Friday 11 June 2021 05:22 PM IST : By സ്വന്തം ലേഖകൻ

ചുമരിനു സംരക്ഷണം നൽകാനല്ല പുട്ടി! എല്ലാ ഭിത്തിയ്‌ക്കും പുട്ടി ഇടണോ? സംശയങ്ങൾക്കിതാ മറുപടി

putty 1

ഭിത്തിയെ മൃദുവാക്കാനാണ് പുട്ടി ഇടുന്നത്.സിമന്റ് പ്ലാസ്റ്ററിങ്ങിലെ ഫിനിഷിങ്ങിന്റെ പോരായ്മകൾ പരിഹരിക്കാൻ പുട്ടിക്കു കഴിയും. ഇത് ചുമരുകൾക്കു കൂടുതൽ ഭംഗി നൽകുന്നു. പുട്ടി ഇടുന്നത് ഭംഗിക്കു വേണ്ടിയാണ്; ചുമരിനു സംരക്ഷണം നൽകാൻ പുട്ടിക്കു കഴിയില്ല. പുട്ടിയിടാത്ത ഭിത്തി പെയിന്റ് ചെയ്യുന്നിനേക്കാൾ കുറഞ്ഞ അളവ് പെയിന്റ് കൊണ്ട് പുട്ടിയിട്ട ഭിത്തി പെയിന്റ് ചെയ്യാമെന്ന് പറയാറുണ്ട്. അളവിൽ നേരിയ വ്യത്യാസം മാത്രമേ വരുന്നൂ എന്നതാണ് സത്യം. റസ്റ്റിക് ഫിനിഷ് ആണ് ചുമരുകൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ പുട്ടിയുെട ആവശ്യമേ ഇല്ല.

putty 2

പൗഡർ രൂപത്തിലുള്ള സിമന്റ് പുട്ടി, പേസ്റ്റ് രൂപത്തിലുള്ള അക്രിലിക് പുട്ടി, വാട്ടർ പ്രൂഫിങ് പുട്ടി എന്നിങ്ങനെ മൂന്നുതരം പുട്ടിയാണുള്ളത്. പൗഡർ രൂപത്തിലുള്ളത് വെള്ളം ചേർത്ത് പുട്ടി മിക്സ്ചർ ഉപയോഗിച്ച് കുഴച്ച് കുഴമ്പ് പരുവത്തിലാണ് ഭിത്തിയിൽ തേക്കുന്നത്. ബ്രഷിനു പകരം പല വീതിയിലുള്ള പുട്ടി ബ്ലേഡ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. പേസ്റ്റ് രൂപത്തിലുള്ള പുട്ടി നേരിട്ട് ഭിത്തിയിലേക്ക് തേച്ചു പിടിപ്പിക്കാനാകും. എക്സ്റ്റീരിയറിൽ പുട്ടി ഉപയോഗിക്കുമ്പോൾ വാട്ടർപ്രൂഫിങ് പുട്ടി തിരഞ്ഞെടുക്കണം. ഏതെങ്കിലും കാരണവശാൽ നനവുണ്ടായാലും പുട്ടി വെള്ളം കുടിക്കില്ല. ഇതു തന്നെ ഇന്റീരിയറിലേക്കും തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും ബാത്റൂമിന്റെ ചുമരുകളിലൊക്കെ ഇതു നല്ലതാണ്.

Tags:
  • Vanitha Veedu