Wednesday 07 June 2023 02:25 PM IST

കണ്ടാൽ പറയുമോ 100 വർഷമായെന്ന്! പഴമയുടെ നന്മ കൈവിടാതെ മുത്തച്ഛൻ വീട്

Sreedevi

Sr. Subeditor, Vanitha veedu

ktm new

പുതുക്കിപ്പണിതു എന്നു പറഞ്ഞിട്ട് വീടിന് മാറ്റമൊന്നും കാണാനില്ലല്ലോ എന്നാണ് കുര്യൻ പുന്നൂസിനോടും ജീനയോടും ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുന്നത്. 98 വർഷം പഴക്കമുള്ള വീടിന്റെ ഭംഗിയും തനിമയും ചോരാതെ വീട് പുതുക്കിയെടുത്ത മകൾ അനുപയുടെ ആർക്കിടെക്ട് എന്ന നിലയിലുള്ള കഴിവിൽ അഭിമാനം കൊള്ളുകയാണ് ഈ ദമ്പതികൾ.

കോട്ടയം ജില്ലയിലെ തോട്ടയ്ക്കാടിന്റെ ഗ്രാമാന്തരീക്ഷത്തിലാണ് കുര്യൻ– ജീന ദമ്പതികളുടെ വീട്. സസ്റ്റൈനബിൾ ആർക്കിടെക്ചറിന്റെയും കേരള പ്രാദേശിക വാസ്തുവിദ്യയുടെയും കടുത്ത ആരാധികയായ അനുപ, വീടിന്റെ തനിമയ്ക്ക് കോട്ടം തട്ടാതെ വീടിനെ പുതിയ ജീവിതശൈലിയോട് ഇണക്കിച്ചേർക്കുകയായിരുന്നു. ‘‘പുതുക്കിയത് പെട്ടെന്ന് തിരിച്ചറിയില്ല എന്ന് ആളുകൾ പറയുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. പഴയ വീടിന്റെ തനിമ നിലനിർത്തി വളരെ സൂക്ഷ്മമായാണ് ഓരോ ഘട്ടവും മുന്നോട്ടു പോയത്,’’ അനുപ പറയുന്നു.

അനുപയുടെ മുതുമുത്തച്ഛൻ പണി കഴിപ്പിച്ച വീടാണിത്. വെട്ടുകല്ലും കുമ്മായവും കൊണ്ട് ഭിത്തികളും തടി കൊണ്ടുള്ള മേൽക്കൂരയും. ‘‘പിന്നീട് കോൺക്രീറ്റ് വ്യാപകമായിത്തുടങ്ങിയ കാലത്ത് മുത്തച്ഛൻ മുൻവശത്ത് രണ്ട് മുറികൾ കൂട്ടിച്ചേർത്തു. പൂമുഖത്തിന്റെ ഇരുവശങ്ങളിലേക്കും കൂട്ടിയെടുത്ത ഒരു മുറി ലൈബ്രറിയും മറ്റേത് കിടപ്പുമുറിയുമായിരുന്നു.’’ ഇവിടെ മാത്രമായിരുന്നു വീടിന്റെ മറ്റു ഭാഗങ്ങളോടു ചേരാത്ത വിധത്തിൽ കോൺക്രീറ്റ് സ്ലാബ് ഉണ്ടായിരുന്നതെന്ന് അനുപ ഓർമിക്കുന്നു.

ktm2 Lining Room, Library

മുറികൾ ചെറുതാണെന്ന പ്രശ്നം വീട്ടുകാർ എപ്പോഴും അഭിമുഖീകരിച്ചിരുന്നു, പ്രത്യേകിച്ച് ഡൈനിങ് ഏരിയയുടെ കാര്യത്തിൽ. തൊട്ടടുത്ത ചെറിയ മുറി കൂട്ടിച്ചേർത്ത് ഡൈനിങ് വലുതാക്കാം എന്ന ചിന്തയിൽ നിന്നാണ് പുതുക്കിപ്പണിയലിന്റെ തുടക്കം. പക്ഷേ, ഡൈനിങ്ങിനും അടുക്കളയിലും ഒതുക്കാമെന്നു കരുതി അവസാനിച്ചത് വീട് പൂർണമായും കേടുപാടുകൾ തീർത്തെടുക്കുന്നതിലാണ്.

വളരെ കുറച്ചുമാത്രം പൊളിച്ച്, പൊളിച്ചതെല്ലാം പുനരുപയോഗിച്ചാണ് അനുപ വീടിനെ ഇങ്ങനെയാക്കിയത്. ഒരു ദശാബ്ദം പഴക്കമുണ്ടെങ്കിലും വളരെ ബുദ്ധിപൂർവം ഡിസൈൻ ചെയ്ത വീടായിരുന്നു ഇതെന്നു പറയാം. ഉയർന്ന തട്ടിട്ട മേൽക്കൂരയും ബാത്റൂം അറ്റാച്ഡ് കിടപ്പുമുറികളും അക്കാലത്തെ പുതുമയുള്ള കാഴ്ചയായിരുന്നു.

Dining Room, Wash Area

വെട്ടുകല്ലുകൊണ്ടുള്ള ഭിത്തികൾ ബലവത്തായിരുന്നു. കേടില്ലാത്ത ഭിത്തികളിലെ കുമ്മായത്തേപ്പ് നിലനിർത്തി ബാക്കി പ്ലാസ്റ്റർ ചെയ്തു. ഇരൂൾ കൊണ്ടുള്ള മേൽക്കൂരയും ഉരുക്കു പോലെ ശക്തമായിരുന്നു. മേൽക്കൂരയ്ക്ക് മെറ്റൽ ഫ്രെയിം ആക്കാമെന്ന അഭിപ്രായം പലരും പറഞ്ഞെങ്കിലും ഗുണമേന്മയുള്ള തടി വെറുതെ കളയേണ്ട എന്ന നിലപാടിൽ അനുപ ഉറച്ചു നിന്നു. ഇടക്കാലത്ത് കൂട്ടിയെടുത്ത കോൺക്രീറ്റ് സ്ലാബ് മുറിച്ചുകളഞ്ഞ്, അവിടെ ഓടിട്ടപ്പോൾ മാത്രമാണ് മെറ്റൽ പൈപ്പ് ഉപയോഗിച്ചത്. മുറിച്ചെടുത്ത കോൺക്രീറ്റ് സ്ലാബും പുനരുപയോഗിച്ചു, പൂന്തോട്ടത്തിലെ നടവഴിയാക്കി മാറ്റി.

പഴയ വീടിന്റെ പുറത്തേക്കുള്ള വാതിലുകൾ അടയ്ക്കാൻ മാത്രം അര മണിക്കൂർ ആവശ്യമായിരുന്നു എന്ന് ജീന തമാശ പറയുന്നു. 12 വാതിലുകൾ പുറത്തേക്കുണ്ടായിരുന്നു. പഴുതില്ലാത്ത വിധം ക്രോസ്‌വെന്റിലേഷൻ ഉണ്ടായിരുന്നു ഇവിടെ. ഏതൊരു ജനലിനും വാതിലിനും എതിർവശത്തും മറ്റൊരു ജനലോ വാതിലോ ഉണ്ടാകും. പുതുക്കിപ്പണിതപ്പോൾ ചില വാതിലുകൾ എടുത്തുമാറ്റി.

എടുത്തുമാറ്റിയ തടിവാതിലുകൾ വീടിന്റെ പല ഭാഗത്തും പല രൂപത്തിൽ കാണാം. വരാന്തയിലെ തിണ്ണയിൽ പതിപ്പിച്ചത് ഇത്തരമൊരു വാതിലാണ്. മാസ്റ്റർ ബെഡ്റൂമിലെ ബേ വിൻഡോ നിർമിച്ചതും ഒരു വാതിലും പഴയൊരു അലമാരയും സംയോജിപ്പിച്ചാണ്.

ktm4 Bed Room, In-built seating

ജനലുകളും വാതിലുകളും അതേപടി ഉപയോഗിച്ചു. പോളിഷിന്റെ വലിയ ഒരു പാളി ചുരണ്ടിക്കളഞ്ഞു വേണമായിരുന്നു യഥാർഥ തടി പുറത്തുകൊണ്ടുവരാൻ. ലളിതമായ ഡിസൈനുള്ള വാതിലുകളും നല്ല ഉറപ്പുള്ളതായിരുന്നു. ഡൈനിങ് ഏരിയയിൽ ഒരു ജനൽ മാത്രം പഴയ ജനലുകളുടെ അതേ മാതൃകയിൽ നിർമിച്ചു.

ട്രെൻഡ് ആയ കാലത്ത് സ്ഥാനം പിടിച്ചതാണ് ഇവിടെ മൊസെയ്ക് തറ. ആ മൊസെയ്ക് മാറ്റുന്ന കാര്യം ചിന്തിക്കുകയേ വേണ്ടെന്ന് അനുപ തറപ്പിച്ചു പറഞ്ഞു. ‘‘ ഭിത്തി എടുത്തുമാറ്റിയ ഡൈനിങ് ഏരിയയിൽ മാത്രമാണ് മൊസെയ്ക് മാറ്റേണ്ടിവന്നത്. മൊസെയ്ക് പോലെത്തന്നെ തോന്നിക്കുന്ന ടൈൽ അവിടേക്ക് കണ്ടെത്തി,’’ അനുപ പറയുന്നു. മറ്റു മുറികളിലെ മൊസെയ്ക്ക് നിലം കുഴികൾ നികത്തി മിനുസപ്പെടുത്തിയപ്പോൾ അതിമനോഹരമായി.

ഫർണിച്ചർ എല്ലാം പഴയതുതന്നെ പോളിഷ് ചെയ്തും അപ്ഹോൾസ്റ്ററി പുതുക്കിയും ഉപയോഗിച്ചു. പഴയ ഡൈനിങ് ടേബിളിൽ മൈക്ക ഒട്ടിച്ചതിനാൽ അതുമാത്രം ഒഴിവാക്കേണ്ടിവന്നു. പഴയ ഡൈനിങ് ടേബിളിന്റെ തടിയും പുനരുപയോഗിച്ചിട്ടുണ്ട്. ചെറിയ കട്ടിലുകളായിരുന്നു മുൻപുണ്ടായിരുന്നത്. അത്തരം രണ്ട് കട്ടിലുകൾ ഒന്നാക്കി രണ്ട് കിടപ്പുമുറികളിലേക്കും കിങ് സൈസ് കട്ടിൽ നിർമിച്ചു. പഴയൊരു ചൂരൽ കട്ടിൽ അതേപടി ഹെഡ്റെസ്റ്റ് ആക്കി മാറ്റിയത് മാസ്റ്റർ ബെഡ്റൂമിൽ കാണാം.

ktm5 Kitchen, Out door Pavilion

പഴയ കാർഷെഡ് മാറ്റി അവിടെ വരാന്ത നിർമിച്ചു. വീടിനോടു ചേർന്നുണ്ടായിരുന്ന വിറകുപുര ഒരു പവിലിയനാക്കി മാറ്റി. നല്ല കാറ്റും കാഴ്ചകളും വീട്ടുകാരെയും വിരുന്നുകാരെയും ഇവിടേക്ക് ആകർഷിക്കുന്നു. വരാന്തയുടെ പ്രയോജനവും അതിനപ്പുറവും ഈ പവിലിയൻ ചെയ്യുന്നുവെന്ന് വീട്ടുകാർ പറയുന്നു.

വീട് ഭംഗിയാക്കുന്നതിൽ ചുറ്റുപാടുകൾക്കും വലിയ പ്രാധാന്യമുണ്ട്. വലിയ മരങ്ങൾ പലതും ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കി നിലനിർത്തി. പുൽത്തകിടി പുതിയതായി നിർമിച്ചു. മുറ്റത്തെ ചെറു ജലാശയത്തിലും ആമ്പൽക്കുളത്തിലും തട്ടിയെത്തുന്ന തെക്കു പടിഞ്ഞാറൻ കാറ്റ് അകത്തും കുളിർമ പകരുന്നു. പുതുക്കിപ്പണിയൽ നഷ്ടമാണ് എന്നു വാദിക്കുന്നവർക്ക് കനത്ത മറുപടിയാണ് ഈ വീട്.

ചിത്രങ്ങൾ: ഹരികൃഷ്ണൻ, പ്രശാന്ത് മോഹൻ

Area: 3000 sqft Owner: കുര്യൻ പുന്നൂസ് & ജീന Location: തോട്ടയ്ക്കാട്, കോട്ടയം Design: Studio 3TwentyOne, Kottayam info@3twentyone.in