Thursday 24 February 2022 02:31 PM IST : By സ്വന്തം ലേഖകൻ

വീട്ടുമുറ്റത്തൊരു നാടൻ കള്ളുഷാപ്പ്... കേരളത്തിലല്ല, അങ്ങ് ഇംഗ്ലണ്ടിൽ

uk 4

ചൂടുകാലം തുടങ്ങുന്നതോടെ വീടിനു പുറത്ത് ചെറിയ ‘സമ്മർഹട്ട്’ ഒരുക്കി ഭക്ഷണവും വിശ്രമവുമൊക്കെ അവിടെയാക്കുന്നതാണ് ഇംഗ്ലിഷുകാരുടെ രീതി. യുകെയിലെ ലിങ്കൺഷയറിൽ സ്ഥിരതാമസമാക്കിയ മലയാളി കോട്ടയം പള്ളിക്കത്തോടുകാരൻ ബിലോയി വർഗീസും അതിനു കുറവൊന്നും വരുത്തിയില്ല. വീട്ടുമുറ്റത്ത് ഉഗ്രനൊരു സമ്മർഹട്ട് തന്നെ ഒരുക്കി. കണ്ടാൽ നാടൻ കള്ളുഷാപ്പ് പോലെയിരിക്കും. മാർച്ച് എത്തുന്നതോടെ ഇംഗ്ലണ്ടിൽ വേനൽ കടുക്കും. ഇപ്പോൾ തന്നെ നല്ല ചൂടുണ്ട്. അതിനാൽ വീട്ടുകാർ വിശ്രമവും ഭക്ഷണം കഴിക്കലുമൊക്കെ കള്ളുഷാപ്പിനുള്ളിലാക്കിക്കഴിഞ്ഞു.

uk 1 jpg

പേര് ‘കള്ള് ഷാപ്പ്’ എന്നാണെങ്കിലും ഇവിടെ കള്ള് കിട്ടില്ല! പക്ഷേ, ഇവിടെയെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നല്ല നാടൻ ഭക്ഷണം ബിലോയിയും ഭാര്യ ആൻസിയും ചേർന്നു വിളമ്പും.

uk 3

മൂന്ന് വർഷം മുൻപാണ് ബിലോയിയും കുടുംബവും ലിങ്കൺഷെയറിലെ വീടു വാങ്ങുന്നത്. ലാൻഡ്സ്കേപ്പിൽ മുൻപൊരു ‘സമ്മർഹട്ട്’ ഉണ്ടായിരുന്നു. പക്ഷേ, പരിചരണം കിട്ടാഞ്ഞതിനാൽ ആകെ കേടുവന്ന സ്ഥിതിയിലായിരുന്നു. അതിനെയൊന്ന് ശരിയാക്കിയെടുക്കണമെന്ന ആഗ്രഹത്തിനൊപ്പം എന്തെങ്കിലും പുതുമ വേണമെന്ന ചിന്ത കൂടിയായപ്പോഴാണ് ‘കള്ളുഷാപ്പ്’ പിറവിയെടുത്തത്.

uk 5

പഴയ സമ്മർഹട്ടിന്റെ അടിത്തറ മാത്രമേ പ്രയോജനപ്പെടുത്താനായുള്ളൂ. ബാക്കിയൊക്കെ നീക്കി. പഴയ വീടുകൾ നവീകരിച്ചു നൽകുന്ന സ്ഥാപനം നടത്തുകയാണ് ബിലോയി. അതുകാരണം കാര്യങ്ങൾ എളുപ്പമായി.

ബിലോയി തന്നെയാണ് കൂടുതൽ ജോലികളും ചെയ്തത്. ചുരുക്കം ചില ജോലികൾക്കുമാത്രം സഹായം തേടി.

uk 2

മുളയാണ് കള്ളുഷാപ്പിന്റെ പ്രധാന നിർമാണവസ്തു. തൂണുകൾക്ക് വലിയ മുളയും കൈവരികൾക്ക് ചെറിയ മുളഞ്ചില്ലിയും ഉപയോഗിച്ചു. മുളഞ്ചില്ലികൾ ചെറിയ കെട്ടുകളായി വാങ്ങാൻ ലഭിക്കുമെന്നത് സഹായകമായി. മുളഞ്ചില്ലികൾക്കു മുകളിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ച് മേൽക്കൂര തയാറാക്കി. കണ്ടാൽ ചൂരൽ മെടഞ്ഞതാണെന്ന് തോന്നുന്ന രീതിയിലുള്ള ഔട്ട്ഡോർ ഫർണിച്ചറും കൂടി ഇട്ടതോടെ ഷാപ്പ് റെഡിയായി.

ഇതൊക്കെയുണ്ടെങ്കിൽ ബോർഡാണ് കള്ളുഷാപ്പിന്റെ തിലകക്കുറി. കള്ളുഷാപ്പ്, ലൈസൻസിയുടെ പേര് തുടങ്ങിയ വിവരങ്ങളെല്ലാം എഴുതിയ ബോർഡ് തനിനാടൻ കള്ളുഷാപ്പിന്റെ മാതൃകയിൽ തന്നെ തയാറാക്കുകയായിരുന്നു.

ആയിരം പൗണ്ട് ആണ് നിർമാണത്തിനായി ചെലവായത്.

Tags:
  • Design Talk