Thursday 02 March 2023 05:13 PM IST : By സ്വന്തം ലേഖകൻ

അഞ്ച് സെന്റ്; ലോറി എത്തില്ല. ഇത് പരിമിതികളെ മറികടന്ന വീട്

jithin 1

ആകെ അഞ്ച് സെന്റേ ഉള്ളൂ. പ്ലോട്ടിലേക്ക് ലോറിയും വലിയ വാഹനങ്ങളും എത്തില്ല. മിനിമം ബജറ്റിൽ പണി തീർക്കണം... വീടുപണി തുടങ്ങുമ്പോൾ ഇങ്ങനെ പരിമിതികളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു മുന്നിൽ. പക്ഷേ, പണിതീർന്നപ്പോൾ അതെല്ലാം പഴങ്കഥയായി. അഞ്ച് സെന്റിൽ രണ്ടുനിലയുടെ തലയെടുപ്പുള്ള ഉഗ്രനൊരു ഒറ്റനില. 1200 ചതുരശ്രയടിയിൽ രണ്ട് കിടപ്പുമുറി ഉൾപ്പെടെ അത്യാവശ്യ സൗകര്യങ്ങളെല്ലാം. ചെലവാണെങ്കിലും അതിർത്തി കടന്ന് പ്രശ്നം സൃഷ്ടിച്ചില്ല.

jithin 2 ലിവിങ് സ്പേസ്

ആലപ്പുഴ ആശ്രമത്തുള്ള ജെറിലിന്റെയും ട്രീസയുടെയും വീടിന്റെ വിശേഷങ്ങളാണിത്. ആലപ്പുഴ ജെഎ ഡിസൈൻസിലെ ജിതിൻ ആന്റണിയാണ് വീട്ടുകാരുടെ മനവും ബജറ്റുമറിഞ്ഞ് വീടൊരുക്കി നൽകിയത്.

jithin 3 ലിവിങ്ങും സ്റ്റെയർ ഏരിയയും

അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള രണ്ട് കിടപ്പുമുറി വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാനം ആവശ്യം. പ്ലോട്ടിലേക്ക് വണ്ടി എത്തില്ല എന്നതായിരുന്നു പ്രധാന വെല്ലുവിളി. സാധനങ്ങൾ തലച്ചുമടായി എത്തിക്കണം. അങ്ങനെയുണ്ടാകുന്ന നിരക്കു വർ‌ധന ബജറ്റിനെ ബാധിക്കാനും പാടില്ല. സ്ഥലവും നിർമാണവസ്തുക്കളും ഒട്ടും പാഴാകാത്ത രീതിയിൽ വീട് ഡിസൈൻ ചെയ്താണ് ഡിസൈൻ ആന്റണി ഇതിനു പരിഹാരം കണ്ടത്.

jithin 4 അടുക്കളയും സ്റ്റെയർകെയ്സും

വീടു കണ്ടാൽ രണ്ടുനിലയാണെന്നേ പറയൂ. മുൻഭാഗത്ത് നൽകിയിട്ടുള്ള സ്റ്റെയർ റൂം ആണ് ഇതിനു കാരണം. ഇതും ബോക്സ് ആകൃതിയിലുള്ള സ്ട്രക്ചറും ചുമരിലെ ഗ്രൂവ് ഡിസൈനുമെല്ലാം എക്സ്റ്റീരിയറിന്റെ പൊലിമ കൂട്ടുന്നു.

jithin 5 ഊണുമേശയും വാഷ് ഏരിയയും

സ്ഥലം കുറവായതിനാലും വണ്ടി വീട്ടുമുറ്റത്ത് എത്താത്തതിനാലും പോർച്ച് ഒഴിവാക്കി. സിറ്റ്ഔട്ടിനോട് ചേർന്ന് പോളികാർബണേറ്റ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂര പിടിപ്പിച്ച് അതിനു താഴെ ബൈക്ക് പാർക്ക് െചയ്യാനുള്ള സൗകര്യമൊരുക്കി.

സ്ഥലപരിമിതി ഒട്ടും തോന്നിക്കാത്ത രീതിയിലാണ് അകത്തളം. നിറങ്ങളുടെ ധാരാളിത്തവും ബോധപൂർവം ഒഴിവാക്കി. വൈറ്റ് ഗ്രേ കളർ കോംബിനേഷനിലാണ് ചുമരും ഫർണിച്ചറും ഇന്റീരിയർ അലങ്കാരങ്ങളുമെല്ലാം.

jithin 6 ജെറിലും മാതാപിതാക്കളും

സോഫ, ഊണുമേശ എന്നിവയെല്ലാം ജിഐ കൊണ്ട് നിർമിച്ചതിനാൽ സ്ഥലം ലാഭിക്കാനായി. ജിഐ കൊണ്ടാണ് സ്റ്റെയർകെയ്സും. ഇതിൽ മാഞ്ചിയത്തിന്റെ പലക പിടിപ്പിച്ച് പടികളൊരുക്കി.

അലൂമിനിയം കൊണ്ടാണ് അടുക്കളയിലെ കാബിനറ്റുകൾ. ഗ്രേ Ð വൈറ്റ് നിറക്കൂട്ട് തന്നെ ഇതിനു നൽകി. വലുപ്പം കൂടിയ വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചാണ് കൗണ്ടർടോപ്പ് നിർമിച്ചത്.

പരിമിതികളെ മറികടന്ന് മനസിലാഗ്രഹിച്ചതു പോലെയുള്ള വീട് സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് വീട്ടുകാരെല്ലാം.

ഉടമസ്ഥർ: ജെറിൽ & ട്രീസ, സ്ഥലം: ആശ്രമം, ആലപ്പുഴ, വിസ്തീർണം‌: 1200 ചതുരശ്രയടി, ഡിസൈൻ: ജിതിൻ ആന്റണി, ജെഎ ഡിസൈൻസ്, ആലപ്പുഴ

Tags:
  • Architecture