Friday 17 July 2020 10:28 AM IST : By Manoj S. Nair

അലസമായി ഇരിക്കാൻ മാത്രമുള്ളതല്ല പൂമുഖം; പിന്നിൽ ഒരു ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്

vastu1

മലയാളി മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ് പുരാതന കേരളീയ ഗൃഹങ്ങളിലെ പൂമുഖങ്ങൾ. ചാരുകസേരയിൽ മലർന്നുറങ്ങുന്ന മുത്തശ്ശൻമാരും, മധുരിക്കുന്ന ഒാർമകൾ അയവിറക്കുന്ന മിഥുനങ്ങളും, കോരിച്ചൊരിയുന്ന മഴയത്തും പൂമുഖത്ത് തിമിർത്ത് ഉല്ലസിക്കുന്ന കുഞ്ഞുങ്ങളുമെല്ലാം നമ്മുടെ ഒാരോരുത്തരുടെയും ഗതകാല അനുഭവങ്ങളിൽ ഉണ്ടാകും. വീടുകളുടെ ഉൾഭാഗം ചെറുതെങ്കിലും വലിയ പൂമുഖങ്ങളായിരുന്നു ഇന്നലെകളുടെ പ്രത്യേകത. ‘അതിഥി ദേവോ ഭവഃ’ എന്നു പറഞ്ഞു പഠിപ്പിച്ച നമ്മുടെ സംസ്കൃതിയിൽ ഒാരോ ഗൃഹവും തിഥി പറയാതെ വരുന്നവരെ ഇൗശ്വരനെപ്പോലെ സ്വീകരിച്ചു വേണ്ടതൊക്കെ നൽകുന്ന ഇടവും കൂടിയായിരുന്നു ആ പൂമുഖങ്ങൾ. മുതിർന്നവരുടെ പണ്ഡിത സഭകളായും അനുഷ്ഠാനങ്ങൾക്ക് അരങ്ങായും പ്രാദേശിക വ്യവഹാരങ്ങൾ തീർപ്പാക്കുന്നതിനുമെല്ലാം ഇൗ പൂമുഖങ്ങൾ നിശബ്ദ സാക്ഷികളായിരുന്നു. ഗതകാല സ്മരണകൾ അയവിറക്കുന്ന ഇത്തരം പൂമുഖങ്ങൾ നമ്മുടെ നാടിന്റെ എല്ലായിടത്തും ഒരു കാലത്ത് ഉണ്ടായിരുന്നെങ്കിലും ഇന്ന് ഇതു വളരെ അപൂർവമായിക്കഴിഞ്ഞു.

ഉരുണ്ട തടിത്തൂണുകളും അരമതിലുകളും അതിനു മുകളിലെ കവരക്കാലുകളും കൊത്തുപണികൾ നിറഞ്ഞ മച്ചും ഗജലക്ഷ്മി ആലേഖനം ചെയ്ത മംഗളപലകയോടു കൂടിയ പ്രൗഢമായ വാതിലുകളും എല്ലാം ഇത്തരം പൂമുഖങ്ങളുടെ മുഖമുദ്രയായിരുന്നു. കരിങ്കല്ലിൽ തീർത്ത വ്യാളീമുഖ പടികളും ചിരട്ടക്കരിയും കുമ്മായവും പച്ചിലച്ചാറുകളുമെല്ലാം ചേർത്തെടുത്ത കറുത്തു മിനുസമായ തറകളും പൂമുഖങ്ങൾക്ക് ഉണ്ടായിരുന്നു. ഒാടുകൾ വ്യാപകമാകുന്ന ഇൗ കാലഘട്ടത്തിനു മുൻപ് ഒാല മേഞ്ഞ, ചാണകം മെഴുകിയ പഴയ പതിപ്പ് അപൂർവമായെങ്കിലും പാലക്കാടൻ ഉൾഗ്രാമങ്ങളിൽ ഇന്നും ദൃശ്യമാണ്. പിന്നീട്, അഭ്രപാളികളിൽ തകർന്ന തറവാടുകളുടെ പ്രതീകമായി ഇത്തരം ഗൃഹങ്ങൾ മാറി എന്നതും ഒരു യാഥാർത്ഥ്യമാണ്.
കാലം മാറിയപ്പോൾ, ഇന്നലെകളുടെ അവിഭാജ്യഘടകമായ പൂമുഖങ്ങൾ ആധുനിക കേരളീയ ഗൃഹങ്ങളുടെ മുഖമുദ്രയായി ഒരു തിരിച്ചുവരവ് നടത്തുകയാണ്. ഗൃഹത്തിന്റെ വിസ്താരത്തിൽ മൂന്നിലൊന്നെങ്കിലും വിസ്താരമുള്ള വരാന്തകളായിരുന്നു വാസ്തുശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളത്.

എന്നിരുന്നാലും ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമായി രൂപകൽപന നടത്തുമ്പോൾ ഏതാണ്ട് ഇത്രയും അളവ് വരാന്തയും പൂമുഖവും കൂടി വരത്തക്കവിധം നൽകുവാൻ ശ്രമിക്കാറുണ്ട്. പോളിഷ്ഡ് ഗ്രാനൈറ്റ് പാകിയ തറകളും ഗ്രാനൈറ്റ് വിരിച്ച മുകൾഭാഗത്തോടു കൂടിയ അരമതിലുകളും തെങ്ങിൻതടിയിൽ ചെയ്ത ചാരുപടികളും കരിങ്കല്ലിലോ തടിയിലോ കോൺക്രീറ്റിലോ ചെയ്തെടുത്ത തൂണുകളും കരിങ്കൽപ്പടികളും ഒക്കെയായി പഴയ പൂമുഖങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്ന ഒരു കാലമാണിത്. പൂമുഖ ചുവരുകൾ തടിയിൽ പാനൽ ചെയ്യുന്ന പ്രവണതയും വർദ്ധിച്ചുവരുന്നു. ഗൃഹത്തിലെ അന്തേവാസികൾക്ക് ഒത്തുകൂടുവാൻ ഒരിടം തയ്യാറായാൽ വ്യക്തി കേന്ദ്രീകൃതമായി പോകുന്ന ഇന്നത്തെ ലോകത്തിന്, ഒത്തുകൂടി ആശയങ്ങൾ പങ്കുവയ്ക്കുവാനും സഹകരണ മനോഭാവം ഉണ്ടാക്കുവാനും വ്യക്തിബന്ധങ്ങൾ ഉൗഷ്മളമാകുവാനും ഇത്തരം ഇടങ്ങൾ സഹായിക്കും എന്നത് നിശ്ചയമാണ്.