Saturday 02 April 2022 04:08 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ നായയെ വളർത്താൻ ലൈസൻസ് വേണോ?

്ദു

ലൈസൻസ് ഇല്ലാതെ വളർത്തുന്ന നായ്ക്കളെ പിടിച്ചുകൊണ്ടുപോകാൻ പഞ്ചായത്തിന് അധികാരമുണ്ടോ? മിക്കവരുടേയും സംശയമാണിത്. വ്യക്തമായ ഉത്തരം ഇതാ.

കേരള മുനിസിപ്പാലിറ്റി ആക്ട് 1994 പ്രകാരം വീട്ടിൽ നായയെ വളർത്തുന്നതിന് തദ്ദേശ സെക്രട്ടറിയുടെ ലൈസൻസ് ആവശ്യമാണ്. പക്ഷേ, ഇത് കാര്യമായി നടപ്പാക്കാറില്ലായിരുന്നു. എന്നാൽ, വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ബന്ധപ്പെട്ട പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ റജിസ്റ്റർ ചെയ്യണമെന്ന് 2021 ജൂലൈ 14-ന് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഓഗസ്റ്റിൽ നിയമം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ സെക്രട്ടറിയും പുറത്തിറക്കി. നായ്ക്കളെ വളർത്താൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ലൈസൻസ് സമ്പാദിക്കണം എന്നു തന്നെയാണ് നിലവിലുള്ള നിയമം.

എല്ലാ മൃഗങ്ങൾക്കും ലൈസൻസ് വേണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നതെങ്കിലും നായ്ക്കളുടെ റജിസ്ട്രേഷനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിർബന്ധമാക്കിയിരിക്കുന്നത്. നായ്ക്കളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമാക്കുക, നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയുക, പേവിഷബാധ നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.

ലൈസൻസിനായി റാബീസ് വാക്സീൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അപേക്ഷ നൽകണം. ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെ കാലാവധിയിൽ ഒരു വർഷത്തേക്കാണ് ലൈസൻസ് നൽകുക. നിലവിൽ 10 രൂപയാണ് ലൈസൻസ് ഫീസ്.

ലൈസൻസ് ഇല്ലാതെ വളർത്തുന്ന നായ്ക്കളെ പിടിച്ചുകൊണ്ടു പോകാൻ പഞ്ചായത്തിന് അധികാരമുണ്ടോ എന്നതിൽ നിയമത്തിന് വ്യക്തതയില്ല. ‘റെസ്പോൺസിബിൾ ഓണർഷിപ്’ പ്രോത്സാഹിപ്പിക്കുകയാണ് നിയമം ലക്ഷ്യംവയ്ക്കുന്നത്.

Tags:
  • Gardening