Thursday 17 June 2021 02:33 PM IST

തട്ടിപ്പുകളിൽ മയങ്ങി സ്വന്തം വീട് കുളമാക്കരുത്; മലയാളികൾക്കു സാധാരണ പറ്റുന്ന അബദ്ധങ്ങൾ

Sona Thampi

Senior Editorial Coordinator

veedu 1

സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവരില്ല. പോക്കറ്റിനേക്കാൾ വലിയ സ്വപ്നങ്ങളാണ് നമ്മിൽ മിക്കവർക്കും. ലോൺ തരാൻ ബാങ്കുകൾ ക്യൂ നിൽക്കുമ്പോൾ പിന്നെ എന്തിന് കുറയ്ക്കണം എന്നതാണ് ചോദ്യം. എസ്റ്റിമേറ്റിനെ കാറ്റിൽ പറത്തിക്കൊണ്ടാണ് നിർമാണ സാമഗ്രികളുടെ വില കുതിക്കുന്നത്. അതായത്, 35 ലക്ഷം ബജറ്റാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ അത് ഹാഫ് സെഞ്ച്വറിയിലെത്താൻ വലിയ വിഷമമൊന്നുമില്ല എന്ന് സാരം. ഇങ്ങനെ കൈവിട്ട രീതിയിൽ നിർമാണ മേഖല പായുമ്പോൾ മലയാളികളുടെ, പ്രവാസികളുടെ ഒക്കെ സ്വപ്നങ്ങൾ തട്ടിപ്പുകളുടെ/ അബദ്ധങ്ങളുടെ ഒക്കെ വലയിൽ അകപ്പെടാൻ ധാരാളം സാഹചര്യങ്ങളാണ് ചുറ്റും.

ലോക്ഡൗൺ ഒന്ന് അയയുകയും ടിപിആർ കുറയുകയും ചെയ്ത സാഹചര്യത്തിൽ ചിങ്ങത്തിൽ വീടു പണി തുടങ്ങണമെന്ന് പല മലയാളികളും മനക്കോട്ട കെട്ടിക്കാണും. അങ്ങനെ ഒരാഗ്രഹമുണ്ടെങ്കിൽ ഇപ്പോഴേ തുടങ്ങണം പ്ലാനിങ്. ആർക്കിടെക്ട്/ ഡിസൈനർ പ്ലോട്ട് വന്നു കാണുകയും പ്ലാൻ അന്തിമരൂപത്തിലെത്തിക്കുകയും ചെയ്യുക. അല്ലാതെ ഒരു ശരാശരി മലയാളി ചെയ്യുന്ന പോലെ അവസാന നിമിഷത്തിൽ പരിചയക്കാരനെ കാണിച്ചോ ഗൂഗിളിൽ പരതിയോ പ്ലാൻ തട്ടിക്കൂട്ടാതിരിക്കുക. മികച്ച ആർക്കിടെക്ടിനെയോ ഡിസൈനറെയോ കണ്ടെത്തി അയാളുടെ മുൻ വർക്കുകൾ പരിശോധിച്ച് നിങ്ങളുടെ പ്ലോട്ടിനിണങ്ങിയ പ്ലാൻ കണ്ടെത്തുക.

നല്ല പ്ലാനിങ് ഇല്ലാതെ ഇറങ്ങിയാൽ നിങ്ങളുടെ വീട് ഭാവിയിൽ ഒരു ബാധ്യതയായി മാറാം. പ്ലാനും 3D കളും ഷെയർ ചെയ്യുന്ന ഓൺലൈൻ സംഘങ്ങളാണ് പല മലയാളികളുടെയും ഇപ്പോഴത്തെ പ്രതീക്ഷ. 3D വീടിൻ്റെ പുറം കാഴ്ചയിൽ മയങ്ങിക്കിടക്കുകയാണ് പലരും. ചുരുങ്ങിയ സ്ക്വയർ ഫീറ്റ് റേറ്റിൽ വീടു പണിയാം എന്ന വാഗ്ദത്തങ്ങൾ കണ്ട് കണ്ണ് മഞ്ഞളിച്ചു പോകാതിരിക്കുക. ചുരുങ്ങിയത് 1800-2000 രൂപയെങ്കിലും ചതുരശ്രയടിക്ക് വരാതെ ഇന്നത്തെ കാലത്ത് അത്യാവശ്യം നല്ലൊരു വീടു വയ്ക്കാൻ സാധ്യമല്ല എന്ന് ഈ രംഗത്തുള്ളവർ പറയുന്നു. മികച്ച നിർമാണ കമ്പനികളുടെ റേറ്റ് 3000 ഉം അതിലും മുകളിലും പോവാം. അതിനനുസരിച്ചുള്ള സൈറ്റ് വിസിറ്റുകൾ, മേൽനോട്ടം, പൂർണമായ ഡ്രോയിങ് സെറ്റുകൾ എന്നിവ ഇതിനൊപ്പം ലഭിക്കും എന്നതാണ് ഗുണം. ഇവ ഉറപ്പു വരുത്തുകയും വേണം. ഉദാഹരണത്തിന്, 3D ചിത്രങ്ങളിൽ കാണുന്ന ബെഡ്റൂം സ്വപ്നങ്ങൾക്കും മേലെ ആയിരിക്കും.; പക്ഷേ യഥാർത്ഥത്തിലുള്ള കട്ടിലിൻ്റെ സ്ഥാനവും കബോർഡിൻ്റെ വലുപ്പവും കഴിയുമ്പോൾ പലപ്പോഴും നിൽക്കാൻ തന്നെ സ്ഥലം കാണില്ല!

ഒരു വീടിൻ്റെ ഡീറ്റെയിൽഡ് ഡ്രോയിങ്ങുകൾ തന്നെ മുപ്പതോ അതിലധികമോ ഒക്കെ നല്ല ബിൽഡർമാർ കൈമാറാറുണ്ട് എന്നോർക്കുക. വെറുതെ ചില 3D പ്ലാനുകൾ കണ്ടതുകൊണ്ടു മാത്രം വീടുപണിയിലേക്ക് എടുത്തു ചാടരുത് എന്ന് ഓർമിപ്പിക്കട്ടെ. എല്ലാ രംഗത്തുമെന്നതു പോലെ കള്ളനാണയങ്ങളും തട്ടിപ്പുകളും വാസ്തു മേഖലയിലും നടക്കുന്നുണ്ട്. സൈറ്റിൻ്റെ പ്രത്യേകതകളും വീട്ടുകാരുടെ താൽപര്യങ്ങളും ഉൾപ്പെടുത്തി പല കാര്യങ്ങൾ കണക്കിലെടുത്താണ് ഒരു നല്ല ആർക്കിടെക്ട് പ്ലാൻ വരയ്ക്കുന്നത്. ചെറിയ ഒരു ഫീസിനു വേണ്ടി കണക്കുകൾ അപ്പാടെ മാറ്റുന്നത് വീടിൻ്റെ ഭംഗിയും ഇൻ്റീരിയറിലെ പല സൗകര്യങ്ങളും നഷ്ടപ്പെടുത്തും. അന്ധമായി കണക്കുകളെ ആശ്രയിക്കുന്ന പ്രവണതയെ നിയന്ത്രിക്കേണ്ടതുണ്ട്. വാസ്തു ആചാര്യരെ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മനസ്സിലുണ്ടാവണം. പലപ്പോഴും വീടിനെക്കുറിച്ചോർത്ത് ദു:ഖിക്കേണ്ടി വരുന്നത് യുക്തിക്കു നിരക്കാത്തതും ശരിയായ പ്ലാനിങ് ഇല്ലാത്തതുമായ പ്രവൃത്തികളാണ്. പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ മാറ്റാവുന്നല്ല ഒന്നല്ല സാധാരണക്കാരനെ സംബന്ധിച്ച് ഒരു വീട്; പ്രത്യേകിച്ചും ഇക്കാലത്ത്.

Tags:
  • Vanitha Veedu