Tuesday 14 November 2023 02:48 PM IST

കല്ലഴകിൽ ഇന്റീരിയർ; ഊണുമേശയാണ് ഇന്റീരിയറിലെ ട്രെൻഡ് സെറ്റർ

Sunitha Nair

Sr. Subeditor, Vanitha veedu

Untitled

ഊണുമേശയും ഇപ്പോൾ ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്ന ഘടകമായി മാറി. അതുകൊണ്ടു തന്നെ ഊണുമേശയുടെ ഡിസൈനിലും മെറ്റീരിയലിലും ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നു. അത്തരത്തിൽ പുതിയ ഒരു ട്രെൻഡാണ് ഊണുമേശയുടെ മുകൾഭാഗം സ്റ്റോൺ കൊണ്ട് ഒരുക്കുന്നത്.

തടി, ഗ്ലാസ്സ്, തടിക്കു പകരമുള്ള പ്ലൈവുഡ് പോലെയുള്ള മെറ്റീരിയൽ തുടങ്ങിയവയാണ് പൊതുവേ ഡൈനിങ് ടേബിളിനു മുകളിൽ കണ്ടുവരുന്നത്. ആ ഗണത്തിലേക്കുള്ള പുതിയ അംഗമാണ് സ്റ്റോൺ കൊണ്ടുള്ള ടോപ്. ഗ്രാനൈറ്റ്, മാർബിൾ, ക്വാർട്സ്, കൊറിയൻ സ്റ്റോൺ എന്നിങ്ങനെ പ്രകൃതിദത്തവും കൃത്രിമവുമായ പലതരം സ്റ്റോൺ ആണ് ഇതിനായി ഉപയോഗിക്കുന്നത്. റെഡിമെയ്ഡ് ആയും ഇത്തരം മേശകൾ ലഭ്യമാണ്.

tab2

ഗുണങ്ങൾ

ഫ്ലോറിങ്, കിച്ചൻ കൗണ്ടർടോപ്, ഡൈനിങ്ങിലെ വാഷ്ഏരിയയുടെ ചുമര്/കൗണ്ടർടോപ് എന്നിവയോടൊക്കെ സാദ‍ൃശ്യമുള്ള ഡിസൈനിലുള്ള സ്റ്റോൺ ഉപയോഗിക്കുന്നത് പലപ്പോഴും ഇന്റീരിയറിന്റെ മോടി കൂട്ടാറുണ്ട്. വലിയ സ്ലാബ് ആയി ലഭിക്കുന്നതിനാൽ ജോയിന്റുകളില്ല എന്നതാണ് ഗുണം. പല നിറങ്ങളിൽ ലഭിക്കും. വൃത്തിയാക്കാൻ എളുപ്പമാണെന്നതും ഇതിനെ ജനപ്രിയമാക്കുന്നു.

ശ്രദ്ധിക്കാൻ

സ്റ്റോൺ ടോപ് ഉപയോഗിക്കുമ്പോൾ മേശയുടെ കാലുകൾ ഭാരം താങ്ങാൻ പാകത്തിന് ഉറപ്പുള്ളതാവാൻ ശ്രദ്ധിക്കണം. തടിയോ മെറ്റലോ ഉപയോഗിക്കാം. പക്ഷേ, തേക്ക്, വീട്ടി, മഹാഗണി പോലെ ബലമുള്ള തടി നൽകണം.

ta3

സ്റ്റോൺ ടോപ്പിന് കുറഞ്ഞത് അര ഇഞ്ചെങ്കിലും കനം വേണം. മുക്കാൽ ഇഞ്ചാണ് സുരക്ഷിതം. സ്റ്റോണിന്റെ അരിക് ചരിച്ച് ‘ഷാംഫർ’ ചെയ്ത് പോളിഷ് ചെയ്താൽ ഉള്ളിൽ കനമുണ്ടെങ്കിലും കാഴ്ചയ്ക്ക് തീരേ കനം കുറഞ്ഞതായി തോന്നും. അത് ഭംഗി കൂട്ടും.

വില കുറഞ്ഞ ഗ്രാനൈറ്റ് എടുത്താൽ മേശയ്ക്ക് ആവശ്യമുള്ള വീതി ലഭിക്കണമെന്നില്ല. അവയ്ക്ക് പൊതുവേ രണ്ട്Ðരണ്ടരയടി വീതിയേ ഉണ്ടാവൂ. അതിനാൽ നല്ല നിലവാരമുള്ള ഗ്രാനൈറ്റ് നോക്കിയെടുക്കണം.

കൊറിയൻ, ക്വാർട്സ് എന്നിവ എത്ര വലുപ്പത്തിലും ലഭിക്കും. ജോയിന്റ് ഇട്ട് മേശ പണിയാറില്ല. അങ്ങനെ ചെയ്താൽ കാഴ്ചയ്ക്ക് ഭംഗിയുണ്ടാവില്ല, വൃത്തിയാക്കാൻ പ്രയാസമാകും, സപ്പോർട്ട് കൃത്യമാകില്ല തുടങ്ങിയ പ്രശ്നങ്ങൾ ഉടലെടുക്കാം.

കൊറിയൻ സ്റ്റോൺ ഉപയോഗിക്കുമ്പോൾ നിലവാരമുള്ളത് തിരഞ്ഞെടുക്കണം. അല്ലെങ്കിൽ കറ പിടിക്കാൻ സാധ്യതയുണ്ട്. ക്വാർട്സ്, കൊറിയൻ സ്റ്റോൺ എന്നിവ ഉപയോഗിക്കുമ്പോൾ ചൂട് പാത്രങ്ങൾ നേരിട്ട് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചിലപ്പോൾ ചെറിയ നിറവ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. n

കടപ്പാട്:

ശ്രീജിത് മേനോൻ,

ശ്രീജിത് മേനോൻ ഡിസൈൻസ്, കൊച്ചി