Monday 13 April 2020 01:10 PM IST : By സോന തമ്പി

എന്റെ ലിയ ശാന്തമായി ഉറങ്ങുമ്പോൾ ..' ക്വാറന്റീൻ കാലത്ത് മകളെ വരച്ച് ആർട്ടിന്റെ ലോകത്തേക്ക് തിരിച്ചു നടന്ന് ആർക്കിടെക്ട് ലിജോ ജോസ്.

Veedu

ജനുവരി മുതൽ തന്നെ മെല്ലെ തല പൊക്കാൻ തുടങ്ങിയ കൊറോണ വൈറസിനെപ്പറ്റിയുള്ള വാർത്തകൾ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നെന്ന് ആർക്കിടെക്ട് ലിജോ. ഉറക്കം പോലും മാറി നിന്ന രാത്രികളിലൊന്നിൽ ശാന്തമായി ഉറങ്ങുന്ന മകൾ ലിയയെ ശ്രദ്ധിച്ചപ്പോളാണ് മനസ്സിലെ വാൽസല്യം വരയായി പരിണമിച്ചത്. പിന്നീടുള്ള വരകൾക്ക് ലിയ പെർമിഷൻ കൊടുത്തത് ഒരു കണ്ടീഷനിലാണ് -'പുതുതായി പണിയുന്ന വീട്ടിൽ തന്റെ മുറിയിലേക്ക് അവയെല്ലാം ഫ്രെയിം ചെയ്ത് ഒരു സീരീസാക്കി തരണം.' പ്രോജക്ടുകളിൽ കാണിക്കുന്ന നിർബന്ധബുദ്ധി പലപ്പോഴും അവാർഡുകളായി മാറ്റുന്ന ലിജോയ്ക്ക് മകളുടെ കണിശതയിൽ മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ ചെറുപ്പത്തിലെ ഇഷ്ടമായ വരയിലേക്ക് മറ്റൊരു കാൽവെയ്പ്..

2

ചാർക്കോൾ, പല ഗ്രേഡിലുള്ള കളർ പെൻസിലുകൾ, ഡ്രാഫ്റ്റിങ് പേനകൾ, ജാപ്പനീസ് ബ്രഷ് പെൻ തുടങ്ങി പല തരം  മീഡിയ ഉപയോഗിച്ചായിരുന്നു ലിജോയുടെ വര. വരയോടുള്ള ഇഷ്ടം കൊണ്ടാണ് ആർക്കിടെക്ചറിലേക്ക് തിരിഞ്ഞതു തന്നെ. ചിത്രരചനയിലെ വഴക്കമുള്ള വരകളേക്കാൾ പ്രോജക്ടുകൾക്കു വേണ്ട 'റിജിഡ് ' വരകളിലേക്ക് ശ്രദ്ധ മാറിയപ്പോൾ ചിത്രരചന മനസ്സിലെവിടെയോ മാറാല കെട്ടി കിടന്നു. മനസ്സ് എത്തുന്നിടത്ത് കൈ എത്താത്തതിന്റെ പ്രശ്നം ആദ്യമുണ്ടായെങ്കിലും പിന്നെ രസം പിടിച്ചു. അങ്ങനെ ' While my Leah sleeps gently ' എന്ന സീരീസ് പിറന്നു. ഇപ്പോൾ തന്നെ 40-41 ചിത്രങ്ങൾ റെഡിയായിക്കഴിഞ്ഞു. ലോകം പുറത്ത് പകച്ചു നിൽക്കുമ്പോൾ, ആശങ്കകളുടെ ചിന്തകൾ മനസ്സിനെ അലട്ടുമ്പോൾ, സുഖകരമായ ഗാഢനിദ്ര പൂകാൻ കഴിയുന്നതു പോലും ഒരു അനുഗ്രഹമാണെന്ന തിരിച്ചറിവിലാണ് ലിജോ.