Thursday 01 July 2021 03:03 PM IST : By സ്വന്തം ലേഖകൻ

അന്ന് മണ്ണിട്ടു മൂടാൻ പറഞ്ഞ പാറക്കുളം ഇന്ന് ഉഗ്രൻ സ്വിമിങ് പൂൾ

pont 1

മണ്ണിട്ടു നികത്താൻ പറഞ്ഞ പാറക്കുളം ഉഗ്രനൊരു സ്വിമിങ്പൂളായതിന്റെ സന്തോഷത്തിലാണ് ഹക്കീം വേങ്ങൂരും കുടുംബവും. മഴക്കാലമായതോടെ സ്വിമിങ്പൂൾ തനിയെ നിറഞ്ഞു. വീട്ടിലെയും അയൽപക്കത്തെയും കുട്ടികൾ നീന്തിത്തിമിർക്കുകയാണിവിടെ. വീടു പണിതപ്പോൾ മുതൽ ‘മണ്ണിട്ടു നികത്തിക്കൂടേ’ എന്ന് എല്ലാവരും ഉപദേശിച്ച പാറക്കുളമാണ് ഇപ്പോൾ വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയ ഇടമായി മാറിയിരിക്കുന്നത്.

pont 2

20 വർഷം മുൻപാണ് മലപ്പുറം മേലാറ്റൂരിനടുത്ത് വേങ്ങൂരിൽ ഹക്കീം സ്ഥലം വാങ്ങുന്നത്. വേലിക്കല്ല് വെട്ടിയെടുത്ത മൂന്ന് പാറക്കുളങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം മണ്ണിട്ട് മൂടി മുറ്റവും പുരയിടവുമാക്കി. ഒരെണ്ണം അതേപോലെ നിലനിർത്തി. മൂന്ന് വർഷം മുൻപാണ് പാറക്കുളം സ്വിമിങ്പൂളായി മാറ്റിയെടുത്തത്. ഇതിനായി ആദ്യം പാറക്കുളം മുഴുവൻ വൃത്തിയാക്കി. അതിനുശേഷം കൂർത്ത പാറക്കഷണങ്ങൾ മുഴുവൻ നീക്കം ചെയ്തു. നാലുവശവും ലെവൽ ചെയ്ത് കോൺക്രീറ്റ് ചെയ്തു ഭംഗിയാക്കി. പൂളിലേക്ക് ഇറങ്ങാനായി ഒരു വശത്ത് പടികളും നിർമിച്ചു. ഇതിനോട് ചേർന്ന ഭാഗത്ത് പുൽത്തകിടി പിടിപ്പിച്ചതോടെ വീട്ടുകാർക്ക് കാറ്റുകൊണ്ടിരുന്ന് വർത്തമാനം പറയാനുള്ള സ്ഥലവുമായി. സ്വിമിങ്പൂളിന്റെ നടുവിൽ അഞ്ചടിയോളം താഴ്ചയുണ്ട്. വേനൽക്കാലത്തുപോലും വെള്ളം വറ്റില്ല എന്നതാണ് പ്രത്യേകത.

pont 3

കൃഷിയാവശ്യത്തിനും ഇതിൽ നിന്നാണ് വെള്ളമെടുക്കുന്നത്. ധാരാളം പക്ഷികൾ ഇവിടെ വെള്ളം കുടിക്കാനെത്തുന്നുണ്ട്. സ്ഥിരമായി എത്തുന്ന മയിൽ പീലിവിടർത്തിയാടുന്ന കാഴ്ച വീട്ടുകാർക്ക് അപ്രതീക്ഷിത സമ്മാനമായി. കുട്ടികളുടെ സുരക്ഷയെ കരുതി സ്വമിങ്പൂളിന്റെ നാലു ചുറ്റും ഗ്രിൽ പിടിപ്പിച്ച് ഗെയ്റ്റും നൽകി. എല്ലാത്തിനും കൂടി ഒരു ലക്ഷം രൂപയോളം ചെലവായി. ഹക്കീമിന്റെ വീടിനുള്ളിലുമുണ്ട് പാറയുടെ സാന്നിധ്യം. പാറ പൊട്ടിക്കാതെ വീടു പണിയണം എന്നായിരുന്നു ആഗ്രഹം. അതിനാൽ ലിവിങ് – ഡൈനിങ് ഏരിയയിൽ ചുമരിനോടു ചേർന്ന് നീളനൊരു പാറക്കഷണം അതേപോലെ നിലനിർത്തി. പോളിഷ് െചയ്ത് വൃത്തിയാക്കിയ ഇതിനോടു ചേർന്ന് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.

Tags:
  • Vanitha Veedu