Saturday 26 February 2022 02:15 PM IST : By Santhosh George Kulangara

മഹാനഗരങ്ങളിലെ സിംപിൾ വീടുകൾ; അതാണ് നമ്മൾ മാതൃകയാക്കേണ്ടത്...

santoshgeorgekulangara

പല വലിയ നഗരങ്ങളിൽ പോവുമ്പോൾ ചെറിയ ചെറിയ വീടുകളാണ് നമ്മൾ കാണുന്നത്. വളരെ സിംപിൾ ആയിട്ട് തോന്നുന്ന വീടുകൾ. എന്നാൽ, അകത്തു കയറിയാൽ എല്ലാ സൗകര്യങ്ങളും ചേർന്ന അതിഗംഭീര വീടുകളാണിവ. മിക്കവാറും മൂന്നു നിലയായിരിക്കും. ഭൂമിക്കടിയിൽ ഒരു നില, ഭൂമി നിരപ്പിൽ മറ്റൊന്ന്, അതിനു മുകളിൽ മൂന്നാമത്തേത്. സ്പേസ് മാനേജ്മെന്റിന്റെ വൈദഗ്ധ്യമാണ് ഇവിടെ കാണാൻ കഴിയുക.

നാട്ടിലെ വീടുകളുടെ നാലിലൊന്നുപോലും വലുപ്പമുണ്ടാവണമെന്നില്ല. എന്നാൽ അതിനകത്ത് മൂന്നോ നാലോ ബെഡ്റൂമുകളുണ്ടാവും. വാഷിങ്, റൂം ഹീറ്റർ മുതലായ സൗകര്യങ്ങൾ ഭൂമിക്കടിയിലെ ബേസ്മെന്റിലായിരിക്കും. ചിലർ അവിടെ കിടക്കാനുള്ള സൗകര്യവും ഒരുക്കും.

സ്പേസ് മാനേജ്മെന്റിന്റെ ഗുണം നമ്മുടെ മനസ്സിൽ വരാത്തതിന്റെ പ്രധാന കാരണം നമുക്കവ തീരെ പരിചിതമല്ലാത്തതുകൊണ്ടാണ്. ഉദാഹരണത്തിന്, ചെറിയ ക്രൂയിസ് (cruise) ബോട്ടുകൾ പുറമേനിന്നു നോക്കുമ്പോൾ കാറിന്റെയത്ര വലുപ്പമേ കാണൂ. ഇതിനകത്ത് കിച്ചനും ലിവിങ് ഏരിയയും ബെഡ്റൂമും ടോയ്‌ലറ്റും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ടാവും.

അതുപോലെ ക്രൂയിസ് കപ്പലുകളിൽ 4000, 5000 ആളുകൾ ഡോർമെട്രികളിലല്ല, പകരം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള മുറികളിലാണ് താമസിക്കുന്നത്. സ്പേസ് മാനേജ്മെന്റിനെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് വലുപ്പമാണ് കേമം എന്നു നമ്മൾ വിചാരിക്കുന്നത്.

വലുപ്പം കുറ‍ച്ചാൽ പൈസയുടെ അളവ് കുറയ്ക്കാം. ഇൗ പൈസ ഉപയോഗപ്രദമായ സൗകര്യങ്ങൾ കൊണ്ടുവരാൻ ഉപയോഗിക്കാം. അതേസമയം വലുപ്പം കൂടുമ്പോൾ വീട് പരിപാലനം ബുദ്ധിമുട്ടായി മാറും. ജോലിക്കാരുടെ സഹായം തേടേണ്ടതായി വരും.