Friday 23 December 2022 02:43 PM IST

വീട് വെയിലും മഴയും കൊള്ളാതെ താമസിക്കാനുള്ളതാണ്; അതിനെന്തിന് ലക്ഷങ്ങൾ കടം വാങ്ങണം?

Sreedevi

Sr. Subeditor, Vanitha veedu

nan1

ഒരുപാട് പണം ചെലവഴിച്ച് വലിയ വീടുവയ്ക്കണം എന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പഴയ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചപ്പോൾ ചെറിയൊരു വീടുമതി എന്നതിൽ തർക്കമുണ്ടായില്ല. ഞാൻ നന്ദു കെ.എസ്. ഭാര്യ ശാരി, അച്ഛൻ സാലി, അമ്മ സിന്ധു, അമ്മൂമ്മ അമ്മു എന്നിവർക്കൊപ്പം കോട്ടയം നഗരത്തിനടുത്ത് പനമ്പാലത്ത് താമസിക്കുന്നു. പ്ലോട്ട് ആറ്റിൻ തീരത്തായതിനാൽ വെള്ളം കയറാത്ത രീതിയിൽ തറ ഉയർത്തിപ്പണിയണം എന്ന തീരുമാനം നേരത്തേ എടുത്തിരുന്നു.

പ്ലാൻ വരച്ച സമയത്ത് വിദേശത്ത് ജോലിയിലായിരുന്നെങ്കിലും വീടുപണി തുടങ്ങിയപ്പോഴേക്കും ആ ജോലി ഉപേക്ഷിച്ച് ഞാൻ നാട്ടിൽ തിരിച്ചെത്തിയിരുന്നു. നാട്ടിൽ ഫൊട്ടോഗ്രഫറായി ജോലി ചെയ്യുന്നതിനിടയിൽ വീടുപണിയും കൈകാര്യം ചെയ്തു. ഇന്റീരിയർ ഡിസൈനിങ് കമ്പനിയിൽ ജോലി ചെയ്ത അനുഭവസമ്പത്തും ടൈൽ പണി ചെയ്യുന്ന അച്ഛന്റെ അറിവുകളും വീടുപണിയിൽ മുതൽക്കൂട്ടായി.

ഓർമകൾക്കു മരണമില്ല

nan2

പഴയ വീടിന്റെ ഓർമയുണർത്തുന്ന രീതിയിൽ ഓടിട്ട വീടാകണം എന്നുണ്ടായിരുന്നു. പ്രധാന വാതിൽ കൂടാതെ പറമ്പിനോടു ചേർന്ന് ഒഴുകുന്ന മീനച്ചിലാറിനഭിമുഖമായും ഒരു വാതിൽ വേണം, ഒറ്റനില മതി ഇങ്ങനെ ചെറിയ ആഗ്രഹങ്ങൾ. ഒരു നിശ്ചിത ബജറ്റ് മുന്നിൽക്കണ്ടാണ് വീടുപണി ആരംഭിച്ചത്.

2018ലെ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയ ഉയരത്തിൽ മണ്ണിട്ട് പ്ലോട്ട് ഉയർത്തിയെടുക്കുകയാണ് ആദ്യം ചെയ്തത്. ഇതിനു മാത്രം ഏകദേശം നാലര ലക്ഷം ചെലവായി.

വളരെ ലളിതമായ പ്ലാൻ ആണ്. സ്വീകരണമുറിക്കും ഊണുമുറിക്കുമിടയിൽ വാതിലില്ലാതെ, തുറന്ന രീതിയിൽ ക്രമീകരിച്ചു. ഊണുമുറിയിൽ നിന്ന് പ്രവേശിക്കാവുന്ന വിധത്തിൽ അടുക്കളയും മൂന്ന് കിടപ്പുമുറികളും. കിടപ്പുമുറികളിൽ ഒന്ന് മാത്രം ബാത്റൂം അറ്റാച്ഡ് ആണ്. ഊണുമുറിയോടു ചേർന്നുതന്നെ കോമൺ ബാത്റൂം ഉള്ളതുകൊണ്ട് മറ്റ് രണ്ട് കിടപ്പുമുറികൾ ബാത്റൂം അറ്റാച്ഡ് അല്ല. ആകെ വിസ്തീർണം 890 ചതുരശ്രയടി.

പ്ലാൻ വരച്ചു കഴിഞ്ഞപ്പോൾ മുറികളുടെ വലുപ്പം ഊഹിക്കാൻ കഴിയുമായിരുന്നില്ല എന്നതായിരുന്നു അഭിമുഖീകരിച്ച ഒരു പ്രശ്നം. ബാത്റൂം ചെറുതാകുമോ തുടങ്ങിയ കാര്യങ്ങൾ ഭയന്നെങ്കിലും അത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.

ഓട്ടം ഓടിനുവേണ്ടി

nan3

പഴയ വീട്ടിലേതുപോലെ മേൽക്കൂര ഓടിട്ടു നിർമിക്കണം എന്നതിൽ തർക്കമില്ലായിരുന്നു. ലിന്റൽ വാർത്ത് അതിനു മുകളിലേക്ക് മൂന്ന് മീറ്റർ കട്ട കെട്ടി ഉയർത്തി. അതിനു മുകളിൽ മെറ്റൽ ഫ്രെയിം നിർമിച്ച് ഓട് വിരിക്കുകയായിരുന്നു. ഓടിടുമ്പോൾ വാർക്കുന്നതിനേക്കാൾ ചെലവു കുറവാണ് എന്നായിരുന്നു ധാരണ. എന്നാൽ ഫ്രെയിം നിർമിക്കാനുള്ള മെറ്റൽ പൈപ്പ് വാങ്ങാൻ ചെന്നപ്പോൾതന്നെ ആ ധാരണ തെറ്റാണെന്ന് തെളിഞ്ഞു. വീട് എത്ര ചതുരശ്രയടിയാണോ അതിന്റെ ഇരട്ടി വിസ്തീർണമാകും മേൽക്കൂരയ്ക്ക്. ഏകദേശം 1800 ചതുരശ്രയടി വന്നു മേൽക്കൂരയുടെ വിസ്തീർണം. അതിനുള്ള മെറ്റൽ പൈപ്പ് വാങ്ങുന്നത് ചെലവുള്ള കാര്യമാണ്.

പഴയ ഓടു വാങ്ങി മേൽക്കൂര മേയുന്നത് ലാഭമാണെന്ന് വായിച്ചിട്ടുണ്ട്. എന്നാൽ മേൽക്കൂരയ്ക്കു താഴെ ജിപ്സം സീലിങ് മാത്രം ചെയ്യാനുള്ള പ്ലാനേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ പഴയ ഓട് വിരിക്കാനുള്ള ധൈര്യം കുറവായിരുന്നു. പുതിയ ഒറ്റപ്പാത്തി ഓട് ഒന്നിന് 25 രൂപയോളമായി. ഒരെണ്ണത്തിന് 30 രൂപയ്ക്കു മുകളിൽ വരുമെന്നതിനാലാണ് ഇരട്ടിപ്പാത്തി ഒഴിവാക്കിയത്.

ഒറ്റക്കൂര മാത്രമായതിനാൽ ഫോൾസ് സീലിങ് ഇല്ലെങ്കിൽ ഭംഗിയുണ്ടാകില്ല. സീലിങ് മുറിച്ചുമാറ്റാനും പുനഃസ്ഥാപിക്കാനുമൊക്കെയുള്ള എളുപ്പം കണക്കിലെടുത്ത് ജിപ്സം സീലിങ്ങാണ് ചെയ്തത്. താരതമ്യേന ചെലവു കുറവും ജിപ്സത്തിനാണ്. ഭിത്തിക്കും സീലിങ്ങിനും ഇടയിലുള്ള സ്ഥലത്ത് എലിയും അണ്ണാനും കൂടുവച്ചു തുടങ്ങിയപ്പോൾ അവിടം പിന്നീട് കാൽസ്യം സിലിക്കേറ്റ് ബോർഡ് കൊണ്ട് അടക്കേണ്ടിവന്നു.

ഒതുക്കത്തിൽ ഒരുക്കം

nan4

ഏറ്റവും ലളിതമായി എന്നാൽ വൃത്തിയായിത്തന്നെയാണ് ഇന്റീരിയർ ചെയ്തത്. പുട്ടിയിട്ട് പെയിന്റ് ചെയ്തെങ്കിലും ചെലവ് കൂടിയില്ല. സ്വീകരണമുറിയിലെ ഒരു ഭിത്തി മാത്രം ടെക്സ്ചർ പെയിന്റ് ചെയ്തു. ബാക്കി എല്ലായിടത്തും വെള്ള പെയിന്റടിച്ചു.

ഒരേ ഡിസൈനുള്ള, ചതുരശ്രയടിക്ക് 55 രൂപയോളം വരുന്ന ടൈലാണ് എല്ലാ മുറികളിലേക്കും തിരഞ്ഞെടുത്തത്. അടുക്കളയിൽ മാത്രമാണ് ടൈൽ ഡിസൈൻ വ്യത്യസ്തമാക്കിയത്. അച്ഛൻ ടൈൽ പണിയിൽ വിദഗ്ധനായതിന്റെ ഗുണം കിട്ടി.

പ്രധാന വാതിൽ കൂടാതെ ആറ്റുതീരത്തേക്കും ഒരു വാതിൽ വച്ചു. അവിടെയും ഒരു സിറ്റ്ഔട്ട് സ്ഥാപിച്ചു. പ്ലാവുകൊണ്ടുള്ള വാതിലുകളെല്ലാം വളരെ ലളിതമായ ഡിസൈനാണ്.

മാഞ്ചിയം കൊണ്ടുള്ള സോഫയും മറ്റു ഫർണിച്ചറും മറ്റ് തടികൾ കൊണ്ടുണ്ടാക്കുന്നതിനേക്കാൾ ലാഭത്തിൽ കിട്ടി.

ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാത്ത, എന്നാൽ ലക്ഷ്വറിയല്ലാത്ത നിർമാണസാമഗ്രികളാണ് എല്ലായിടത്തും ഉപയോഗിച്ചത്. നിലം ഉയർത്താനുള്ള നാലര ലക്ഷം ഉൾപ്പെടെ 15 ലക്ഷത്തിന് പണി പൂർത്തീകരിച്ചു.11.5 ലക്ഷത്തിന് ഇത്തരമൊരു വീട് ചെയ്തെടുക്കാൻ സാധിക്കും. ചെടികളും മരങ്ങളുമാണ് ഞങ്ങളുടെ വീടിന്റെ ഏക ആഡംബരം. കാലം മുന്നോട്ടു നീങ്ങുമ്പോൾ ആ ഭംഗി കൂടുകയേയുള്ളൂ.