിത്തിയിലും വയ്ക്കാം, പക്ഷേ, ആളുകളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താത്ത വിധത്തിലാകണം ചെടികളുടെ സ്ഥാനം എന്നുമാത്രം.

സെറാമിക്, ടെറാക്കോട്ട, ഫൈബർ പ്ലാന്ററുകളുടെ വളരെയധികം വൈവിധ്യം വിപണിയിലുണ്ട്. ഇന്റീരിയറിലെ മറ്റു ഘടകങ്ങളോടു ചേരുന്ന, ഭംഗിയുള്ള പ്ലാന്റർ നോക്കി തിരഞ്ഞെടുക്കണം.

വോൾപേപ്പർ

എല്ലാ ഭിത്തിയും പെയിന്റ് ചെയ്തതായിരിക്കണമെന്നില്ല. ഏതെങ്കിലും ഒരു ഭിത്തിയിൽ മാത്രം വോൾപേപ്പർ പതിക്കാം. പ്രധാന വാതിലിന്റെ എതിർ ഭിത്തിയിലോ ഫോയറിലോ പോലെ ഏതെങ്കിലും ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രം മതി വോൾപേപ്പർ. വോൾപേപ്പറിലും വൈവിധ്യങ്ങൾ ഒട്ടേറെയുള്ളതിനാൽ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

ആർട് വർക്

ഭിത്തിയിൽ ഏതെങ്കിലും തരത്തിലുള്ള ആർട് വർക് ഉണ്ടാകുന്നത് നല്ലതാണ്. മെറ്റൽ ആർട്ടോ പെയിന്റിങ്ങോ എന്തെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. വലിയ വില കൊടുക്കാതെതന്നെ പെയിന്റിങ്ങുകളുടെ പ്രിന്റുകൾ ലഭിക്കും.

ആർട് വർക്കുകൾ ഇടയ്ക്കിടെ മാറ്റിവയ്ക്കാം, സ്ഥാനം മാറ്റാം, പെയിന്റിങ്ങുകളുടെ വലുപ്പത്തിൽ വ്യത്യാസം വരുത്താം... ഇങ്ങനെ എന്തുമാകാം.

വോൾ ഹാങ്ങിങ്ങുകൾ വിപണിയിൽ ധാരാളമുണ്ട്. അല്ലെങ്കിൽ ഫോട്ടോ കൊളാഷ് പോലെ എന്തെങ്കിലും ഇഷ്ടമുള്ളത് വയ്ക്കുക. ഫാമിലി ഫോട്ടോകൾ മാറ്റിമാറ്റിവയ്ക്കാം. ഇങ്ങനെ ഭിത്തിയെ ശ്രദ്ധാകേന്ദ്രമാക്കാം.