Thursday 04 May 2023 12:55 PM IST : By സ്വന്തം ലേഖകൻ

ഒന്നര സെന്റിലെ നല്ല വീട്; ഒരു പൂ ചോദിച്ചപ്പോൾ കിട്ടിയ പൂക്കാലം...

sma1

എന്തെല്ലാം വേണം എന്ന പട്ടികയുമായല്ല, എന്തു കിട്ടിയാലും സന്തോഷം എന്ന നിസഹായവസ്ഥയിലാണ് രാജുവും ശാലിനിയും ആർക്കിടെക്ട് അനൂപ് സുകുമാരനെ സമീപിക്കുന്നത്. കുറേപ്പേരെക്കൊണ്ട് പ്ലാൻ വരപ്പിച്ചിട്ടും ഒന്നും ശരിയാകാത്തതിന്റെ വിഷമത്തിലായിരുന്നു രണ്ടുപേരും. ആകെ 1.7 സെന്റേ ഉള്ളൂ എന്നതായിരുന്നു പ്രശ്നം. പയ്യന്നൂർ പുതിയ സ്റ്റാൻഡിന് അടുത്തുള്ള കണ്ണായ സ്ഥലമാണ്. കുടുംബസ്വത്തായി കിട്ടിയതുമാണ്. ഇതു വിറ്റ് മറ്റെവിടെയെങ്കിലും സ്ഥലം വാങ്ങുന്നതിനോട് മാനസികമായി താൽപര്യവുമില്ല. ഇതായിരുന്നു സാഹചര്യം.

ഭാവി മുന്നിൽക്കണ്ടുള്ള ഡിസൈൻ

പ്ലോട്ടിന്റെ പ്രത്യേകതകളും വീട്ടുകാരുടെ ഇഷ്ടങ്ങളും മാത്രമല്ല, പ്രദേശത്തിന്റെ വികസലസാധ്യതകളും മുന്നിൽക്കണ്ടാണ് അനൂപ് വീടിന്റെ രൂപരേഖയൊരുക്കിയത്. പ്രതീക്ഷിച്ചതിലും പലമടങ്ങ് സൗകര്യങ്ങൾ ലഭിച്ചതോടെ വീട്ടുകാരും നിരാശയെല്ലാം വിട്ട് സജീവമായി.

sma4

ബസ് സ്റ്റാൻ‌ഡിന് അടുത്തായതിനാൽ ഭാവിയിൽ താഴത്തെനില വാടകയ്ക്ക് നൽകുകയോ, കച്ചവട ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചയ്യാവുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. ഇപ്പോൾ സിറ്റ്ഔട്ടിലൂടെയുള്ള സ്റ്റെയർ ചെറിയ ചില കെട്ടിയടയ്ക്കലുകൾ നടത്തിയാൽ വീടിനു പുറത്തുകൂടിയാക്കാം. ഇതുവഴി നേരെ രണ്ടാംനിലയിലെത്താം. ഈ സാധ്യത മുൻകൂട്ടി കണ്ട് രണ്ടാംനിലയിലാണ് അടുക്കള നൽകിയിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥരാണ് രാജുവും ...... ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കൂടുതൽ സമയം അടുക്കളയിൽ ചെലവഴിക്കേണ്ടിവരും. ഈ സമയം എല്ലാവർക്കും ഒരുമിച്ചുകഴിയാനായി അടുക്കളയ്ക്ക് നല്ല വലുപ്പം വേണം എന്ന് വീട്ടുകാർക്കുണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അടുക്കള രണ്ടാനിലയിലേക്ക് മാറ്റിയത്. ഡൈനിങ്, ഓപ്പൻ കിച്ചൻ, യൂട്ടിലിറ്റി റൂം, മാസ്റ്റർ ബെഡ്റൂം എന്നിവ കൂടാതെ സ്റ്റെയർ കെയ്സ് ലാൻഡിങ്ങിനോട് ചേർന്ന് വിദഗ്ധമായി നിർമിച്ചെടുത്ത സ്റ്റഡി സ്പേസും രണ്ടാംനിലയിൽ വരുന്നു. ജോലിക്കിടയിൽ മകന്റെ പഠിത്തകാര്യങ്ങളിലും മാതാപിതാക്കളുടെ കണ്ണെത്തും.

മാസ്റ്റർ ബെഡ്റൂമിനോട് േചർന്ന് വീടിനു മുൻഭാഗത്തായി നൽകിയിട്ടുള്ള ബാൽക്കണിയിലിരുന്നാൽ പുറത്തെ കാഴ്ചകളൊക്കെ ആസ്വദിക്കാം. യുപിവിസി കൊണ്ടുള്ള വലിയ ജനാലകളാണ് ഈ ഭാഗത്ത് നൽകിയിട്ടുള്ളത്. ഇത് തുറന്നിട്ടാൽ ബാൽക്കണി കൂടി കിടപ്പുമുറിയുടെ ഭാഗമാകും. വീട്ടുകാർക്ക് വേണ്ട അത്യാവശ്യ സൗകര്യങ്ങളെല്ലാം രണ്ടാംനിലയിൽ തന്നെ ഉൾക്കൊള്ളിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇവിടമാണ് വീടിന്റെ ഹൃദയം എന്നു പറയാം. ഡൈനിങ് സ്പേസ് ഡബിൾ ഹൈറ്റിലായതിനാൽ മൂന്നാമത്തെ നിലയുമായും നല്ല ‘കണക്‌ഷൻ’ സാധ്യമാകും. ഒരു കിടപ്പുമുറിയും ടെറസ് ഗാർഡനും മൂന്നാമത്തെ നിലയിൽ വരുന്നു.

സിറ്റ്ഔട്ട്, ലിവിങ് സ്പേസ്, ഒരു കിടുപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ആകെ 1100 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം.

ജാളി മാജിക്

ജാളിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന കാഴ്ചകൾ ഇഷ്ടംപോലെയുണ്ടിവിടെ. വീടിനുള്ളിൽ വെളിച്ചമെത്തിക്കാനും സ്വകാര്യതയ്ക്കു ഭംഗം വരാത്ത രീതിയിൽ ഓപ്പനിങ്ങുകൾ നൽകാനുമെല്ലാം ജാളി ഉപയോഗിച്ചിരിക്കുന്നു. വീട്ടിലേക്കു കയറുന്നയിടത്ത് സിറ്റ്ഔട്ടിന് ഇരുവശത്തുമുള്ള ജാളി ഡിസൈൻ കാണുമ്പോൾ തന്നെ ഇതു ബോധ്യമാകും.

sma2

ഇതുകൂടാതെ മൂന്നാംനിലയിലെ സ്റ്റെയർഏരിയയുടെ രണ്ടുവശത്തും ജാളിഭിത്തിയാണ് നൽകിയിട്ടുളത്. ഇതുവഴിയെത്തുന്ന വെളിച്ചം വീടിനുള്ളിൽ മുഴുവനെത്തും. മാത്രമല്ല, ചൂടുവായു ഇതിലൂടെ പുറത്തുപോകുകയും ചെയ്യും.

സ്ഥലം കുറവായതിനാൽ തെക്കുവശത്ത് അതിരിനോടു ചേർന്നാണ് ഭിത്തി നൽകിയത്. അതിനാൽ ഇവിടെ ജനലുകളും ഓപ്പനിങ്ങുകളുമൊന്നും നൽകാനായില്ല. അതിന്റെ കുറവ് നികത്താൻ മറ്റു വശങ്ങളിൽ പരമാവധി ഓപ്പനിങ്ങുകൾ നൽകുകയായിരുന്നു.

സ്ഥലം പരമാവധി പ്രയോജനപ്പെടുത്താനായി മുൻഭാഗത്ത് മതിൽ പൂർണമായും ഒഴിവാക്കി. ഫോൾഡിങ് ടൈപ്പ് ഗേറ്റ് മാത്രമാണിവിടെ നൽകിയത്. വശങ്ങളിലെ മതിലിന് ഒരു മീറ്റർ ഉയരമേ നൽകിയുള്ളൂ.

മുൻവശത്ത് 3.10 മീറ്ററും വടക്കുവശത്തും പിന്നിലും 1.10 മീറ്ററും സെറ്റ്ബാക്ക് ഒഴിച്ചിട്ടാണ് വീടുപണിതത്. തെട്ടടുത്ത പുരയിട ഉടമയുടെ അനുമതിയോടെയാണ് അവിടെ അതിരിനോട് േചർത്ത് ഭിത്തി നൽകിയത്. ഇങ്ങനെ കെട്ടിടം നിർമിക്കുമ്പോൾ ആ ഭാഗത്ത് ഓപ്പനിങ്ങുകൾ പാടില്ല എന്നാണ് നിയമം.

sma3

5.5 3 മീറ്റർ അളവിലുള്ള മുറ്റത്ത് ഒരു കാർ പാർക്ക് െചയ്യാം. വീടിന് പിന്നിൽ അടിത്തറയ്ക്ക് ഉള്ളിൽ വരുംവിധമാണ് സെപ്ടിക് ടാങ്ക്. ഇതിന്റെ മാൻഹോൾ മാത്രം പുറത്ത് നൽകി. കിണർ കുഴിച്ചാൽ വെള്ളം ലഭിക്കാത്തതിനാൽ കുഴൽക്കിണറാണ് ഈ ഭാഗത്ത് കൂടുതലായി ഉപയോഗിക്കുന്നത്. മുറ്റത്ത് കുഴൽക്കിണറിനും സ്ഥലം കണ്ടെത്തി.

ചെലവിന് കടിഞ്ഞാൺ

സ്ഥലം കണ്ടെത്തുന്നതിനൊപ്പം ചെലവ് നിയന്ത്രിക്കുന്നതിനും ശ്രദ്ധ നൽകിയായിരുന്നു വീടുപണി. അനാവശ്യമായ അലങ്കാരങ്ങൾ ഒരിടത്തും നൽകിയില്ല. പ്രാദേശികമായി ലഭിക്കുന്ന വെട്ടുകല്ലുകൊണ്ടാണ് ചുമര് കെട്ടിയത്. കൂടുതൽ ഇടുക്കം തോന്നിക്കും എന്നതിനാൽ ചുമര് പ്ലാസ്റ്റർ െചയ്തു. റെഡിമെയ്ഡ് ടെറാക്കോട്ട ജാളി കൂടുതലായി ഉപയോഗിച്ചതിനാൽ പ്ലാസ്റ്ററിങ്, പെയിന്റിങ് ചെലവുകൾ നിയന്ത്രിക്കാനായി. ജാളി ഡിസൈനും ഒപ്പം രണ്ടാംനിലയുടെ ചുമരിൽ പതിപ്പിച്ച ഇഷ്ടിക പോലെ തോന്നിപ്പിക്കുന്ന ടെറാക്കോട്ട ടൈലുമാണ് വീടിന് ഭംഗി തോന്നിപ്പിക്കുന്ന പ്രധാന ഘടകം.

മൈൽഡ് സ്റ്റീൽ ഫ്രെയിമിൽ തടി പിടിപ്പിച്ചാണ് സ്റ്റെയർകെയ്സ് നിർമിച്ചത്. കിച്ചൻ കബോർഡ്, വാഡ്രോബ് എന്നിവയ്ക്ക് അലൂമിനിയം കോംപസിറ്റ് പാനൽ ഉപയോഗിച്ചു. മെയ്ന്റനൻസ് കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചാണ് ഫ്ലോറിങ്.

രാജുവിനും ശാലിനിക്കും മകനും മാത്രമല്ല, ഇടയ്ക്ക് മക്കൾക്കൊപ്പം നിൽക്കാൻ എത്തുന്ന അമ്മയ്ക്കും വേണ്ട സൗകര്യങ്ങളെല്ലാം 1.7 സെന്റിലെ വീട്ടിലുണ്ട്. ശരിക്കും പറഞ്ഞാൽ ഇതൊരു ‘ഒന്നൊന്നര വീട്’ തന്നെ.

Area: 1100 sqft Owner: പി.പി. രാജു & ശാലിനി Location: പയ്യന്നൂർ

Design: സമഷ്ഠി ഡിസൈൻസ്, പയ്യന്നൂർ samashttiarchitects@gmail.com