Tuesday 24 October 2023 04:41 PM IST

വെറുതെ കയറിയിറങ്ങാൻ മാത്രമല്ല; ഗോവണി അകത്തളത്തിന്റെ സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റ് കൂടിയാണ്

Sunitha Nair

Sr. Subeditor, Vanitha veedu

st1

പണ്ടൊക്കെ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് പോകാനുള്ള മാർഗം മാത്രമായിരുന്നു സ്റ്റെയർകെയ്സ്. അന്നൊന്നും വീടിന്റെ ഭംഗിയിൽ സ്റ്റെയർകെയ്സിന് ഒരു പങ്കുമില്ലായിരുന്നു. കാലം മാറി, കഥ മാറി. സ്റ്റെയർകെയ്സ് തന്നെ ഒരു അലങ്കാരമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന രീതിയിലുള്ള ഗോവണികളാണ് ഇപ്പോൾ ട്രെൻഡ്. ഹാൻഡ്റെയ്‌ലുകൾ (കൈവരികൾ) ഗോവണിയുടെ ഭംഗിയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. താഴേക്കു വീഴാതിരിക്കുക, പടികൾ കയറാൻ പ്രയാസമുള്ളപ്പോൾ പിടിച്ചു കയറുക തുടങ്ങി സുരക്ഷയുറപ്പാക്കുകയാണ് കൈവരിയുടെ കർത്തവ്യം. കുറച്ചു വർഷങ്ങൾക്കു മുൻപു വരെ കൊത്തുപണി ചെയ്ത തടി ഹാൻഡ്റെയ‌്ലായിരുന്നു ജനപ്രിയം. പിന്നീട് ഗ്ലാസ്സ്, മെറ്റൽ തുടങ്ങിയവ തടിയുടെ സ്ഥാനം കൈയടക്കി. എന്നു മാത്രമല്ല, അവയിൽ ഒട്ടേറെ ഡിസൈൻ പരീക്ഷണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ഏറ്റവും കൂടുതൽ ട്രെൻഡിയായിട്ടുള്ള അഞ്ച് ഹാൻഡ്റെയ‌്ൽ മെറ്റീരിയലുകളെ പരിചയപ്പെടാം.

st2

ഗ്ലാസ്സ്

സ്റ്റെയർകെയ്സ് റെയ്‌ലിങ്ങിന് ഗ്ലാസ്സ് ഇഷ്ടപ്പെടുന്നവർ ഒട്ടേറെയാണ്. ഗ്ലാസ്സ് രണ്ടു രീതിയിൽ ഉപയോഗിക്കാം. ഫ്രെയിംലെസ് ആയി നൽകുന്നതാണ് ഒരു രീതി. അങ്ങനെ നൽകുമ്പോൾ ഫ്രെയിമൊന്നുമില്ലാതെ ഗ്ലാസ്സ് മാത്രമായിരിക്കും റെയ‌്ലിങ്ങിന്. അടുത്തത് കോംബിനേഷൻ രീതിയാണ്. മുകളിൽ തടിയോ മെറ്റലോ നൽകി താഴേക്ക് ഗ്ലാസ്സ് നൽകുന്നതാണ് ഇത്. ഇതാണ് കൂടുതലും കണ്ടുവരുന്നത്. മുകളിൽ തടി നൽകുമ്പോൾ സ്ക്വയർ ആയോ റൗണ്ട് ആയോ സ്റ്റഡ് ഉപയോഗിച്ചോ ഒക്കെ നൽകാം. 12 എംഎം ടഫൻഡ് ഗ്ലാസ്സ് ആണ് പൊതുവെ ഉപയോഗിക്കുന്നത്. 10 എംഎം ഉപയോഗിക്കാറുണ്ട്. പക്ഷേ, അപ്പോൾ ഫ്രെയിംലെസ് ആയി നൽകാനാവില്ല. പൊട്ടിയാലും ചിതറാത്ത, ലാമിനേറ്റ് കോട്ടിങ്ങുള്ള ഗ്ലാസ്സും ഉപയോഗിക്കാറുണ്ട്. ഗ്ലാസ്സിലെ ഏറ്റവും പുതിയ ട്രെൻഡ് ഗ്ലാസ്സിനൊപ്പമുള്ള മെറ്റലിൽ പിവിഡി ഫിനിഷ് നൽകി ഗോൾഡ്, റോസ്ഗോൾഡ് പോലെയുള്ള നിറങ്ങൾ സൃഷ്ടിച്ചെടുക്കുന്നതാണ്. ‘പ്രീമിയം ലുക്’ ലഭിക്കാൻ സഹായിക്കുന്നു ഇത്.

ഗാൽവനൈസ്ഡ് അയൺ

ഗാൽവനൈസ്ഡ് അയൺ എന്നതിന്റെ ചുരുക്കപ്പേരാണ് ജിെഎ. തുരുമ്പിക്കാതിരിക്കാനായി ഇരുമ്പിനു മേൽ സിങ്കിന്റെ കോട്ടിങ് നൽകുന്നതാണ് ജിെഎ. റൗണ്ട്, സ്ക്വയർ എന്നിങ്ങനെ രണ്ടു തരം ജിെഎ പൈപ്പുകൾ ഉണ്ട്. അര ഇഞ്ച് സ്ക്വയർ തൊട്ട് 1x1.5, 4x2, 6x6 ഇഞ്ച് തുടങ്ങി പല അളവുകളിൽ ജിെഎ പൈപ്പ് ലഭിക്കും. ജിെഎ മാത്രമായി റെയ‌്ലിങ്ങിന് ഉപയോഗിക്കാം. കൂടാതെ, ജിെഎ കൊണ്ട് ഫ്രെയിം നൽകി ഗ്ലാസ്സ് റെയ‌്ലിങ് നൽകാം. ജിെഎ കൈവരിയിൽ വുഡൻ ഫിനിഷ് നൽകി തടിയുടെ പ്രതീതിയേകുകയും ചെയ്യാറുണ്ട്. ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വെൽഡ് ചെയ്ത ജോയിന്റുകൾ നന്നായി സീല്‍ ചെയ്തിട്ടുണ്ടോ എന്നാണ്. ജോയിന്റുകൾ ഒന്നും പുറത്തേക്കു തള്ളി നിൽക്കരുത്. അങ്ങനെയുണ്ടെങ്കിൽ ഗ്രൈൻഡ് ചെയ്ത് ശരിയാക്കണം. ചെലവു കുറവാണ് ജിെഎ കൊണ്ടുള്ള റെയ‌്ലിങ്ങിന്റെ പ്രധാന ആകർഷണം.

മൈൽഡ് സ്റ്റീൽ

റെയ‌്ലിങ്ങിന് ഇപ്പോൾ ഏറ്റവുമധികം ഉപയോഗിക്കുന്ന മെറ്റീരിയൽ ആണ് മൈൽഡ് സ്റ്റീൽ (എംഎസ്). ജ്യാമിതീയ ഡിസൈൻ, അബ്സ്ട്രാക്ട് പാറ്റേൺ എന്നിവയെല്ലാം ഇതിൽ നിർമിച്ചെടുക്കാൻ സാധിക്കും. എംഎസ് കൊണ്ടുള്ള റെയ‌്ലിങ്ങിൽ ഒട്ടേറെ പരീക്ഷണങ്ങളാണ് നടക്കുന്നത്. പെർഫറേറ്റഡ് ഷീറ്റ്, എംഎസ് റോഡ്, സിഎൻസി കട്ടിങ്, സ്ട്രിങ്സ് എന്നിവ അവയിൽ ചിലതാണ്. റെയ‌്ലിങ്ങിന് പെർഫറേറ്റഡ് ഷീറ്റ് നൽകുന്നത് ഇപ്പോൾ ട്രെൻഡാണ്. മെഷിന്റെ പുതിയ പരിഷ്കൃത രൂപമാണ് ഇത്. ഇഴയടുപ്പം കൂട്ടിയോ കുറച്ചോ പണിയാം. വൃത്തം, ചതുരം തുടങ്ങി ഏതാകൃതിയിലും ചെയ്തെടുക്കാം. റെയ‌്ലിങ്ങിന്റെ കുറച്ചു ഭാഗത്തു മാത്രമായും പെർഫറേറ്റഡ് ഷീറ്റ് നൽകാറുണ്ട്. ഗോവണിയുടെ പടിയോ തറയോ മുതൽ സീലിങ് വരെ എംഎസ് റോഡ് നൽകുന്നത് വ്യത്യസ്തതയാണ്.മനസ്സിലാഗ്രഹിക്കുന്ന ഏതു പാറ്റേണും സിഎൻസി കട്ടിങ് വഴി ചെയ്തെടുക്കാം. ഹാൻഡ്റെയിലിന് ഇടയിൽ നെടുകെയും കുറുകെയും എംഎസ് സ്ട്രിങ് കൊടുക്കുന്നതും ഭംഗിയാണ്. സ്ട്രിങ് ഉണ്ടെന്നു തന്നെ ഒറ്റനോട്ടത്തിൽ തോന്നില്ല. കാഴ്ചയെ മറയ്ക്കില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം. അതിരില്ലാത്ത പ്രതീതിയുണർത്തുന്ന ‘സീംലെസ്’ ഡിസൈന് സ്ട്രിങ് യോജിക്കും.

കയർ

വേറിട്ട കാഴ്ചാനുഭവം നൽകുന്നു കയർ കൊണ്ടുള്ള റെയ‌്ലിങ്. സുരക്ഷയേക്കാള്‍ ഭംഗിയാണ് ഇവിടെ പ്രധാനം. കയർ നൽകാൻ ആഗ്രഹിക്കുന്നവർ ഇതു പ്രത്യേകം ശ്രദ്ധിക്കണം. ഇക്കോഫ്രണ്ട്‌ലി, എത‌്നിക്, ട്രെഡീഷനൽ, കന്റെംപ്രറി ശൈലിയിലുള്ള ഇന്റീരിയറിനെല്ലാം കയർ കൊണ്ടുള്ള കൈവരി യോജിക്കും. മെറ്റൽ ഫ്രെയിമിലേക്ക് ബലമുള്ള വടം പിടിപ്പിക്കുകയാണ് ചെയ്യുന്നത്. കയർ പല പാറ്റേണുകളിൽ നൽകുന്നതും പുതുമയാണ്. പൊട്ടി വീഴാത്ത കയറാണ് ഇതിനുപയോഗിക്കുന്നത്. ചിലർ സിന്തറ്റിക് കയറും ഉപയോഗിക്കാറുണ്ട്. ചെലവും കുറവാണ്.

തടി

തേക്കും വീട്ടിയും കൊണ്ടുള്ള കൈവരികളാണ് ഒരുകാലത്ത് ഇന്റീരിയർ ഭരിച്ചിരുന്നത്. അതും കൊത്തുപണി ചെയ്തു മിനുക്കിയെടുത്തവ. എന്നാൽ പതിയെ ആ ധാരണ മാറി വന്നു. വൃത്തിയാക്കാനുള്ള പ്രയാസവും കന്റെംപ്രറി ശൈലിയുടെ കടന്നുവരവുമെല്ലാമാണ് അതിനു കാരണം. തടി ഇഷ്ടപ്പെടുന്നവർ ഇന്നുമുണ്ട്. പക്ഷേ, വളരെ ലളിതമായ ഡിസൈനിലാണ് തടി റെയ‌്ലിങ് നൽകുന്നത് എന്നു മാത്രം. തടിയുടെ ഫിനിഷ് ഇഷ്ടപ്പെടുകയും എന്നാൽ ചെലവ് ഭയപ്പെടുകയും ചെയ്യുന്നവർ മെറ്റലിൽ റെയ‌്ലിങ് നിർമിച്ച് വുഡൻ ഫിനിഷ് നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ചെലവ് കുറഞ്ഞ പല തടികളും ലഭ്യമാണ്. അവ റെയ‌്ലിങ്ങിന് ഉപയോഗിക്കാം. തടി മാത്രമായി ഉപയോഗിക്കുന്നതിനേക്കാൾ ഗ്ലാസ്സ്, മെറ്റൽ എന്നിവയുമായുള്ള കോംബിനേഷനാണ് ട്രെൻഡ്. n

കടപ്പാട്: സ്റ്റെയറെക്സ്, ഇടപ്പള്ളി, കൊച്ചി