Tuesday 08 February 2022 11:38 AM IST : By സ്വന്തം ലേഖകൻ

ആ ചെറിയ മുറി തന്നിരുന്നു സ്നേഹവും സുരക്ഷിതത്വവും; ഇടുക്കിയിലെ പഴയ വീടിന്റെ ഓർമ്മകളുമായി ജയരാജ്

1

ഇടുക്കി ജില്ലയിലെ തങ്കമണിയിൽ അച്ഛന് ഏലത്തോട്ടമുണ്ടായിരുന്നു. അന്നെല്ലാം കുടിയേറ്റ കർഷകരാണുണ്ടായിരുന്നത്. അവിടെ കണ്ടിട്ടുള്ള ഏറ്റവും നല്ല ഒാർമയാണ് ഏറുമാടം.

മരത്തിന്റെ മുകളിൽ പുല്ലുകൊണ്ട് േമഞ്ഞ ഏറുമാടത്തിൽ താമസിച്ചാണ് ആളുകൾ കൃഷി ചെയ്തുകൊണ്ടിരുന്നത്. ഞാൻ കണ്ട ഏറ്റവും വലിയ അദ്ഭുതം ആണ് ഏറുമാടം. വർഷങ്ങളോളം അച്ഛൻ അതിൽ താമസിച്ചിട്ടുണ്ട്. താഴോട്ട് വലിയ ഏണി. ചുറ്റും ആന വരാതിരിക്കാനുള്ള ട്രഞ്ച്. ഇതിന്റെ ഒറ്റ മുറിയിലാണ് അച്ഛനും പണിക്കാരും കിടക്കുന്നത്. ഏറുമാടത്തിനു താഴേക്കൂടി ഒഴുകുന്ന കാട്ടരുവിയാണ് മറ്റ് പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. മരത്തിന്റെ വലിയ വേരുകൾക്കു താഴേക്കൂടിയാണ് കാട്ടരുവി ഒഴുകിപ്പോകുന്നത്. ഇൗ മരവും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

2

അവധിക്കാലത്ത് അവിടെപ്പോയി കിടന്നത് ഒാർമയിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏററവും സമ്പന്നമായ സ്പസേ് ആണത്. വലിയ മരത്തിൽ മുളയും ഇൗറ്റയും വച്ചു കെട്ടി പുല്ല് മേഞ്ഞ ഏറുമാടം. ആന ചവിട്ടിയാലും അനങ്ങാത്ത മരത്തിൽ അങ്ങു പൊക്കത്തിലാണ് ഇൗ ഏറുമാടം.

ഇടുക്കി കട്ടപ്പന റോഡിൽ പത്താംമൈലിൽ ബസ് ഇറങ്ങി കാട്ടിലൂടെ നടന്നുവേണം നീലിവയൽ എന്ന ഇൗ സ്ഥലത്തെത്താൻ. പണ്ട് അച്ഛന്റെ കാലത്ത് അഞ്ചലോട്ടക്കാരന്റെ പിന്നാലെയാണ് അവർ പോയിരുന്നത്. അഞ്ചലോട്ടക്കാരന്റെ മണികിലുക്കം കേട്ട് ആനയൊക്കെ ഒാടിപ്പോവും. അഞ്ചലോട്ടക്കാരന്റെ പിറകെ പോകാൻ കുറേപ്പേർ കാണും.

പിന്നീട് ഏറുമാടത്തിനു താഴെ പാറയിൽ പുല്ലുകൊണ്ടുള്ള ചെറിയ ഒരു വീട് വച്ചു. അതിന് ഒരു മുറിയും അടുക്കളയുമാണ് ഉണ്ടായിരുന്നത്. അത് അവിടത്തെ ഏറ്റവും സമ്പന്നമായ വീടായിരുന്നു. ചുറ്റും ആന വരാതിരിക്കാനുള്ള ട്രഞ്ചും കാണും. മുളയും ഇൗറ്റയും ചൂരലുമൊക്കെ വച്ചാണ് പണി. അകത്ത് ബെർത് പോലെയുള്ളതിൽ ഞങ്ങൾ മേലെ കിടക്കും. അച്ഛൻ താഴെയും. നല്ല തണുപ്പായിരിക്കും വീടിനകത്ത്. അടുപ്പിൽ ഒാരോന്നു ചുട്ടു കഴിക്കും. രാത്രി പാറയിൽ തീയിടും. മൃഗങ്ങളുടെ ശബ്ദം കേൾക്കാം. ഞാൻ അനുഭവിച്ച ഏറ്റവും സുന്ദരമായ ജീവിതാന്തരീക്ഷം ഇതാണ്.

എത്രയും ചെറിയ വീടാണോ, അത്രയും അടുപ്പവും സുരക്ഷിതത്വവും അനുഭവപ്പെടും എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇന്ന് നമുക്ക് താഴിടാൻ ഒരു മുറിയുള്ളപ്പോൾ സൂരക്ഷിതത്വം കുറവാണ്. കോട്ടയത്തെ വീട്ടിൽ അമ്മയും ഞങ്ങൾ അഞ്ച് മക്കളും ഒറ്റമുറിയിലാണ് കിടന്നിരുന്നത്. അമ്മയും ഏറ്റവും ചെറിയ അനിയനും കട്ടിലിലും മറ്റു നാലുപേരും പായ വിരിച്ചും കിടക്കും. അന്ന് ആ ചെറിയ മുറി വലിയ മുറിയായാണ് തോന്നിയിട്ടുള്ളത്. ഇന്നു തോന്നും എങ്ങനെ ഇത്ര പേർ കിടന്നെന്ന്! ഇന്നത്തെ നമ്മുടെ വലിയ വീടുകൾ കെട്ടുറപ്പിന്റെ ആ സുഖം തരുന്നില്ല.