Wednesday 29 March 2023 05:10 PM IST : By സ്വന്തം ലേഖകൻ

ജി- 20 ഉച്ചകോടി: ഹരിതവിസ്മയം ഒരുക്കി കുമരകം; പിന്നണിയിൽ കണ്ണൂരിൽ നിന്നുള്ള ആർക്കിടെക്ട് സംഘം

G4

അടിമുടി മാറിയിരിക്കുകയാണ് കുമരകത്തെ കെടിഡിസി വാട്ടർസ്കേപ് റിസോർട്ട്. ജി-20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിനെത്തുന്ന വരെ കാത്തിരിക്കുന്നത് പ്രകൃതിയോടുള്ള കരുതലിന്റെ മൂല്യം വിളിച്ചറിയിക്കുന്ന കാഴ്ചകളും രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളും. ആർക്കിടെക്ട് സുജിത് കുമാർ, സച്ചിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാറ്റത്തിനു പിന്നിൽ.

G6 ആർക്കിടെക്ട് സുജിത് കുമാറും സച്ചിൻ രാജും

30 ന് ആരംഭിക്കുന്ന ജി -20 ഉച്ചകോടിയുടെ മുഖ്യ വേദിയാണ് പക്ഷിസങ്കേതത്തിന് തൊട്ടടുത്തുള്ള വാട്ടർസ്കേപ് റിസോർട്ട്. 40 കോട്ടേജുകളാണ് ഇവിടെ ഉണ്ടായിരുന്നത്. വേമ്പനാട് കായലിനോടു ചേർന്നുള്ള കേരളത്തിലെ തന്നെ ഏറ്റവും കണ്ണായ ടൂറിസം ലൊക്കേഷൻ ആയിരുന്നിട്ടും അതിനുതക്ക പരിഗണന വാട്ടർസ്കേപ്പിന് കിട്ടിയിരുന്നില്ല. അതിനാണിപ്പോൾ മാറ്റം വരുന്നത്. കുമരകത്തിനൊപ്പം വാട്ടർസ്കേപ് റിസോർട്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.

G1 ജി–20 ഉച്ചകോടി നടക്കുന്ന കെടിഡിസി വാട്ടർസ്കേപ് റിസോർട്ടിന്റെ പ്രവേശന കവാടം

പക്ഷിസങ്കേതത്തിലേക്കുള്ള പ്രവേശന കവാടത്തിലൂടെ തന്നെ വേണം റിസോർട്ടിലേക്കെത്താൻ. പ്രവേശനകവാടത്തിൽ തന്നെ മാറ്റം ദൃശ്യമാകും. ബോർഡ് പിടിപ്പിച്ചിരിക്കുന്ന മുൻഭാഗത്തും അകത്തേക്കുള്ള പാതയുടെ ഇരുവശത്തും മുളകൊണ്ടുള്ള മനോഹരമായ മതിൽ ഇടംപിടിച്ചു കഴിഞ്ഞു. ‘ബാംബൂ വേവ്’ എന്ന് പേരിട്ടിരിക്കുന്ന ഡിസൈനിന് വേമ്പനാട്ടുകായലിലെ ഓളങ്ങളാണ് പ്രചോദനം. കോട്ടേജുകൾക്കിടയിലൂടെ ഒഴുകുന്ന തോടുകൾക്കു മുകളിലെ പാലങ്ങൾക്കും മുളകൊണ്ടുള്ള കൈവരികൾ നൽകി. ഉള്ളിലേക്ക് കയറുമ്പോൾ ആദ്യം കാണുന്ന ഇന്റർപ്രെട്ടേഷൻ സെന്റർ കെട്ടിടവും മുളകൊണ്ട് പൊതിഞ്ഞു.

G7 കെട്ടിടത്തിന് ബാംബൂ മാസ്കിങ്

റിസോർട്ടിന് ഉള്ളിലുള്ള കൈത്തോടുകളെല്ലാം വൃത്തിയാക്കി തിട്ട ഇടിയാതിരിക്കാനായി വശങ്ങളിൽ ജിയോ ടെക്സ്റ്റൈൽ വിരിച്ചിട്ടുണ്ട്. തോടിന്റെ കരകളിലും ചുറ്റിലുമുള്ള ലാൻഡ്സ്കേപ്പും പുതുക്കി. തദ്ദേശീയ ഇനത്തിലുള്ള ചെടികളാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. നടപ്പാതകൾ കല്ല് വിരിച്ച് മനോഹരമാക്കി.

G8 റിസോർട്ടിന് ഉള്ളിലെ വഴിയിലൂടെ ഇലക്ട്രിക് വാഹനം പോകുന്നു

ജി–20 ഉച്ചകോടിക്കായി പുതിയതായി നിർമിച്ച കൺവൻഷൻ സെന്ററിനു മുന്നിൽ പുതിയ ഫ്ലോട്ടിങ് ബോട്ട് ജെട്ടിയുടെ നിർമാണവും പൂർത്തിയായി. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു പോലെയാണ് ഈ ജെട്ടി. അതിഥികൾക്ക് പ്രവേശനകവാടത്തിൽ നിന്നും ശിക്കാര വള്ളത്തിലും ബോട്ടിലും കൺവൻഷൻ സെന്ററിലേക്കെത്താം. ആവശ്യമെങ്കിൽ മറ്റൊരിടത്തേക്ക് മാറ്റാം എന്നതാണ് ഫ്ലോട്ടിങ് ജെട്ടിയുടെ സവിശേഷത.

G11 റിസോർട്ടിന് ഉള്ളിലെ തോടുകൾക്ക് ജിയോ ടെക്‌സ്റ്റൈൽ കൊണ്ടുള്ള സംരക്ഷണം

2000 ലാണ് കെടിഡിസി വാട്ടർ സ്കേപ് റിസോർട്ടിന്റെ നിർമാണം പൂർത്തിയായത് പ്രശസ്ത ആർക്കിടെക്ടും ഗോവ സ്വദേശിയുമായ ജെറാൽഡ് ഡി കൂന ആയിരുന്നു രൂപകൽപന നിർമവഹിച്ചത്. ആദ്യമായാണ് ഇത്ര വിപുലമായ രീതിയിലുള്ള നവീകരണപ്രവർത്തനങ്ങൾ നടക്കുന്നത്.

G10 പാലത്തിന് മുളകൊണ്ടുള്ള കൈവരി

കുമരകത്തിന്റെ സവിശേഷതകൾ ഉയർത്തിക്കാട്ടുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസൈൻ തയാറാക്കിയത് എന്ന് നവീകരണത്തിന് മേൽനോട്ടം വഹിച്ച ആർക്കിടെക്ട് സുജിത് കുമാർ പറയുന്നു.

G9 റിസോർട്ടിലെ കോട്ടേജുകൾ. 40 കോട്ടേജുകളാണ് ഉള്ളത്.

‘‘പക്ഷിസങ്കേതവും വേമ്പനാട്ടുകയാലുമൊക്കെയായി ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ജൈവവൈവിധ്യമാണ് ഇവിടുള്ളത്. അതിന് ഒരു കോട്ടവും വരുത്താതെ രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിക്കുക എന്നതായിരുന്നു ലക്ഷ്യം. തൊട്ടടുത്ത് പക്ഷി സങ്കേതമുള്ളതിനാൽ ഒരു ലൈറ്റ് നൽകുന്നതുപോലും കരുതലോടെ വേണമായിരുന്നു. ദേശാടനപക്ഷികളുടെ വരവിനെയും പ്രജനനത്തെയുമൊക്കെ ബാധിക്കുന്ന രീതിയിൽ വലിയ വെളിച്ചവിതാനങ്ങളൊക്കെ ഒഴിവാക്കി. പരിസ്ഥിതിസൗഹാർദ രീതിയിലാണ് പുതിയ നിർമാണങ്ങളെല്ലാം. പുനരുപയോഗിക്കാവുന്ന വസ്തുക്കളാണ് ഉപയോഗിച്ചത്.’’

G12 കോട്ടേജുകൾക്ക് നടുവിലൂടെ ഒഴുകുന്ന തോട്. വേന്പനാട് കായലും കാണാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കണ്ണൂർ സെന്റർ ചെയർമാനാണ് സുജിത് കുമാർ. സുജിത്തിന്റെ മേൽനോട്ടത്തിലുള്ള എസ്.കെ ആർക്കിടെക്ട്സ് കാസർകോട് ആസ്ഥാനമായുള്ള എ ലൈൻ സ്റ്റുഡിയോ എന്നിവയുടെ നേതൃത്വത്തിലായിരുന്നു നവീകരണപ്രവർത്തനങ്ങൾ.

G5 പാതയ്ക്ക്കിരുവശവും മുളകൊണ്ടുള്ള മതിൽ

ജനുവരിയിലാണ് ജോലികൾ ആരംഭിച്ചത്. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികളുടെ ആദ്യഘട്ടം മാത്രമേ ഇപ്പോൾ പൂർത്തിയായിട്ടുള്ളൂ. പുതിയ സർവീസ് ബ്ലോക്ക്, ബാർ ആൻഡ് ബിയർ പാർലർ, ഹെൽത് ക്ലബ്ബ്, കായലിന് അഭിമുഖമായുള്ള സ്പാ, അഡ്വഞ്ചർ സ്പോർട്സ് സെന്റർ എന്നിവയുടെ നിർമാണമാണ് രണ്ടാം ഘട്ടത്തിലുള്ളത്. അതോടൊപ്പം നിലവിലുള്ള കോട്ടേജുകൾ ഫൈവ്സ്റ്റാർ നിലവാരത്തിലേക്ക് പുതുക്കിപ്പണിയുകയും ചെയ്യും. മുളയായിരിക്കും പ്രധാന നിർമാണസാമഗ്രി. ‘വൈ നോട്ട് ബാംബൂ ഇൻ ഒൗർ പ്ലേസ്’ എന്നതാണ് തീം. കൂടുതൽ കരുത്തിലും ഭംഗിയിലും‘ബാംബൂ വേവ്’ തുടരും എന്നർഥം.