Wednesday 09 March 2022 05:05 PM IST : By സ്വന്തം ലേഖകൻ

പുക നിറയുമ്പോഴായിരിക്കും അറിയുന്നത്, അന്നേരം ഇരുട്ടിൽ ജീവനു വേണ്ടി പരക്കം പായും: ഓർക്കുക ഈ 6 കാര്യങ്ങൾ

home-security-cover

വർക്കലയിൽ വീടിനുള്ളിൽ തീ പടർന്ന് അഞ്ചുേപർ മരിച്ചതിന്റെ ‍‍ഞെട്ടലിലാണ് കേരളം. ഉറങ്ങിക്കിടന്നവർ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെ അഞ്ച് മുറികളിലും എസി പിടിപ്പിച്ചിരുന്നു. ഇതിനായി വെന്റിലേഷൻ എല്ലാം അടച്ചിരുന്നതിനാൽ പുറത്ത് എന്തു നടന്നാലു അറിയാത്ത സ്ഥിതിയായിരുന്നു. മുറിയിലുള്ളവരെ എന്തെങ്കിലും ആവശ്യത്തിന്  ബന്ധപ്പെടണം എങ്കിൽ ഫോൺ വിളിക്കുകയായിരുന്നു പതിവ്. തീപിടിച്ച വിവരം അറിയാൻ കഴിയാതെ പോയതും ഇതുകൊണ്ടായിരിക്കാം.
വീടും കെട്ടിടങ്ങളും തീപടർന്ന് നശിക്കുന്ന സംഭവങ്ങളിലെ സ്ഥിരം വില്ലനായ ‘ഷോർട്ട് സർക്യൂട്ട്’ ആണ് ഇവിടെയും അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. രാത്രിയിലായത് അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണമായി എന്നു കരുതുന്നു.

ഇത്തരത്തിൽ രാത്രിയിൽ വീടിനുള്ളിൽ തീ പടർന്നാൽ പെട്ടെന്നുതന്നെ വീട്ടുകാർ അറിയണമെന്നില്ല. തീ പടർന്ന് മുറിക്കുള്ളിൽ പുക  നിറയുമ്പോഴായിരിക്കും വീട്ടുകാർ അറിയുക. കാർബൺ മോണോക്സൈഡ് കലർന്ന വിഷപ്പുകയായിരിക്കും ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുക. ഇത് ശ്വസിക്കുന്നതോടെ ശ്വാസംമുട്ടലും തുടർന്ന് ബോധക്ഷയവും സംഭവിക്കാം. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ ഇരുട്ടിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോകുകയും ചെയ്യും. തൊണ്ണൂറ് ശതമാനം സംഭവങ്ങളിലും ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നത്. വീടിനുള്ളിൽ തീ പടർന്നുള്ള ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ ഇതാ.

1. ഫയർ അലാം സ്മോക് ഡിറ്റക്ടർ എന്നിവ വയ്ക്കാം– വീടിനുള്ളിൽ തീയോ പുകയോ ഉണ്ടായാൽ ഉടൻ മുന്നറിയിപ്പ് നൽകുന്ന ഫയർ അലാം സ്മോക് ഡിറ്റക്ടർ എന്നിവ ഇത്തരം അപകടങ്ങൾ തടായാൻ സഹായിക്കും. ശബ്ദം പുറപ്പെടുവിച്ചും നേരത്തെ സെറ്റ് ചെയ്തു വച്ചിരിക്കുന്ന നമ്പറുകളിലേക്ക് ഫോൺ വിളിച്ചും മെസേജ് അയച്ചുമെല്ലാം ഇവ മുന്നറിയിപ്പ് നൽകും.  4,500 രൂപ മുതലാണ് ഇവയുടെ വില. കൺട്രോൾ പാനൽ ഉൾപ്പെടെ ഹോം ഓട്ടമേഷൻ സിസ്റ്റം എന്ന നിലയിൽ പിടിപ്പിക്കുമ്പോൾ 20,000 രൂപയ്ക്കടുത്ത് ചെലവു വരും. ഇതായിരിക്കും കൂടുതൽ കാര്യക്ഷമം. എസിയുള്ള വീടുകളിൽ ഈ സംവിധാനമൊരുക്കുന്നതാണ് സുരക്ഷിതം.

home-4

2. കറന്റ് പോയാലും ഒരു ലൈറ്റ് തെളിയണം – ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടാം. ഇരുട്ടിനൊപ്പം പുകയുംകൂടി നിറയുന്നതോടെ വാതിലോ ജനലോ ഒന്നും കണ്ടുപിടിക്കാനാകില്ല. ഇത്തരം സാഹചര്യങ്ങളിൽ കറന്റ് പോയാൽ ഉടൻ തനിയെ തെളിയുന്ന ഒരു ലൈറ്റ് കിടപ്പുമുറികളിലെങ്കിലും ഉണ്ടാകണം. പ്ലഗ് പോയിന്റുമായി കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന തരം എമർജൻസി ലൈറ്റ് ഇക്കാര്യത്തിൽ പ്രയോജനപ്പെടും. ഹോം ഓട്ടമേഷൻ സംവിധാനം ഏർപ്പെടുത്തിയ വീടാണെങ്കിൽ മെയിൻ സർക്യൂട്ടുമായി ബന്ധമില്ലാത്ത ഒരു സെക്കൻഡറി സർക്യൂട്ട് ഇതിനായി നൽകിയിടണം. ബാറ്ററി ബാക് അപ് ഉപയോഗിച്ചായിരിക്കും ഇതു പ്രവർത്തിക്കുക എന്നതിനാൽ കറന്റ് പോയാലും ലൈറ്റ് തെളിയും.

3. എസി ഉപയോഗിക്കുന്ന മുറികളിലെങ്കിലും പ്ലാസ്റ്റിക് സംയുക്തങ്ങൾ ഉപയോഗിച്ചുള്ള സീലിങ്, പാനലിങ്, അലങ്കാരങ്ങൾ, കർട്ടൻ എന്നിവ ഒഴിവാക്കണം. പിവിസി, വിനൈൽ തുടങ്ങിയവകൊണ്ടുള്ള ഉൽപന്നങ്ങൾ പെട്ടെന്ന് കത്തിയുരുകും എന്നു മാത്രമല്ല കാർബൺ മോണോക്സൈഡ് അടങ്ങിയ കറുത്ത വിഷപ്പുക പുറന്തള്ളുകയും ചെയ്യും. തടിക്ക് പകരം ഉപയോഗിക്കുന്ന പാനലുകളും ബോർഡുകളും പെട്ടെന്ന് തീ പിടിക്കുന്നവയല്ലെങ്കിലും തീ പിടിച്ചു കഴിഞ്ഞാൽ ഉരുകുന്ന സ്വഭാവമുള്ളവയാണ്. ഇവയും ഉയർന്ന തോതിൽ പുക പുറന്തള്ളും. ജനലിൽ പ്ലാസ്റ്റിക്കിന്റെ അംശം കൂടിയ തരം ബ്ലൈൻഡുകൾ പിടിപ്പിക്കുന്നതും ഒഴിവാക്കാം.

home-security

4. ഗുണനിലവാരമുള്ള ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ തന്നെ വേണം ഉപയോഗിക്കാൻ– വീട്ടിലുപയോഗിക്കുന്ന ഇലക്ട്രിക് കേബിൾ, സ്വിച്ച്ബോർഡ്, കേബിൾ കടന്നു പോകുന്ന പൈപ്പ്, ഇഎൽസിബി, എംസിബി, വൈദ്യുത ഉപകരണങ്ങൾ എന്നിവയെല്ലാം നിശ്ചിത ഗുണമേന്മയുള്ളതു തന്നെയാകണം. ഇലക്ട്രിക്കൽ ജോലികൾ വിദഗ്ധരായ ജോലിക്കാരെ മാത്രമേ ഏൽപ്പിക്കാവൂ. ചെറിയ വിട്ടുവീഴ്ച പലപ്പോഴും വലിയ നഷ്ടത്തിന് കാരണമാകാം.

5. വീടിന്റെ ഭിത്തിയോടും ജനലിനും തൊട്ടുചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യരുത്. എന്തെങ്കിലും കാരണത്താൽ വാഹനത്തിന് തീ പിടിച്ചാൽ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയും വീട്ടിലേക്ക് തീ പടരുകയും ചെയ്യാം. വീട്ടിൽ നിന്ന് നിശ്ചിത കലത്തിലേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ.

home-1

6. വർഷത്തിലൊരിക്കലെങ്കിലും വീട്ടിലെ വയറിങ്, വൈദ്യുത ഉപകരണങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കണം. കംപ്യൂട്ടർ സോഫ്ട്‌വെയറിന്റെ സഹായത്തോടെ ഇത് പരിശോധിക്കാനുള്ള ‘അഡ്വാൻസ്ഡ് ഹോ ഇൻസ്പെക്‌ഷൻ ’ സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുത്ത് ഇലക്ട്രിക് സർക്യൂട്ടിലെ അപകടമേഖലകൾ കണ്ടെത്തി തകരാർ പരിഹരിക്കുന്ന സംവിധാനമാണിത്.